- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീധന തുകയായ 75 ലക്ഷം പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മിക്കാൻ നൽകണമെന്ന് വധു; മകളുടെ ആഗ്രഹപ്രകാരം പണം സംഭാവന നൽകി പിതാവ്; ബാർമർ നഗരത്തിലെ കിഷോർസിംഗിനും മകൾ അഞ്ജലിക്കും കയ്യടിച്ച് സാമൂഹ്യ മാധ്യമങ്ങൾ
ജയ്പൂർ: സ്ത്രീധനം നൽകാനായി നീക്കിവെച്ച പണം പെൺകുട്ടികൾക്ക് ഹോസ്റ്റൽ പണിയുന്നതിന് ചെലവഴിക്കണമെന്ന് അച്ഛനോട് ആവശ്യപ്പെട്ട് വധു. മകളുടെ ആഗ്രഹം നിറവേറ്റി ആ പിതാവ്. ബാർമർ നഗരത്തിലെ കിഷോർസിങ് കാനോദിന്റെ മകൾ അഞ്ജലി കൻവറാണ് അഭിനന്ദനീയമായ ഈ തീരുമാനം പിതാവിനെ അറിയിച്ചതും നടപ്പിലാക്കിയതും.
നവംബർ 21നാണ് അജ്ഞലി പ്രവീൺ സിംഗിനെ വിവാഹം കഴിച്ചത്. വിവാഹത്തിന് മുമ്പ് തന്നെ അഞ്ജലി തന്റെ തീരുമാനം പിതാവിനെ അറിയിക്കുകയായിരുന്നു. തനിക്ക് സ്ത്രീധനമായി നീക്കിവെച്ചിരിക്കുന്ന പണം പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മാണത്തിനായി നൽകണമെന്നായിരുന്നു ആവശ്യം.
മകളുടെ ആഗ്രഹമനുസരിച്ച് കിഷോർ കുമാർ കാനോദ് പ്രവർത്തിക്കുകയും സ്ത്രീധനം നൽകാനായി മാറ്റിവെച്ചിരുന്ന75 ലക്ഷം രൂപ ഹോസ്റ്റൽ നിർമ്മിക്കാൻ നൽകുകയും ചെയ്തു. ഇതിനെക്കുറിച്ചുള്ള പത്രവാർത്ത ബാർമറിലെ ത്രിഭുവൻ സിങ് റാത്തോഡ് എന്നയാൾ ട്വിറ്ററിൽ പങ്കുവെച്ചതോടെ സാമൂഹ്യ മാധ്യമങ്ങളിൽ ആ അച്ഛനെയും മകളെയും അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന അഞ്ജലിയുടെ ഈ തീരുമാനത്തെ സമൂഹമാധ്യമങ്ങൾ കയ്യടികളോടെയാണ് സ്വീകരിച്ചിരിക്കുന്നത്.
#positivenews #barmer #girleducation pic.twitter.com/UPl9BqXKfE
- Tribhuwan Singh Rathore ???????? (@FortBarmer) November 24, 2021
കല്യാണച്ചടങ്ങുകൾക്ക് ശേഷം സദസ്സ് നോക്കിനിൽക്കേ അച്ഛന് എഴുതിയ കത്ത് പൂജാരി ഉറക്കെ വായിക്കുകയായിരുന്നു. മകളുടെ ആഗ്രഹം കേട്ട് അതിഥികൾ കരഘോഷം മുഴക്കി അഭിനന്ദിച്ചു. ഇഷ്ടമുള്ള പണം എഴുതിയെടുത്തോള്ളാൻ പറഞ്ഞ് മകൾക്ക് അച്ഛൻ ബ്ലാങ്ക്് ചെക്ക് നൽകി.
