- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചക്കിനു വച്ചതുകൊക്കിനു കൊള്ളുമോ? സുഷമയെ കുരുക്കിയ വിവാദത്തിൽ ലളിത് മോദിയുടെ ലൈവ് അഭിമുഖം എടുക്കാൻ രാജ്ദീപ് സർദേശായി ലണ്ടനിൽ പോയി; കോൺഗ്രസ് നേതൃത്വത്തിന് ചങ്കിടിപ്പ്
ന്യൂഡൽഹി: വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ കുടുക്കാൻ വച്ച കെണിയിൽ കോൺഗ്രസ് നേതൃത്വം വീഴുമോ? ലളിത് മോദി വിഷയത്തിൽ സുഷമ കുരുങ്ങും മുമ്പ് കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ പ്രതിക്കൂട്ടിൽ വീഴുമോ എന്നു കാത്തിരുന്നു തന്നെ കാണേണ്ടി വരും. വിഷയത്തിൽ ലളിത് മോദി ഇതുവരെ നേരിട്ടു പ്രതികരിച്ചിട്ടില്ല. എന്നാൽ, ഇക്കാര്യത്തിൽ മോദിയുടെ തത്സമയ അഭ
ന്യൂഡൽഹി: വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ കുടുക്കാൻ വച്ച കെണിയിൽ കോൺഗ്രസ് നേതൃത്വം വീഴുമോ? ലളിത് മോദി വിഷയത്തിൽ സുഷമ കുരുങ്ങും മുമ്പ് കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ പ്രതിക്കൂട്ടിൽ വീഴുമോ എന്നു കാത്തിരുന്നു തന്നെ കാണേണ്ടി വരും.
വിഷയത്തിൽ ലളിത് മോദി ഇതുവരെ നേരിട്ടു പ്രതികരിച്ചിട്ടില്ല. എന്നാൽ, ഇക്കാര്യത്തിൽ മോദിയുടെ തത്സമയ അഭിമുഖം തന്നെ ജനങ്ങളിൽ എത്തിക്കാൻ ഇന്ത്യ ടുഡേ രംഗത്തെത്തിയിട്ടുണ്ട്. മോദിയുമായി അഭിമുഖത്തിന് രാജ്‌ദേപ് സർദേശായിയെയാണ് ഇന്ത്യ ടുഡേ നിയോഗിച്ചിരിക്കുന്നത്.
ഇന്ന് വൈകിട്ടാണ് ഇന്ത്യ ടുഡേ ചാനലിന് ലളിത് മോദി അഭിമുഖം നൽകുന്നത്. ഇതിനായി രാജ്ദീപ് ലണ്ടനിലേക്ക് തിരിച്ചിട്ടുമുണ്ട്. ഇന്നു വൈകുന്നേരം തന്റെ പ്രതികരണം ലഭ്യമാകുമെന്ന് ലളിത് മോദി തന്നെയാണ് ട്വീറ്റിലൂടെ അറിയിച്ചത്.
എന്തായാലും ലളിത് മോദിക്ക് വിഷയത്തിൽ എന്താണ് പറയാനുള്ളതെന്ന് കാത്തിരിക്കുകയാണ് രാഷ്ട്രീയ വൃത്തങ്ങൾ. ബിജെപി കേന്ദ്രങ്ങൾ മാത്രമല്ല, കോൺഗ്രസ് നേതൃത്വവും മോദിയുടെ വാക്കുകൾ എന്തെല്ലാമെന്ന് കാത്തിരിക്കുന്നുവെന്നത് വ്യക്തമാണ്.
2010ലാണ് ലളിത് മോദി യുകെയിൽ എത്തുന്നത്. അന്ന് ഇന്ത്യ ഭരിച്ചിരുന്നത് കോൺഗ്രസ് നേതൃത്വം നൽകിയ യുപിഎ സർക്കാരാണ്. അന്നത്തെ സർക്കാർ അറിയാതെ എങ്ങനെ ലളിത് മോദി ഇംഗ്ലണ്ടിൽ എത്തി എന്ന ചോദ്യം ഇതിനോടകം തന്നെ ഉയർന്നുകഴിഞ്ഞു.
യുപിഎ സർക്കാരിന്റെ കാലത്താണ് മോദിക്കു വിസ ലഭിച്ചതും ലണ്ടനിൽ തമസമാക്കിയതും. അത് കഴിഞ്ഞു നാലുവർഷവും ഭരിച്ചത് യുപിഎ തന്നെയാണ്. ഇപ്പോൾ കൊടുംകുറ്റവാളി എന്ന് കോൺഗ്രസ് തന്നെ വിശേഷിപ്പിക്കുന്ന ലളിത് മോദിയെ അന്നൊന്നും നാട്ടിൽ തിരിച്ചെത്തിച്ച് കുറ്റവിചാരണ നടത്താൻ സർക്കാർ തയ്യാറായിരുന്നില്ല. ഒരു ലുക്ക് ഔട്ട് നോട്ടീസ് പോലും പുറപ്പെടുവിച്ചില്ല.
