ന്യൂഡൽഹി: പ്രമുഖ മാദ്ധ്യമപ്രവർത്തകനും ടെലിവിഷൻ അവതാരകനുമായ രാജ്ദീപ് സർദേശായി ഇന്ത്യാ ടുഡെ ഗ്രൂപ്പിലേക്ക്. ഇന്ത്യാ ടുഡെ ഗ്രൂപ്പിൽ കൺസൾട്ടിങ് എഡിറ്ററായാണ് രാജ്ദീപ് സർദേശായി ചാർജ്ജ് എടുക്കുന്നത്. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് വിവരം പുറത്തു വിട്ടത്. ടിവി ടുഡെ ഗ്രൂപ്പിൽ കൺസൾട്ടിങ് എഡിറ്ററായി ചേരുകയാണെന്നും ഒരു മികച്ച ടീമിനൊപ്പം വർക്ക് ചെയ്യുന്നത് പ്രതീക്ഷയോടെ കാണുന്നുമെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ജീവിതത്തിലെ പുതിയ ഇന്നിങ്‌സിന് എല്ലാവരുടെയും സഹകരണവും അദ്ദേഹം ട്വീറ്റിലൂടെ അഭ്യർത്ഥിച്ചിട്ടുണ്ട്. കൺസൾട്ടിങ് എഡിറ്റർ എന്ന പദവിക്കൊപ്പം ഹെഡ്‌ലൈൻ ടുഡെയിൽ ഒരു പ്രൈം ടൈം ഷോയിലും ഇനി രാജ്ദീപിനെ കാണാം.

ഐ.ബി.എൻ ന്യൂസ് ചാനൽ മുകേഷ് അംബാനിയുടെ റിലയൻസ് ഏറ്റെടുത്തതോടെയാണ് ചാനലിന്റെ എഡിറ്റർ ഇൻ ചീഫ് സ്ഥാനത്ത് നിന്ന് രാജ്ദീപ് സർദേശായി രാജി വച്ചത്. ഭാര്യയും ഡെപ്യൂട്ടി എഡിറ്ററുമായ സാഗരിക ഘോഷും സർദേശായിക്കൊപ്പം രാജി വച്ചിരുന്നു. ഈനാട് ടെലിവിഷൻ, ടിവി18 എന്നീ മാദ്ധ്യമഗ്രൂപ്പുകളെ നിയന്ത്രിക്കുന്ന മുകേഷ് അംബാനി സമീപകാലത്ത് ഇന്ത്യയിലെ മറ്റ് പ്രമുഖ മാദ്ധ്യമഗ്രൂപ്പുകളിലേക്കും തന്റെ സ്വാധീനം വ്യാപിപ്പിച്ചിരുന്നു. അംബാനിക്ക് നിയന്ത്രണമുള്ള നെറ്റ്‌വർക്ക് 18 ആണ് ഇപ്പോൾ സി.എൻ.എൻ.ഐ.ബി.എൻ. , ഐ.ബി.എൻ. ലോക്മാത്, ഐ.ബി.എൻ.7, സി.എൻ.ബി.സി ആവാസ് എന്നീ ചാനലുകൾ നിയന്ത്രിക്കുന്നത്. രാജ്ദീപിനെ നീക്കി പ്രശസ്ത ടെലിവിഷൻ അവതാരകനും ടൈം മാഗസിന്റെ മുൻ എഡിറ്ററുമായ ഫരീദ് സക്കറിയയെ ചുമതല ഏല്പിക്കാൻ റിലയൻസ് ഗ്രൂപ്പ് നീക്കം നടത്തിയതോടെയാണ് രാജ്ദീപ് അവധിയിൽ പ്രവേശിച്ചത്. തുടർന്നായിരുന്നു അദ്ദേഹം രാജി വച്ചത്.

ജോലിയിൽ നിന്ന് വിട്ടുനിന്ന സമയത്ത് പുസ്തകരചനയും പുതിയ വെബ്‌സൈറ്റ് ലോഞ്ചിംഗുമായി തിരക്കിലായിരുന്നു രാജ്ദീപ്. 25 വർഷത്തെ മാദ്ധ്യമപ്രവർത്തനത്തിന് ശേഷം എന്ന മുഖക്കുറിപ്പോടെയായിരുന്നു വെബ്‌സൈറ്റ് ലോഞ്ച്. വാർത്ത ആദ്യം എത്തിക്കുക എന്നതല്ല, അത് ശരിയായി നൽകുകയെന്നതാണ് പ്രധാനമെന്ന് വെബ്‌സൈറ്റിൽ രാജ്ദീപ് പറയുന്നു. ബ്ലോഗുകളും വീഡിയോകളും കോളങ്ങളും ഉൾപ്പെടുത്തിയുട്ടള്ളതാണ് സൈറ്റ്.
.
ഇന്ത്യൻ ക്രിക്കറ്റ് ടീമംഗമായിരുന്ന ദിലീപ് സർദേശായിയുടെ മകനായ രാജ്ദീപ് സർദേശായി ടൈംസ് ഓഫ് ഇന്ത്യ ദിനപ്പത്രത്തിലാണ് മാദ്ധ്യമപ്രവർത്തനം തുടങ്ങിയത്. ആറ് വർഷം ടൈംസ് ഓഫ് ഇന്ത്യയിൽ പ്രവർത്തിച്ച അദ്ദേഹമായിരുന്നു മുംബൈ എഡിഷന്റെ എഡിറ്റർ. പ്രണോയ് റോയിയോടൊപ്പം എൻ.ഡി.ടി.വിയുടെ പ്രധാന റോളിലുണ്ടായിരുന്ന രാജ്ദീപ്, 2005ലാണ് എൻ.ഡി.ടി.വി. വിട്ട് ഐ.ബി.എൻ. ചാനലിന്റെ തലപ്പത്തെത്തിയത്.