ന്യൂഡൽഹി: കോൺഗ്രസ്മുക്ത ഭാരതം എന്ന മുദ്രാവാക്യവുമായി മുന്നേറുന്ന ബിജെപിയെ തടയിടാൻ രാഹുൽ ഗാന്ധിക്ക് ലഭിച്ച ഏറ്റവും നല്ല അവസരമാണ് ഇപ്പോൾ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ. കോൺഗ്രസും ബിജെപിയും നേർക്കുനേർ പോരാട്ടുന്ന മൂന്ന് സംസ്ഥാനങ്ങളിൽ രണ്ടിടത്തും വിജയപ്രതീക്ഷയിലാണ് കോൺഗ്രസ്. രാജസ്ഥാനിൽ ഏതാണ്ട് വിജയം ഉറപ്പിച്ച കോൺഗ്രസിന് പ്രതീക്ഷ നൽകുന്നതാണ് പുറത്തുവന്ന സർവേ ഫലങ്ങൾ. രാജസ്ഥാനിൽ കോൺഗ്രസ് ജയിക്കുമെന്നു സി ഫോർ സർവേ ഫലം. 200 അംഗ രാജസ്ഥാൻ നിയമസഭയിൽ 124-138 സീറ്റുകൾ കോൺഗ്രസ് നേടുമെന്നാണു പ്രവചനം. കോൺഗ്രസിന് 50 ശതമാനവും ബിജെപിക്കു 43 ശതമാനവും വോട്ടു ലഭിക്കുമെന്നും സർവേ വിലയിരുത്തുന്നു.

മുഖ്യമന്ത്രി സ്ഥാനത്തേക്കു കൂടുതൽ പേർ പിന്തുണച്ചതു പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റിനെയാണ്. പൈലറ്റ്, കോൺഗ്രസ് മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ബിജെപി മുഖ്യമന്ത്രി വസുന്ധര രാജെ എന്നിവരാണ് ആദ്യ 3 സ്ഥാനങ്ങളിൽ. ഇവർക്കു യഥാക്രമം 32, 27, 23 ശതമാനം വീതം വോട്ടുകൾ ലഭിച്ചു. 5788 പേരാണു സർവേയിൽ പങ്കെടുത്തത്.

ഛത്തീസ്‌ഗഢിലും മധ്യപ്രദേശിലും കോൺഗ്രസിനു മുൻതൂക്കമുണ്ടാകുമെന്നും അഭിപ്രായസർവേ വ്യക്തമാക്കുന്നു. എ.ബി.പി. ന്യൂസ്-സി വോട്ടർ പ്രവചനത്തിൽ 200 അംഗ നിയമസഭയിൽ കോൺഗ്രസ് 142 സീറ്റും സി-ഫോറെ സർവേയിൽ 124-നും 138-നും ഇടയിൽ സീറ്റും നേടുമെന്ന് പറയുന്നു. 15 വർഷമായി ബിജെപി. ഭരിക്കുന്ന മധ്യപ്രദേശിലും ഛത്തീസ്‌ഗഢിലും കോൺഗ്രസ് മേൽക്കൈ നേടുമെന്ന് എ.ബി.പി. ന്യൂസ്-സി വോട്ടർ സർവേ പറയുന്നു. 230 അംഗ മധ്യപ്രദേശ് നിയമസഭയിൽ കോൺഗ്രസ് 122 സീറ്റു നേടും. ഛത്തീസ്‌ഗഢിൽ 45 സീറ്റിലും വിജയിക്കും. ഛത്തീസ്‌ഗഢിൽ ആകെ 90 സീറ്റാണുള്ളത്. മധ്യപ്രദേശിൽ ബിജെപി. 108 സീറ്റും ഛത്തീസ്‌ഗഢിൽ 40 സീറ്റും സ്വന്തമാക്കുമെന്നാണ് സർവേ.

