- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നായകൻ സഞ്ജുവിനെ നിലനിലർത്തി രാജസ്ഥാൻ; ടീമിന്റെ ആദ്യ റീറ്റെൻഷൻ കാർഡ് ഉപയോഗിച്ചത് മലയാളി താരത്തിനായി; 14 കോടി രൂപ വാർഷിക പ്രതിഫലം;ഐപിഎൽ ടീമുകൾ നിലനിർത്തുന്ന താരങ്ങളെ അറിയാം
ന്യൂഡൽഹി: പതിനഞ്ചാം ഐപിഎൽ സീസണിലും രാജസ്ഥാൻ റോയൽസിനെ നയിക്കുക മലയാളി താരം സഞ്ജു സാംസൺ. സഞ്ജുവിനെ രാജസ്ഥാൻ ടീമിൽ നിലനിർത്തുന്നതായാണ് റിപ്പോർട്ടുകൾ വരുന്നത്. സഞ്ജുവിന് വേണ്ടിയാണ് രാജസ്ഥാൻ ടീം ആദ്യ റീറ്റെൻഷൻ കാർഡ് ഉപയോഗിക്കുന്നത്. 14 കോടി രൂപ പ്രതിഫലവുമായാണ് സഞ്ജുവിനെ ടീമിൽ നിലനിർത്തുക.
2018ലെ താരലേലത്തിൽ എട്ട് കോടി രൂപയ്ക്കാണ് സഞ്ജുവിനെ രാജസ്ഥാൻ സ്വന്തമാക്കിയത്. താരലേലത്തിൽ ഉൾപ്പെട്ടേക്കുമെന്നും ചെന്നൈ സൂപ്പർ കിങ്‌സ് അടക്കം സഞ്ജുവിനായി രംഗത്തുണ്ടെന്നും നേരത്തെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. എന്നാൽ പൊന്നുംവില നൽകി സൂപ്പർ താരത്തെ നിലനിർ്ത്താൻ രാജസ്ഥാൻ ടീം അധികൃതർ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ സീസണിൽ രാജസ്ഥാൻ ബാറ്റ്സ്മാന്മാരിൽ സഞ്ജു ആയിരുന്നു മുന്നിൽ. എന്നാൽ ഇൻസ്റ്റഗ്രാമിൽ സഞ്ജു രാജസ്ഥാൻ റോയൽസിനെ അൺഫോളോ ചെയ്തതും ചെന്നൈ സൂപ്പർ കിങ്സിനെ പിന്തുടരാൻ തുടങ്ങിയതും അഭ്യൂഹങ്ങൾക്ക് വഴിവച്ചിരുന്നു. സഞ്ജുവിന് പുറമേ ജോസ് ബട്ലർ, ജോഫ്രാ ആർച്ചർ, ലിയാം ലിവിങ്സ്റ്റൺ, യശസ്വി ജെയ്സ്വാൾ എന്നിവരിൽ മൂന്ന് പേരെ കൂടി രാജസ്ഥാൻ നിലനിർത്തും. ഞായറാഴ്ചയ്ക്കകം തീരുമാനം വ്യക്തമാക്കുമെന്ന് രാജസ്ഥാൻ റോയൽസ് വൃത്തങ്ങൾ അറിയിച്ചു.
അതേ സമയം ഇംഗ്ലണ്ടിന്റെ ഓൾറൗണ്ടർ ബെൻ സ്റ്റോക്ക്സിനെ രാജസ്ഥാൻ റോയൽസ് നിലനിർത്തില്ല സ്റ്റോക്ക്സിന്റെ ഉയർന്ന പ്രതിഫലത്തെ തുടർന്നാണ് ഇത്. 12.5 കോടി രൂപയാണ് രാജസ്ഥാനിൽ ബെൻ സ്റ്റോക്ക്സിന്റെ പ്രതിഫലം. ജോഫ്ര ആർച്ചറുടേത് 7.2 കോടി.