അഞ്ജലിയുടെ പുരോഗമനപരമായ ഈ തീരുമാനത്തിന് സോഷ്യൽ മീഡിയയിൽ നിരവധി പേരിൽ നിന്നും അഭിനന്ദനങ്ങൾ ലഭിച്ചു, പ്രത്യേകിച്ചും പെൺകുട്ടികൾക്ക് വേണ്ടി ഇത്തരമൊരു ഹോസ്റ്റൽ സൗകര്യം ഒരുക്കാനായുള്ള നിസ്വാർത്ഥ പ്രവൃത്തിയെ പ്രശംസിച്ചു കൊണ്ട് പലരും കമന്റുകൾ രേഖപ്പെടുത്തി. ധീരമായ പ്രവർത്തിയാണ് ഇതെന്ന് പെൺകുട്ടികൾ തന്നെ ഇതുപോലെ മികച്ച തീരുമാനങ്ങൾ എടുത്ത് മുന്നോട്ട് വരണമെന്നും സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ പറഞ്ഞു.
പ്രവീൺ സിംഗുമായുള്ള വിവാഹം നടന്നയുടനെ അഞ്ജലി താരതാര മഠത്തിന്റെ ഇപ്പോഴത്തെ മേധാവി മഹന്ത് പ്രതാപ് പുരിയോട് സംസാരിക്കുകയും പെൺകുട്ടികൾക്ക് ഹോസ്റ്റൽ നിർമ്മിക്കാൻ തന്റെ സ്ത്രീധന തുക ചെലവഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തു.
താരതാര മഠത്തിന്റെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പുരോഗമന ആശയങ്ങളെ പ്രശംസിച്ച കൊണ്ട് തന്റെ ഭാഗത്തു നിന്നുള്ള വിഹിതമായി സ്ത്രീധന തുക നൽകുന്നുവെന്നും അറിയിച്ചുകൊണ്ടുള്ള ഒരു കത്തും അഞ്ജലി കൈമാറി. വിവാഹത്തിനെത്തിയ എല്ലാ അതിഥികൾക്കും ഈ കത്തിന്റെ പകർപ്പ് വായിക്കാൻ നൽകുകയും ചെയ്തു.
അഞ്ജലിയുടെ പിതാവ് കിഷോർ സിങ് കാനോദ് മുൻപ് പെൺകുട്ടികളുടെ ഹോസ്റ്റൽ നിർമ്മിക്കാൻ ഒരു കോടി രൂപ നൽകിയിരുന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ കെട്ടിടത്തിന്റെ ജോലി പൂർത്തിയാക്കാൻ 75 ലക്ഷം രൂപ ആവശ്യമായി വന്നിരുന്നു. ഇത് മനസിലാക്കിയ അഞ്ജലി തന്റെ വിവാഹത്തിന് സ്ത്രീധനമായി നല്കാൻ കരുതിവെച്ച തുക കെട്ടിട നിർമ്മാണത്തിനായി നല്കാൻ തീരുമാനിക്കുകയായിരുന്നു.
ഹോസ്റ്റൽ കെട്ടിടം പൂർത്തിയാക്കാൻ ആവശ്യമായ തുക നല്കാൻ ആവശ്യപ്പെട്ടപ്പോൾ അഞ്ജലിയുടെ പിതാവ് ഒരു ബ്ലാങ്ക് ചെക്ക് നൽകിയതായാണ് റിപ്പോർട്ടുകൾ. ആവശ്യമായ തുക എഴുതി അഞ്ജലി ആ ചെക്ക് ഹോസ്റ്റൽ അധികൃതർക്ക് കൈമാറി.
താരതാര മഠത്തിന്റെ ഇപ്പോഴത്തെ തലവനായ മഹന്ത് പ്രതാപ് പുരി അഞ്ജലിയുടെ പ്രവർത്തിയെ അഭിനന്ദിച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് പ്രതിപാദിച്ചതും സമൂഹപുരോഗതിക്കായി പണം മാറ്റിവെച്ചതും പ്രചോദനാത്മകമായ പ്രവർത്തനമാണെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂസ് ഡെസ്ക്