കർണാടക മോഡലിൽ രണ്ട് പ്ലാനുകളുമായാണ് സമരത്തിലേക്ക് നീങ്ങുന്നത്. ഇപ്പോൾ മുഖം തിരിച്ചിരിക്കുന്ന ബിഎസ്‌പിയെ തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യങ്ങൾ കണ്ട് കൂടെ കൂട്ടാം എന്നാണ് വിലയിരുത്തൽ. അതസമയം ഈസി വാക്കോവർ ആകില്ലെന്ന കാര്യത്തിലും കോൺഗ്രസിന് ഉറപ്പുണ്ട്. അതുകൊണ്ട് തന്നെ കോൺഗ്രസും ശക്തമായ നിലപാടിലേക്ക് നീങ്ങാൻ ഒരുങ്ങുകയാണ്. ഉറച്ച കോട്ടകൾ കാക്കാൻ ബിജെപി കച്ചമുറുക്കുമ്പോൾ, 15 വർഷം അധികാരം കൈവിട്ട സംസ്ഥാനങ്ങൾ തിരിച്ചുപിടിക്കാനുള്ള അഭിമാനപ്പോരാട്ടമാണ് കോൺഗ്രസിന് ഇത്. 2003 മുതൽ ഭരണം നഷ്ടമായ സംസ്ഥാനങ്ങൾ ഇത്തവണ എന്തു വിലകൊടുത്തും തിരിച്ചുപിടിക്കണമെന്ന സന്ദേശമാണു പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി സംസ്ഥാന നേതൃത്വത്തിനു നൽകിയിരിക്കുന്നത്.

കോൺഗ്രസിനു നേരിയ മുൻതൂക്കമുണ്ടെന്ന സർവേ ഫലം ബിജെപിയെ പരിഭ്രാന്തരാക്കുന്നില്ല; മറിച്ച് വരും ദിവസങ്ങളിൽ തീപ്പൊരി പ്രചാരണത്തിന് അത് അവർ ഇന്ധനമാക്കും. കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരിക മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലുമാണെന്നു കോൺഗ്രസ് കണക്കുകൂട്ടുന്നു. രാജസ്ഥാനിൽ അനുകൂല അന്തരീഷം പ്രകടമാണ്. മറ്റു രണ്ടിടത്തും ബിജെപിയുടെ അടിത്തറ ശക്തമാണ്. മധ്യപ്രദേശിൽ വിജയിക്കാനായാൽ നരേന്ദ്ര മോദിക്കെതിരെ ശക്തി തെളിയിച്ച ദേശീയനേതാവായി രാഹുൽഗാന്ധിയെ പ്രതിഷ്ഠിക്കാനാകുമെന്നും പാർട്ടി കണക്കുകൂട്ടുന്നു. കർഷകരുടെയും യുവാക്കളുടെയും വോട്ടുകളിലേക്കാണു കോൺഗ്രസ് കണ്ണെറിയുന്നത്.

ഇരു സംസ്ഥാനങ്ങളിലും ആർഎസ്എസിന്റെ വ്യാപക ശൃംഖലയും പാർട്ടി അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ ചിട്ടയോടെയുള്ള പ്രചാരണവുമാണ് ബിജെപിയുടെ കരുത്ത്. കഴിഞ്ഞ ദിവസം മധ്യപ്രദേശിൽ പ്രചാരണത്തിനു തുടക്കമിട്ട അമിത് ഷാ, പ്രസംഗത്തിലുടനീളം രാജ്യസ്‌നേഹം, അഴിമതി എന്നീ വിഷയങ്ങളിൽ രാഹുലിനെ കടന്നാക്രമിച്ചതു വരാനിരിക്കുന്ന തീപ്പൊരി പോരാട്ടത്തിന്റെ സൂചനയാണ്. ഭരണവിരുദ്ധവികാരമുണ്ടെങ്കിലും ബിജെപി മുഖ്യമന്ത്രിമാരായ ശിവരാജ് സിങ് ചൗഹാൻ (മധ്യപ്രദേശ്), രമൺ സിങ് (ഛത്തീസ്‌ഗഡ്) എന്നിവരുടെ പ്രതിച്ഛായയ്ക്കു കാര്യമായ മങ്ങലേറ്റിട്ടില്ല.

