ചാനലിന് മുന്നിൽ വിപ്ലവം പ്രസംഗിക്കുന്ന മാദ്ധ്യമപ്രവർത്തകനും ഇടയ്ക്ക് സ്വത്വബോധം തെകിട്ടി വരും. എന്നാൽ ഇന്ത്യയിൽ നിരവധി ആരാധകരുള്ള രാജ്ദീപ് സർദേശായിയിൽ നിന്നും അത്തരമൊരു പ്രതികരണം ഉണ്ടായപ്പോൾ അദ്ദേഹത്തിന്റെ ആരാധകർക്ക് കടുത്ത നിരാശ. ഗൗഡ സാരസ്വത് ബ്രാഹ്മണനായ സർദേശായി തന്റെ സമുദായ അംഗങ്ങളായ രണ്ട് പേർ മോദി മന്ത്രിസഭയിൽ അംഗമായതിൽ സന്തോഷം പ്രകടിപ്പിച്ച് ഇട്ട ട്വീറ്റാണ് വിവാദത്തിന് കാരണമായത്. മന്ത്രിസഭാ വികസനത്തിനു പിന്നാലെയായിരുന്നു രാജ്ദീപ് സർദേശായി ട്വിറ്ററിലൂടെ തന്റെ ബ്രാഹ്മണിക്കൽ അസ്തിത്വം ആഘോഷിച്ചത്.

'രണ്ടു ഗൗഡസാരസ്വത ബ്രാഹ്മണർ, ഇരുവരും താലന്തുള്ള രാഷ്ട്രീയക്കാർ, പൂർണ്ണ സമയം കാബിനറ്റ് മന്ത്രിമാർ ആയിരിക്കുന്നു. സാരസ്വത് അഭിമാനം!! ഇതായിരുന്നു രാജ് ദ്വീപിന്റെ ട്വീറ്റ്. മനോഹർ പരീക്കറിനും സുരേഷ് പ്രഭുവിനും മന്ത്രിസ്ഥാനം ലഭിച്ചതിലുള്ള സന്തോഷ പ്രകടനമായിരുന്നു രാജ്ദീപിൽ നിന്നുണ്ടായത്. എന്നാൽ മാദ്ധ്യമപ്രവർത്തകനെന്ന നിലമറന്ന് ജാതിയെ അടിസ്ഥാനപ്പെടുത്തിയുള്ള അദ്ദേഹത്തിന്റെ ട്വീറ്റിനെതിരെ കടുത്ത വിമർശനമാണ് അദ്ദേഹത്തിന്റെ ഫോളോവേഴ്‌സ് ഉന്നയിച്ചത്. ഈ വിഷയത്തിൽ എന്തിനാണ് ജാതി എടുത്തിട്ടതെന്നാണ് പലരും ചോദിച്ചത്.

വിദ്യാസമ്പന്നനായിട്ടും എന്തുകൊണ്ടാണ് താങ്കൾ ഇങ്ങനെ ട്വീറ്റ് ചെയ്തതെന്നാണ് ചിലർ ചോദിച്ചത്. മറ്റുചിലരാകട്ടെ രാജ്ദീപിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്ന് പറഞ്ഞ് നിരാശ പ്രകടിപ്പിച്ചു. മറ്റുചിലരാകട്ടെ രാജ്ദീപ് സർദേശായിയുടെ ജാതിസ്വത്വബോധം വിളിച്ചോതുന്ന അദ്ദേഹത്തിന്റെ മറ്റ് കുറിപ്പുകളും തിരഞ്ഞെടുത്തു കൊണ്ടുവന്നു. മോദി പരീക്കറിനും സുരേഷ് പ്രഭുവിനും മന്ത്രിസ്ഥാനം നൽകിയത് ജാതി നോക്കിയല്ല മെറിറ്റ് നോക്കിയാണെന്നും ചിവർ ട്വീറ്റ് ചെയ്തു. എന്നാൽ ജാതിപരാമർശത്തിന്റെ പേരിൽ വിവാദം കൊഴുത്തെങ്കിലും അതിൽ മാപ്പു പറയാനോ ട്വീറ്റ് പിൻവലിക്കാനോ സർദേശായി തയ്യാറായില്ല.

വിമർശനം കടുത്തപ്പോൾ മനോഹർ പരീക്കർ ഗൗഡ സരസ്വത് ബ്രാഹ്മിൺ, ഗോവക്കാരൻ, ഇന്ത്യക്കാരൻ എന്നും സർദേശായി ട്വീറ്റ് ചെയ്തു. എന്തായാലും മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജാതി പറഞ്ഞതിൽ അദ്ദേഹത്തിന്റെ ആരാധകരായ മറ്റ് മാദ്ധ്യമപ്രവർത്തകരിലും കടുത്ത നിരാശയുണ്ടാക്കിയിട്ടുണ്ട്. 17 ലക്ഷം ഫോളോവേഴ്‌സാണ് രാജ്ദീപ് സർദേശായിക്ക് ട്വിറ്ററിലുള്ളത്. ഇന്ത്യയിൽ ടെലിവിഷൻ മാദ്ധ്യമരംഗത്ത് ഏറ്റവും ആരാധകരുള്ള ആളാണ് സർദേശായി.