കോട്ടയം: മക്കളെ വിട്ടുതരണമെന്ന വഴിയോരക്കച്ചവടക്കാരായ രാജസ്ഥാൻ സ്വദേശികളുടെ ആവശ്യത്തിൽ നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകും.. രേഖകൾ ഹാജരാക്കിയാൽ മാത്രമേ കുട്ടിയെ വിട്ടു കൊടുക്കൂ. നിയമനടപടി പൂർത്തിയാക്കാതെ കുട്ടികളെ വിട്ടുകൊടുക്കാനാകില്ലെന്ന നിലപാടിലാണ് ശിശുക്ഷേമസമിതി. കുമരകത്തുനിന്ന് ജില്ലാ ശിശുക്ഷേമസമിതി ഏറ്റെടുത്ത രണ്ട് ആൺകുട്ടികളെ വിട്ടുകിട്ടാനാണ് മാതാപിതാക്കൾ പ്രതിഷേധിക്കുന്നത്.

രാജസ്ഥാനിലെ അജ്മീർ, ഭിൽവാര ജില്ലകളിൽനിന്ന് ലോറിയിൽ മൺപാത്രം വിൽക്കാനായി ഇല്ലിക്കൽ എത്തിയതാണ് മൂന്ന് കുടുംബങ്ങൾ. കുഞ്ഞുങ്ങൾ മൺപാത്രം തലയിൽ ചുമന്ന് വിൽക്കുന്നെന്ന് പരാതി പൊലീസിന് മുന്നിലെത്തിയതാണ് പ്രശ്‌നമായത്. ഇതോടെ ബാല വേലയ്ക്ക് കേസെടുത്തു. സംഘത്തിലെ രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്തു. ലോറിയും കസ്റ്റഡിയിലെടുത്തു.

ശിശുസംരക്ഷണസമിതി ഇടപെട്ട് സംഘത്തിലെ പത്തും പതിനൊന്നും വയസ്സുള്ള രണ്ട് ആൺകുട്ടികളെ സംരക്ഷണകേന്ദ്രത്തിലേക്ക് അയച്ചു. എട്ടു മാസം പ്രായമുള്ള കുഞ്ഞിനെയും സ്ത്രീയെയും മഹിളാമന്ദിരത്തിലേക്ക് മാറ്റി. ഇവിടെ നിന്നാണ് പ്രശ്‌നം തുടങ്ങുന്നത്. ജാമ്യത്തിൽ ഇറങ്ങിയവർ നടത്തിയ ഇടപെടലിന് ഒടുവിൽ ബുധനാഴ്ച അമ്മയെയും കുഞ്ഞിനെയും ശിശുക്ഷേമസമിതി വിട്ടുകൊടുത്തു. ആൺകുട്ടികളെ വിട്ടുതരണമെന്നാവശ്യപ്പെട്ട് മജിസ്ട്രേറ്റ് കോടതിയെ അവർ സമീപിച്ചു. പരിശോധിച്ച് നടപടിയെടുക്കാനായിരുന്നു കോടതി നിർദ്ദേശം.

ഈ ഉത്തരവുമായാണ് മൂന്ന് കുടുംബം കളക്ടറേറ്റ് വളപ്പിൽ തങ്ങുന്നത്. പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന സംഘം ചൊവ്വാഴ്ച രാത്രി കളക്ടറേറ്റ് വളപ്പിൽത്തന്നെയാണ് കിടന്നത്. പത്താം തീയതിയാണ് പ്രശ്‌നം തുടങ്ങുന്നത്. അതായത് ഒരാഴ്ചയായി ഈ കുടുംബം പ്രതിസന്ധിയിലാണ്. കിടന്നുറങ്ങിയ ലോറിയും പൊലീസ് കസ്റ്റഡിയിലായി. ഈ ലോറിയിലാണ് അവർ രാജസ്ഥാനിൽ നിന്നെത്തിയത്.

തങ്ങളുടെ ആധാർകാർഡ് കാണിച്ചിട്ടും കുട്ടികളെ വിട്ടുകിട്ടിയില്ല. ലോറിയിലാണ് കിടന്നുറങ്ങിയിരുന്നത്. അത് കസ്റ്റഡിയിലെടുത്തതോടെ കിടക്കാൻ ഇടമില്ലാതായി. സാധനങ്ങളെല്ലാം വാഹനത്തിലാണ്. രേഖകളുമായി ബന്ധുക്കൾ എത്തണമെങ്കിൽ ഇനിയും നാലുദിവസമെങ്കിലും വേണം. കുട്ടികളെ കിട്ടാതെയും കിടക്കാൻ ഇടമില്ലാതെയും ഞങ്ങൾ എവിടെപ്പോകും...? കുഞ്ഞുങ്ങളെ ഉടൻ വിട്ടുതരണം-ഇതാണ് രാജസ്ഥാനികളുടെ ആവശ്യം.

നിയമപരമായ തടസ്സങ്ങൾ മൂലമാണ് കുട്ടികളെ ശിശുക്ഷേമ സമിതി വിട്ടുകൊടുക്കാത്തത്. കുട്ടികളുടെ മാതാപിതാക്കളെന്ന് തെളിയിക്കുന്ന രേഖകൾ ഇവരുടെ കൈയിലില്ല. കുട്ടികളെ വിട്ടുകൊടുക്കണമെന്ന് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിട്ടില്ല. ഇവരുടെ പരാതി പരിഗണിക്കണമെന്ന് കുമരകം പൊലീസിന് നൽകിയ നിർദേശത്തിന്റെ പകർപ്പാണ് കിട്ടിയത്.

പൊലീസ് കേസെടുത്ത സാഹചര്യത്തിൽ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്താതെ കുട്ടികളെ വിട്ടുനൽകുന്നത് സുരക്ഷിതമല്ല. അജ്മീർ, ഭിൽവാരാ ജില്ലകളിലെ ശിശുസംരക്ഷണസമിതിയുമായും ജില്ലാ കളക്ടർമാരുമായും ബന്ധപ്പെട്ടിട്ടുണ്ട്. ഈ രേഖകളിലുള്ള രാജസ്ഥാൻ മേൽവിലാസം ശരിയാണോ എന്നറിയണം. അന്വേഷണ റിപ്പോർട്ട് ലഭ്യമായശേഷം തുടർനടപടികളിലേക്ക് കടക്കും-ശിശുക്ഷേമ സമിതി പറയുന്നു.