മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ മത്സരങ്ങൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പുതിയ സീസണിലേക്കുള്ള ജഴ്‌സി അവതരിപ്പിച്ച് രാജസ്ഥാൻ റോയൽസ്. ഒരു തകർപ്പൻ വിഡിയോയിലൂടെയാണ് രാജസ്ഥാൻ ജഴ്‌സി അവതരിപ്പിച്ചത്. ഓസ്‌ട്രേലിയൻ മോട്ടോർ ബൈക്ക് സ്റ്റണ്ട് പെർഫോമറായ റോബി മാഡിസൺ ഉൾപ്പെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പല കടമ്പകളും കടന്ന് ജഴ്‌സി ഡെലിവറി ചെയ്യുന്ന മാഡിസണും അത് സ്വീകരിക്കുന്ന സഞ്ജുവും ചഹാലുമാണ് വിഡിയോയിലുള്ളത്.



ഡൽഹി ക്യാപിറ്റൽസും പുതിയ ജഴ്സി കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ചുവപ്പും നീലയുമാണ് ജഴ്സിയുടെ നിറം. കഴിഞ്ഞ വർഷത്തെ ജഴ്സിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയാണ് ഡൽഹി പുതിയ സീസണിനായി ഒരുങ്ങുന്നത്.

'പുതിയ ഡൽഹിക്ക് പുതിയ ജഴ്സി' എന്ന തലക്കെട്ടോടെയാണ് ക്യാപിറ്റൽസ് ജഴ്സി പുറത്തിറക്കിയത്. നായകൻ ഋഷഭ് പന്ത്, പേസർ ആന്റിച്ച് നോർക്യെ, ബാറ്റർ ഡേവിഡ് വാർണർ എന്നിവരാണ് പുതിയ ജഴ്സിയണിഞ്ഞ് പോസ്റ്ററിലുള്ളത്.

ഐപിഎലിൽ ഇത്തവണ നിർണായക നിയമപരിഷ്‌കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ടീമിൽ കോവിഡ് ബാധ സ്ഥിരീകരിച്ച് 12 താരങ്ങളെ ഫീൽഡിലിറക്കാൻ സാധിക്കില്ലെങ്കിൽ കളി മാറ്റിവെക്കും എന്നതാണ് സുപ്രധാന തീരുമാനം. ഡിആർഎസ് ഒന്നിൽ നിന്ന് രണ്ടിലേക്ക് വർധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇതോടൊപ്പം ഫീൽഡർ ക്യാച്ച് ചെയ്ത് ബാറ്റർ പുറത്തായാൽ അടുത്ത ബാറ്റർ സ്‌ട്രൈക്കർ എൻഡിൽ കളിക്കുമെന്നതും പുതിയ പരിഷ്‌കാരങ്ങളിൽ പെടുന്നു.

കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കളി മാറ്റിവെക്കാൻ 12 പേരിൽ കുറവ് താരങ്ങളുണ്ടാവണം എന്നതിനൊപ്പം ഈ 12 പേരിൽ 7 പേരെങ്കിലും ഇന്ത്യൻ താരങ്ങളാവണം. കളി മാറ്റിവെക്കാൻ പറ്റുമെങ്കിൽ മാറ്റിവെക്കും. അതിനു സാധിച്ചില്ലെങ്കിൽ തീരുമാനം ഐപിഎൽ ടെക്‌നിക്കൽ കമ്മറ്റിയുടേതാവും. പ്ലേ ഓഫിൽ സൂപ്പർ ഓവറിലും കളി തീർപ്പായില്ലെങ്കിൽ ലീഗ് ഘട്ടത്തിൽ ഉയർന്ന പൊസിഷനിൽ ഫിനിഷ് ചെയ്ത ടീമിനെ വിജയികളാക്കി പ്രഖ്യാപിക്കും.

ഐപിഎൽ മത്സരങ്ങൾ മാർച്ച് 26നാണ് ആരംഭിക്കുക. മെയ് 29ന് ഫൈനൽ നടക്കും. ചെന്നൈ സൂപ്പർ കിങ്‌സും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. 55 മത്സരങ്ങൾ മുംബൈയിലും 15 മത്സരങ്ങൾ പൂണെയിലുമാണ്. വാംഖഡെയിലും ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിലും 20 മത്സരങ്ങൾ വീതവും ബ്രാബോണിലും പൂണെ എംസിഎ രാജ്യാന്തര സ്റ്റേഡിയത്തിലും 15 മത്സരങ്ങൾ വീതവും കളിക്കും. പ്ലേ ഓഫ് മത്സരങ്ങൾ അഹ്‌മദാബാദിലാവും.