ഐപിഎൽ ക്രിക്കറ്റുമായി ബന്ധപ്പെട്ടാണ് ലളിത് മോദിയുടെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നത്. മോദി ഐപിഎലിന്റെ ചുമതലക്കാരനായിരുന്ന കാലത്ത് ടൂർണമെന്റിന്റെ പ്രധാന സ്‌പോൺസർ ഡിഎൽഎഫ് ആയിരുന്നു. ഡിഎൽഎഫുമായി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയ്ക്കുള്ള ബന്ധം തന്നെയാണ് ലളിത് മോദിയെ സംരക്ഷിച്ചു പിടിക്കാനുള്ള കാരണമായി വിമർശകർ ചൂണ്ടിക്കാട്ടുന്നത്.
നട്‌വർ സിങ് മന്മോഹൻ സർക്കാരിൽ നിന്ന് രാജിവച്ച സംഭവത്തിന്റെ പേരിലും കോൺഗ്രസ് നേതൃത്വത്തിനും റോബർട്ട് വാദ്രയ്ക്കുമുള്ള ബന്ധവും കോൺഗ്രസ് നേതൃത്വത്തിന് ലളിത് മോദിയുടെ വെളിപ്പെടുത്തലുകളിലൂടെ തലവേദന സൃഷ്ടിക്കുമോ എന്ന കാര്യവും കണ്ടുതന്നെ അറിയേണ്ടി വരും. ഇറാഖി ഓയിൽ കുംഭകോണം അന്വേഷിച്ച വോൾക്കർ കമ്മീഷൻ റിപ്പോർട്ടിൽ നട്‌വർ സിംഗിന്റെ പേരുണ്ടായിരുന്നു. അമേരിക്കയുടെ സമ്മർദ്ദത്തെ തുടർന്നാണ് യുഎൻ അന്ന് കമ്മീഷനെ വച്ചത്. ഇറാക്കിൽ നിന്ന് പണം പറ്റുന്നവർ ആരൊക്കെ എന്നറിയാനാണ് അമേരിക്ക ശ്രമിച്ചത്. അമേരിക്ക സദ്ദാം ഹുസൈനെതിരെ ആഞ്ഞടിച്ചിരുന്നു കാലത്താണത്. ഇന്ത്യയിൽ അന്ന് ഭരണത്തിലുണ്ടായിരുന്നവരും അന്ന് സദ്ദാമിന്റെ പണം പറ്റിയെന്നാണ് ആരോപണം.
ഇക്കാര്യം പുറത്താകുമെന്നായപ്പോൾ ഡൽഹിയിൽ നേതാക്കളുടെ തലപുകയാൻ തുടങ്ങി. അന്ന് യുഎന്നിൽ പ്രമുഖനായിരുന്ന ഒരു മലയാളി ഇടപെട്ട് വാൾക്കർ റിപ്പോർട്ടിൽ നിന്ന് ഇന്ത്യൻ നേതാക്കളുടെ പേരുവെട്ടിയെന്നും എന്നാൽ നട്‌വർ സിങ് അതിൽ കുടുങ്ങിപ്പോയെന്നുമാണ് ആരോപണങ്ങൾ ഉയർന്നത്. കോൺഗ്രസ് കുടുംബത്തിനു അതിന്റെ പ്രയോജനം കുറെ ലഭിച്ചിട്ടുണ്ടെന്നും ആ പണം നേരിട്ട് ഇന്ത്യയിൽ കൊണ്ടുവരാൻ കഴിഞ്ഞില്ല. അത് ഗൾഫ് മേഖലയിൽ വിലസുകയായിരുന്നുവെന്നുമാണ് വാർത്തകൾ പ്രചരിച്ചത്.
