ജയ്പൂർ: ഭാര്യയെ ഗർഭവതിയാക്കാൻ തടവുപുള്ളിയായ ഭർത്താവിന് പരോൾ അനുവദിച്ച് രാജസ്ഥാൻ ഹൈക്കോടതി. ഗർഭധാരണ അവകാശം ചൂണ്ടിക്കാട്ടി ഭാര്യ സമർപ്പിച്ച പരാതിയിൽ 34-വയസ്സുകാരനായ നന്ദലാലിനാണ് പരോൾ ലഭിച്ചത്. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഭർത്താവിനാണ് കോടതി പരോൾ അനുവദിച്ചത്. ജഡ്ജിമാരായ സന്ദീപ് മെഹ്ത്ത, ഫർജാന്ദ് അലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് 15 ദിവസത്തെ പരോൾ നൽകിയത്.

'നന്ദലാലിന്റെ ഭാര്യ ഒരു നിരപരാധിയാണ്. ഭർത്താവ് ജയിലായതിന് ശേഷം അവരുടെ വൈകാരികവും ശാരീരികവുമായ ആവശ്യങ്ങൾ പലതും നിറവേറുന്നില്ല. തടവുകാരന്റെ പത്‌നിക്കും പ്രസവിക്കാനും ഗർഭം ധരിക്കാനുമുള്ള അവകാശം നിഷേധിക്കാനാവില്ല. നന്ദലാലിന്റെ ഭാര്യ ചൂണ്ടിക്കാട്ടിയ വാദങ്ങളോട് കോടതിക്ക് എതിർക്കാൻ കാരണങ്ങളൊന്നുമില്ല'-ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കി. രാജസ്ഥാൻ ഹൈക്കോടതിയാണ് 15 ദിവസത്തെ പരോൾ അനുവദിച്ചത്.

ഭരണഘടനയുടെ ഇരുപത്തിയൊന്നാം വകുപ്പിൽ വിശദമാക്കുന്ന ജീവിക്കാനുള്ള അവകാശത്തിൽ ഗർഭധാരണത്തിനുള്ള അവകാശവും ഉൾപ്പെടുന്നതായി കോടതി ചൂണ്ടിക്കാട്ടി. കോടതി ചരിത്രത്തിൽ അപൂർവമായ കേസായതിനാൽ ജനശ്രദ്ധ ഏറെയായിരുന്നു. 'ഏത് പക്ഷത്തു നിന്ന് ചിന്തിച്ചാലും സന്താനോൽപ്പാദനത്തിനുള്ള അവകാശം തടവുകാരനും അനുവദനീയമാണ്. ജാമ്യം നൽകുന്നതിന് കേസിലെ സാഹചര്യവും സവിശേഷതകളും പരിശോധിക്കുകയും വേണം- 'കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.

2019 ൽ രാജസ്ഥാനിലെ ഭിൽവാര കോടതി വിധിച്ച ജീവപര്യന്ത ശിക്ഷയുടെ കാലാവധി പൂർത്തിയാക്കുകയാണ് നന്ദലാൽ. നിലവിൽ അജ്മീർ സെൻട്രൽ ജയിലിലാണ് നന്ദലാലിനെ തടവിൽ പാർപ്പിച്ചിരിക്കുന്നത്. 2021ൽ നന്ദലാലിന് 20 ദിവസം പരോൾ ലഭിച്ചിരുന്നു. ജയിലിൽ നന്ദലാലിന്റെ പെരുമാറ്റം മാതൃകാപരമാണെന്നും കോടതി കൂട്ടിച്ചേർത്തു.

ശിക്ഷിക്കപ്പെടുന്നതിന് തൊട്ടുമുമ്പാണ് ഇയാൾ വിവാഹിതനായത്. ജയിലിൽ നന്ദലാലിന്റെ പെരുമാറ്റം മാതൃകാപരമാണെന്നാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പരോളിൽ ഒരു കുഞ്ഞ് ജനിക്കുന്നതിന് വ്യക്തമായ നിയമങ്ങളൊന്നുമില്ലെന്നും എന്നാൽ വംശാവലി സംരക്ഷിക്കുന്നതിനായി അടുത്ത തലമുറയുണ്ടാകുന്നത് മതപരവും സാംസ്‌കാരികപരവുമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

ഭർത്താവിൽ നിന്ന് ഒരു കുഞ്ഞിനെ പ്രസവിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ആദ്യം കളക്ടറെയാണ് സമീപിച്ചത്. എന്നാൽ ഈ പരാതിയിൽ തീരുമാനമെടുക്കാതിരുന്നതോടെ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.