ചെന്നൈ എം എസ് ധോണി, റുതുരാജ് ഗെയ്ക്വാദ്, രവീന്ദ്ര ജഡേജ എന്നിവരെ നിലനിർത്തും. ഇംഗ്ലണ്ട് ഓൾറൗണ്ടർ മോയിൻ അലിയുമായി ചർച്ച പുരോഗമിക്കുന്നു. അലി തയ്യാറല്ലെങ്കിൽ സാം കറനെ നിലനിർത്തും.ഡൽഹി ക്യാപ്പിറ്റൽസ് ക്യാപ്റ്റൻ റിഷഭ് പന്ത്, സ്പിന്നർ അക്‌സർ പട്ടേൽ, ഓപ്പണിങ് ബാറ്റ്‌സ്മാൻ പൃഥ്വി ഷോ, ദക്ഷിണാഫ്രിക്കൻ പേസർ ആന്റിച്ച് നോർക്യ എന്നിവരെയാണ് നിലനിർത്തുക.
മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ, പേസർ ജസ്പ്രീത് ബുമ്ര, ഉപനായകൻ കീറൺ പൊള്ളാർഡ്, വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഇഷാൻ കിഷൻ എന്നിവരെ നിലനിർത്തും. സൂര്യകുമാർ യാദവിനെ ലേലത്തിലൂടെ തിരിച്ചുപിടിക്കാനാണ് ടീം ലക്ഷ്യമിടുന്നത്. അതേ സമയം ഒരു പുതിയ ടീം സമീപിച്ചെങ്കിലും താരം മനസ്സ് തുറന്നിട്ടില്ല.
സുനിൽ നരെയ്ൻ, ആന്ദ്രേ റസൽ എന്നിവരെ കൊൽക്കത്ത നിലനിർത്തുമെന്നാണ് സൂചന. വരുൺ ചക്രവർത്തി, ശുഭ്മാൻ ഗിൽ, വെങ്കടേഷ് അയ്യർ എന്നിവരിൽ രണ്ട് പേർക്കും സാധ്യതയുണ്ട്. രാജസ്ഥാൻ റോയൽസ് സഞ്ജു സാംസൺ, ജോസ് ബട്‌ലർ, ബെൻ സ്റ്റോക്‌സ് എന്നിവരെ നിലനിർത്തും.
വിരാട് കോലി, ഗ്ലെൻ മാക്‌സ്വെൽ, യൂസ്വേന്ദ്ര ചാഹൽ എന്നിവരെ ആർസിബിയും നിലനിർത്തും. സൺറൈസേഴ്‌സ് ഹൈദരാബാദ് റാഷിദ് ഖാനെ നിലനിർത്തും. കൂടാതെ കെയ്ൻ വില്യംസൺ അല്ലെങ്കിൽ ജോണി ബെയർസ്റ്റോ എന്നിവരിൽ ഒരാൾകൂടി ടീമിൽ തുടരും. പഞ്ചാബ് രവി ബിഷ്‌ണോയ്, മായങ്ക് അഗർവാൾ എന്നിവരെയാണ് നിലനിർത്തുക.
കെ എൽ രാഹുൽ പുതിയ ടീമായ ലഖ്‌നൗവിന്റെ നായകനാകും എന്നുള്ള താണ് മറ്റൊരു വിവരം. ഡേവിഡ് വാർണറുമായി ടീം ചർച്ച നടത്തുമെന്ന് സൂചനയുണ്ട്. ഈ മാസം 30നാണ് താരങ്ങളുടെ പട്ടിക ബിസിസിഐക്ക് നൽകേണ്ടത്.
നാല് കളിക്കാരെയാണ് ഫ്രാഞ്ചൈസികൾക്ക് ടീമിൽ നിലനിർത്താൻ കഴിയുക. അതിൽ രണ്ട് കളിക്കാർ ഇന്ത്യൻ താരങ്ങളാവണം. രാജസ്ഥാൻ ജോസ് ബട്ട്ലറെ ടീമിൽ നിലനിർത്തും എന്ന് ഏറെ കുറെ ഉറപ്പാണ്. താര ലേലത്തിന് മുൻപ് ടീമിൽ നിലനിർത്തുന്ന കളിക്കാരെ തീരുമാനിക്കാനുള്ള അവസാന തിയതി നവംബർ 30 ആണ്. 42 കോടി രൂപ വരെയാണ് കളിക്കാരെ ടീമിൽ നിലനിർത്തുന്നതിനായി ഓരോ ഫ്രാഞ്ചൈസികൾക്കും മുടക്കാൻ കഴിയുന്ന തുക.
സ്പോർട്സ് ഡെസ്ക്