ഡിഎൽഎഫ്-ഐപിഎൽ ബന്ധം, വാദ്ര-ഡിഎൽഎഫ് ബന്ധം, സുനന്ദ പുഷ്‌കർ- ഐപിഎൽ കൊച്ചി ടീം ബന്ധം അങ്ങനെ പല കാര്യങ്ങളും ഇതിനോടു കൂട്ടിവായിക്കേണ്ടതാണെന്നാണ് ആരോപണം ഉയരുന്നത്. ഐപിഎൽ വിവാദം സംബന്ധിച്ച സത്യം താൻ തുറന്നുപറയും എന്ന് സുനന്ദ പുഷ്‌കർ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് അവർ കൊല്ലപ്പെട്ടത്. ഇക്കാര്യത്തെ കുറിച്ചെല്ലാം പൂർണമായും അറിയാവുന്ന വ്യക്തിയാണ് ലളിത് മോദി എന്നതാണ് കോൺഗ്രസിനെ അലട്ടുന്ന പ്രധാന ഘടകമെന്ന് വ്യക്തമാണ്. അതുകൊണ്ടാണ് മോദിയെ ഇന്ത്യയിൽ എത്തിക്കാൻ കോൺഗ്രസ് ഭരിച്ചപ്പോൾ ഒരു ശ്രമവും നടത്താത്തത്. ഇക്കാരണങ്ങളെല്ലാം മോദി ഇന്ത്യയിലേക്ക് വരല്ലേ എന്ന ആഗ്രഹത്തിലേക്കാകും കോൺഗ്രസിനെ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്.
ലളിത് മോദിയെ ഇന്ത്യയിൽ തിരികെ എത്തിച്ച അയാൾക്കെതിരായ കേസുകൾ ഒന്നൊന്നായി പരിശോധിക്കുമ്പോൾ ഇക്കാര്യങ്ങളൊക്കെ വെളിച്ചത്തു വരുമെന്നാണ് കോൺഗ്രസിനെതിരായ ആയുധമായി വിമർശകർ പറയുന്നത്. എന്തായാലും ലളിത് മോദി എന്താണ് വെളിപ്പെടുത്തുക എന്ന കാര്യം രാജ്ദീപിലൂടെയും ഇന്ത്യ ടുഡേയിലൂടെയും ഉടൻ തന്നെ അറിയാനാകും എന്നു തന്നെ പ്രതീക്ഷിക്കാം.
സുഷമ സ്വരാജ് ലളിത് മോദിയെ സഹായിച്ചെന്ന വാർത്ത ആദ്യം പുറത്തുകൊണ്ടുവന്നത് യുകെയിലെ സൺഡേ ടൈംസ് ആണ്. എന്നാൽ പിന്നീട്, ടൈംസ് നൗ 'എക്‌സ്‌ക്ലൂസീവ് ന്യൂസ്‌ബ്രേക്ക്' ആയി വാർത്ത വീണ്ടും പുറത്തുവിട്ടു. 'മാനുഷിക പരിഗണന'യുടെ പേരിൽ ലളിത് മോദിയെ സഹായിച്ച സുഷമ എത്രയും വേഗത്തിൽ രാജിവയ്ക്കണമെന്ന തരത്തിലാണ് ടൈംസ് വാർത്ത നൽകിയത്.
എന്നാൽ, ബ്രിട്ടനിൽ നിന്ന് പുറത്തുവന്ന വാർത്ത തങ്ങളുടേതാണ് എന്ന് അവകാശപ്പെടാൻ എന്ത് അർഹതയാണ് ടൈംസ് നൗവിന് ഉള്ളതെന്ന് നവമാദ്ധ്യമങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. രാജ്ദീപ് സർദേശായിയാണ് ചർച്ചകൾക്കു തുടക്കമിട്ടത്. ഈ സാഹചര്യത്തിൽ രാജ്ദീപ് തന്നെ ലളിത് മോദിയുടെ എക്‌സ്‌ക്ലൂസീവ് ഇന്റർവ്യൂവിനായി പോകുന്നത് മറ്റൊരു ചർച്ചയ്ക്കും വഴിതെളിച്ചിരിക്കുകയാണ്.
വിമർശനങ്ങൾ ഉയർന്നപ്പോഴും വാർത്ത ആദ്യം പുറത്തുകൊണ്ടുവന്നത് തങ്ങളാണെന്ന നിലപാടിലാണ് ടൈംസ് നൗ ഉറച്ചുനിന്നത്. മറ്റുള്ളവർക്ക് ലഭിക്കും മുമ്പ് സുഷമയുടെ ഇമെയിൽ തങ്ങൾക്ക് ലഭിച്ചിരുന്നുവെന്നും സുഷമയുടെ മറുപടി ലഭിക്കാൻ കാത്തിരിക്കുയായിരുന്നുവെന്നുമാണ് അവരുടെ മറുപടി. എക്‌സിക്ലൂസിവ് പരാമർശത്തിനെതിരെയുള്ള പ്രതിഷേധം പിന്നീട് സുഷമയുടെ രാജി ആവശ്യപ്പെട്ടുള്ള ടൈംസ് നൗ ക്യാംപെയിനിന് എതിരെയായി മാറുകയും ചെയ്തിരുന്നു.