ഴിഞ്ഞദിവസം നടന്ന ഉപതിരഞ്ഞടുപ്പിൽ മൂന്ന് സീറ്റും പിടിച്ചെടുത്ത് ബിജെപി.യെ കോൺഗ്രസ് ഞെട്ടിച്ച സംസ്ഥാനമാണ് രാജസ്ഥാൻ. അത്രയേറെ ഭരണവിരുദ്ധ വികാരം ബിജെപിക്കെതിരേ രാജസ്ഥാനിലുണ്ട്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം തിരിച്ചുപിടിക്കാൻ കോൺഗ്രസ്സിന് അത്രയേറെ സാധ്യതയും അവിടെയുണ്ട്. പറഞ്ഞിട്ടെന്താ കാര്യം, ഏതുനാട്ടിലായാലും കോൺഗ്രസ്സിനെ പിന്നോട്ടടിക്കുന്ന അധികാരത്തർക്കം രാജസ്ഥാനിലും അവർക്ക് വിലങ്ങുതടിയായി നിൽക്കുന്നു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് രാജസ്ഥാനിൽ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത് മൂന്ന് നേതാക്കളാണ്. സച്ചിൻ പൈലറ്റ്, അശോക് ഗെലോട്ട്, ജിതേന്ദ്ര സിങ് എന്നിവർ. ഇതിലാരെയെങ്കിലും മുന്നോട്ടുവച്ചാൽ മറ്റുരണ്ടുപേരും പിണങ്ങുമെന്ന പ്രതിസന്ധിയാണ് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിക്ക് മുന്നിലുള്ളത്. മുഖ്യമന്ത്രിയെ മുൻകൂട്ടി പ്രഖ്യാപിക്കാതെ, മൂവർക്കും പ്രതീക്ഷ നൽകി തിരഞ്ഞെടുപ്പിനുശേഷം സമവായ ചർച്ചകളാകാമെന്ന ഉപദേശമാണ് കോൺഗ്രസ് അധ്യക്ഷന് ലഭിച്ചിരിക്കുന്നത്.

പഞ്ചാബ് മോഡൽ പ്രചാരണമാകും രാജസ്ഥാനിലും കോൺഗ്രസ് നടത്തുക. പഞ്ചാബിൽ അമരേന്ദ്ര സിങ്ങിനായിരുന്നു പ്രാമുഖ്യം കൂടുതൽ. എന്നാൽ, പ്രചാരണത്തിൽ അല്പം പോലും നിറംമങ്ങാതെ നവ്‌ജ്യോത് സിങ് സിദ്ധുവുമുണ്ടായിരുന്നു. ഈ രീതിയിൽ സച്ചിൻ പൈലറ്റിനും ജിതേന്ദ്ര സിങ്ങിനും അശോക് ഗെലോട്ടിനും തുല്യ പ്രാധാന്യം നൽകിയുള്ള തിരഞ്ഞെടുപ്പ് തന്ത്രമാകും രാഹുൽ തയ്യാറാക്കുകയെന്ന് ഏറെക്കുറെ ഉറപ്പാണ്.

കൂട്ടത്തിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ളത് ഗെലോട്ടിനാണ്. മുന്നോക്കക്കാരനെന്നതും സംസ്ഥാനമാകെ തലയുയർത്തി നിൽക്കുന്ന വ്യക്തിത്വമാണെന്നതും നേതൃപാടവത്തിലും അദ്ദേഹം മറ്റുള്ളവരെ കവച്ചുവെക്കുന്നു. എന്നാൽ, പ്രാദേശികമായി സ്വാധീനമുള്ള നേതാക്കളാണ് പൈലറ്റും ജിതേന്ദ്ര സിങ്ങും. ഗെലോട്ടിന്റെ മുൻഭരണകാലയളവുകളിലുള്ള ജനവികാരം അദ്ദേഹത്തിന് എതിരായി ഇവർ ഉയർത്തിക്കാട്ടുകയും ചെയ്യുന്നുണ്ട്.

ജാതി-മത രാഷ്ട്രീയം അത്യന്തം തീവ്രമാണ് രാജസ്ഥാനിൽ. ഗുജ്ജറുകളും മീനകളും രജപുത്രന്മാരും ജാട്ടുകളും മുസ്ലീങ്ങളും ആധിപത്യം പുലർത്തുന്നു. ഈ കൂട്ടർക്കൊന്നും എതിർപ്പില്ലാത്ത മാലി വിഭാഗത്തിൽനിന്നാണ് ഗെലോട്ട് വരുന്നതെന്നത് അദ്ദേഹത്തിന് അനുഗുണമായ കാര്യമാണ്. എന്നാൽ, സച്ചിൻ പൈലറ്റ് വരുന്നത് ഗുജ്ജർ വിഭാഗത്തിൽനിന്നാണ്. ജിതേന്ദ്ര സിങ് രജപുത്രനും. പൈലറ്റിന്റെ ഗുജ്ജറുകളെ മീനകൾ അംഗീകരിക്കില്ലെങ്കിൽ, ജിതേന്ദ്രയുടെ രജപുത്രവിഭാഗത്തെ ജാട്ടുകളും അംഗീകരിക്കില്ല.

ജാതിസമവാക്യങ്ങൾ തെറ്റാതെ സ്ഥാനാർത്ഥി നിർണയം നടത്തുകയും ്പ്രചാരണത്തിന് ചുമതല വിഭജിച്ച് നൽകുകയും ചെയ്യുകയെന്ന ശ്രമകരമായ ദൗത്യവും രാഹുലിന്റെ മുന്നിലുണ്ട്. ഓരോ പ്രദേശത്തും അതിനനുയോജ്യനായ നേതാവിനെ വേണം നിയോഗിക്കാൻ. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് ശക്തമായ താക്കീത് നൽകാൻ പറ്റിയ അവസരമെന്ന നിലയ്ക്ക് രാജസ്ഥാൻ തിരഞ്ഞെടുപ്പിനെ എന്തുവിലകൊടുത്തും അനുകൂലമാക്കാനാകും കോൺഗ്രസ് അധ്യക്ഷൻ ശ്രമിക്കുകയെന്ന് ഉറപ്പാണ്.