അതേസമയം സഖ്യത്തിന് പുറത്തുള്ള മായാവതിയിയിൽ ഏല്ലാവരും കണ്ുവെക്കുന്നുണ്ട്. ഭൂരിപക്ഷമില്ലാത്ത സാഹചര്യം വന്നാൽ, മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും മായാവതി തങ്ങൾക്കൊപ്പം നിൽക്കുമെന്ന വിശ്വാസത്തിലാണു കോൺഗ്രസ്. അതുകൊണ്ടു തന്നെ, ബിഎസ്‌പി തിരഞ്ഞെടുപ്പു സഖ്യം കൈവിട്ടതിൽ പാർട്ടിക്കു കാര്യമായ ആശങ്കയില്ല. കോൺഗ്രസിനു കടുപിടിത്തമാണെന്നാണു മായാവതിയുടെ പരാതി. കോൺഗ്രസ് ഹൃദയവിശാലത കാട്ടണമെന്ന് അഖിലേഷും. ഇതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ ഐക്യം പുനഃസ്ഥാപിക്കാനുള്ള 'പ്ലാൻ ബി'യുമായി കോൺഗ്രസ് രംഗത്തിറങ്ങി.

പ്രതിപക്ഷത്തെ നീരസങ്ങൾ മാറ്റാൻ സംസ്ഥാന നേതാക്കൾ നടത്തുന്ന ആദ്യഘട്ട ശ്രമങ്ങൾ ഫലം കണ്ടില്ലെങ്കിൽ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർ മുന്നിട്ടിറങ്ങും. പ്രതിപക്ഷത്തെ മുഖ്യകക്ഷി എന്ന കടുംപിടിത്തം മാറ്റിവച്ചാവും അനുരഞ്ജന ചർച്ച. ബിജെപിയെ തോൽപിക്കാൻ ഉത്തർപ്രദേശിൽ എന്തു വിട്ടുവീഴ്ചയ്ക്കും തയാറാണെന്നു കോൺഗ്രസ് നിലപാടെടുക്കും. മായാവതിയുമായി സോണിയയ്ക്കുള്ള ഊഷ്മള ബന്ധം പ്രശ്‌നപരിഹാരത്തിനു വഴിയൊരുക്കുമെന്നു പാർട്ടി കരുതുന്നു. യുപിയിൽ ഭിന്നിച്ചു നിൽക്കുന്നത് ആത്മഹത്യാപരമാണെന്ന യാഥാർഥ്യം നന്നായി അറിയാവുന്ന മായാവതി സോണിയയുടെ ക്ഷണം നിരസിക്കില്ല.

യുപിക്കു പുറത്തു മേൽവിലാസമുണ്ടാക്കാൻ ശ്രമിക്കുന്ന മായാവതി, മറ്റു സംസ്ഥാനങ്ങളിൽ നിയമസഭാ ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ കൂടുതൽ സീറ്റു ലഭിക്കാനുള്ള സമ്മർദതന്ത്രം പ്രയോഗിക്കുന്നുണ്ട്. പ്രതിപക്ഷനിരയിലെ യുവനേതാക്കളായ അഖിലേഷ് യാദവ് (എസ്‌പി), തേജസ്വി യാദവ് (ആർജെഡി), ജയന്ത് ചൗധരി (ആർഎൽഡി) എന്നിവരുമായി രാഹുലിനുള്ള സൗഹൃദം ഐക്യശ്രമങ്ങൾക്കു കരുത്താകും. കോൺഗ്രസും എസ്‌പിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ തേജസ്വി മധ്യസ്ഥന്റെ വേഷത്തിൽ രംഗത്തുണ്ട്.

സംസ്ഥാന സഖ്യം സംബന്ധിച്ചു ബിഎസ്‌പി സ്വീകരിച്ച നിലപാടിനെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തേണ്ട. സംസ്ഥാനതലത്തിലെ സംഭവങ്ങൾ ലോക്‌സഭയിലേക്കുള്ള പ്രതിപക്ഷ ഐക്യത്തെ ഒരുതരത്തിലും ബാധിക്കില്ല പവൻ ഖേര (കോൺഗ്രസ് വക്താവ്) പ്രതിപക്ഷത്തെ ചെറുകക്ഷികളെ ഉൾക്കൊള്ളാൻ കോൺഗ്രസ് കൂടുതൽ ഹൃദയവിശാലത കാട്ടണം. അതുപോലെ ചെറുകക്ഷികളും വിട്ടുവീഴ്ചകൾക്കു തയാറാവണം. ജയന്ത് ചൗധരി (ആർഎൽഡി ഉപാധ്യക്ഷൻ).