ജയ്പൂർ: രാജ്യം മുഴുവൻ പിടിച്ചെടുക്കാൻ അമിത് ഷായുടെ നേതൃത്വത്തിൽ ബിജെപി വൻ പടയൊരുക്കം നടത്തുമ്പോൾ സ്വന്തം തട്ടകത്തിൽ ബിജെപി തോൽവിയുടെ രുചി അറിഞ്ഞു. ഇത്തവണ ആം ആദ്മി പാർട്ടി തകർപ്പൻ വിജയമാണ് രാജസ്ഥാൻ യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പിൽ കാഴ്‌ച്ചവെച്ചത്. എബിവിപിയെ തൂത്തെറിഞ്ഞ ആംആദ്മിയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ ഛത്ര യുവ സംഘർഷ് സമിതി (സിവൈഎസ്എസ്) 83ൽ 46 സീറ്റുകളും സ്വന്തമാക്കി.

കുമാർ ബിശ്വാസിന്റെ നേതൃത്വത്തിൽ ആം ആദ്മിക്ക് വേണ്ടി ശക്തമായ പ്രചരണമാണ് രാജസ്ഥാനിൽ നടക്കുന്നത്. ഇതോടെ അമിത് ഷായുടെ തന്ത്രങ്ങളെ വെട്ടി കുമാർ ബിശ്വാസിന്റെ രാഷ്ട്രീയ നിരീക്ഷണം രാജസ്ഥാനിൽ വേരിറങ്ങി എന്നാണ് ആം ആദ്മിയുടെ സർവ്വകലാശാല തിരഞ്ഞെടുപ്പ് വിജയത്തിലൂടെ കരുതപ്പെടുന്നത്. വിജയം പാർട്ടിയുടെ രാജസ്ഥാന്റെ ചുമതലയുള്ള കുമാർ ബിശ്വാസിനും സി.വൈ.എസ്സ്.എസ്സിന്റെ പ്രവർത്തകർക്കും സമർപ്പിക്കുന്നതായി ആം ആദ്മി സംസ്ഥാന നേതൃത്വം അറിയിച്ചു.
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ 70 ശതമാനത്തിലേറെ സീറ്റുകളിൽ ആം ആദ്മിയുടെ സി.വൈ.എസ്സ്.എസ്സ് മത്സരിച്ചിരുന്നു. ഇതിൽ 46ഉം സ്വന്തമാക്കാനും ആം ആദ്മിയുടെ കുട്ടി സഖാക്കൾക്ക് കഴിഞ്ഞു. രണ്ട് യൂണിവേഴ്‌സിറ്റികൾ ഉൾപ്പെടെ അഞ്ച് ഡിവിഷനുകളിലാണ് ആം ആദ്മി വിജയം കണ്ടത്.

രാജസ്ഥാൻ സംസ്ഥാനനേതൃത്വത്തിന്റെ ചുമതല നാല് മാസം മുൻപാണ് കുമാർ വിശ്വാസ് ഏറ്റെടുത്തത്. ഇത്രയും വലിയ വിജയം തങ്ങൾ പ്രതീക്ഷിച്ചതല്ലെന്നും വിജയം തരുന്ന ആത്മവിശ്വാസം വളരെ വലുതാണെന്നും കുമാർ വിശ്വാസ് പ്രതികരിച്ചു.