ജയ്പൂർ: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ട് മധ്യപ്രദേശ നിയമസഭാ ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള ഇന്ന് നടന്ന വിവിധ ഇലക്ഷനുകളിൽ തോറ്റ് നിൽക്കുന്ന കോൺഗ്രസിന് രാജസ്ഥാനിൽനിന്ന് ഒരു ആശ്വാസവാർത്ത. രാജസ്ഥാനിൽ ആറു നഗരസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ നാലിടത്തു കോൺഗ്രസ് സ്ഥാനാർത്ഥികൾ മേയർ ആയി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടിടങ്ങളിൽ ബിജെപി വിജയം നേടി. ജയ്പുർ ഹെരിറ്റേജ്, ജോധ്പുർ നോർത്ത്, കോട്ട നോർത്ത്, കോട്ട സൗത്ത് എന്നിവിടങ്ങളിൽ കോൺഗ്രസ് ഭരണം പിടിച്ചപ്പോൾ ജയ്പുർ ഗ്രേറ്ററിലും ജോധ്പുർ സൗത്തിലും ബിജെപിക്കാണു മേയർ സ്ഥാനം.

ജയ്പുർ, ജോധ്പുർ, കോട്ട നഗരസഭകളെ രണ്ടായി തിരിക്കുകയും വാർഡ് പുനഃവിഭജനം ചെയ്യുകയും ചെയ്തതോടെയാണു കോൺഗ്രസിന് തിരഞ്ഞെടുപ്പിൽ നേട്ടം കൈവരിക്കാനായത്. മൂന്നിടങ്ങളും കാലങ്ങളായി ബിജെപി കുത്തകയാക്കിയിരുന്നതാണ്. ജോധ്പുർ നോർത്തിലും കോട്ട നോർത്തിലും ഭൂരിപക്ഷമുറപ്പിച്ച കോൺഗ്രസ് ജയ്പുർ ഹെറിറ്റേജിൽ സ്വതന്ത്രരുടെ പിന്തുണയോടെയാണു ഭരണം പിടിച്ചത്.ബിജെപിയും കോൺഗ്രസും തുല്യ സീറ്റുകൾ നേടിയ കോട്ട സൗത്തിൽ കോൺഗ്രസ് മേയർ സ്ഥാനം പിടിച്ചെടുത്തതു ബിജെപിക്കു തിരിച്ചടിയായി. ലോക്സഭ സ്പീക്കർ ഓം ബിർളയുടെ ഗ്രൂപ്പും മുന്മുഖ്യമന്ത്രി വസുന്ധര രാജെയുടെ ഗ്രൂപ്പും തമ്മിലുള്ള ചേരിപ്പോരുകൾ കൂടുതൽ സ്വതന്ത്രരെ കൈക്കലാക്കാൻ കോൺഗ്രസിനു സഹായകമായി.