തിരുവനന്തപുരം: കേരളത്തിന്റെ സമ്മർദ്ദങ്ങൽ ഫലിച്ചില്ല. രാജീവ് ചന്ദ്രശേഖറിനെ കേന്ദ്രമന്ത്രിയാക്കാൻ ബിജെപിയുടെ തീരുമാനം. ഏഷ്യാനെറ്റും ബിജെപിയുമായുള്ള പ്രശ്‌നങ്ങൾക്കിടെയാണ് ചാനൽ ഉടമയെ കേന്ദ്രമന്ത്രിയാകുന്നത്. ഏഷ്യാനെറ്റ് ചാനൽ ഉടമയെ കാബിനറ്റിൽ എത്തിക്കുന്നതിനെ കേരളാ ഘടകം എതിർത്തിരുന്നു. എന്നാൽ പുതുച്ചേരിയിൽ അത്ഭുതം കാട്ടിയ രാജീവ് ചന്ദ്രശേഖറിനെ കേന്ദ്രമന്ത്രിയാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനം എടുക്കുകയായിരുന്നു. ബിജെപി സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന്റെ എതിർപ്പുകളൊന്നും വിലപോയില്ല.

രാജീവ് ചന്ദ്രശേഖരിനെ കർണ്ണാടകയിലെ നേതാവെന്ന നിലയിലാണ് മന്ത്രിയാക്കുന്നത്. കർണ്ണാടകയിൽ നിന്നുള്ള രാജ്യസഭാ അംഗമായ രാജീവ് ചന്ദ്രശേഖർ ഏഷ്യാനെറ്റ് ചാനലിന്റെ ഉടമ കൂടിയാണ്. ബിജെപിയും ഏഷ്യാനെറ്റ് ചാനലുമായി കേരളത്തിലെ ബിജെപി പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തിൽ രാജീവ് ചന്ദ്രശേഖറിനെ കേന്ദ്രമന്ത്രിയാക്കുന്നതിനെ ചിലർ എതിർക്കുന്നുമുണ്ട്. എന്നാൽ പുതുച്ചേരി രാഷ്ട്രീയം ബിജെപിക്ക് അനുകൂലമാക്കിയ രാജീവ് ചന്ദ്രശേഖറിന് കാബിനറ്റിൽ എടുക്കുകയായിരുന്നു. അമിത് ഷായുടെ നിലപാടും നിർണ്ണായമായി.

കേരളത്തിലും തമിഴ്‌നാട്ടിലും ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ തെരഞ്ഞെടുപ്പിൽ കഴിഞ്ഞിരുന്നില്ല. എന്നാൽ വോട്ടെടുപ്പിന് തൊട്ടു മുമ്പ് കോൺഗ്രസിനെ പിളർത്തി നടത്തിയ രാഷ്ട്രീയ നീക്കം എൻഡിഎയ്ക്ക് അനുകൂലമായി. പുതുച്ചേരിയിൽ കോൺഗ്രസ് വിമതരെ മുന്നിൽ നിർത്തി ബിജെപി അധികാരം പിടിച്ചു. ആറു എംഎൽഎമാരേയും ബിജെപിക്ക് കിട്ടി. ഇതിന് പിന്നിൽ വിയർപ്പൊഴുക്കിയത് ഏഷ്യാനെറ്റിന്റെ ഉടമസ്ഥനായിരുന്നു. ഈ സാഹചര്യമാണ് രാജീവ് ചന്ദ്രശേഖറിന് തുണയാകുന്നത്.

ബിജെപിക്കെതിരെ കഥകൾ മെനയണമെന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ ഇമെയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എല്ലാ ഘട്ടത്തിലും ചർച്ചയാക്കി. എന്നാൽ ഇതൊന്നും മോദി കാര്യമായെടുത്തില്ല. കർണ്ണാടകയിലെ ബിജെപിയിൽ ഗ്രൂപ്പുകളികൾ കൂടി പരിഗണിച്ചാണ് രാജീവ് ചന്ദ്രശേഖറിനെ കേന്ദ്ര മന്ത്രിസഭയിലേക്ക് എടുക്കുന്നത്. കർണ്ണാടകയിൽ ബിജെപിയുടെ സാധ്യത കൂട്ടുന്നതിനൊപ്പം കേരളത്തിലും മലയാളി എന്ന ലേബലിൽ രാജീവ് ചന്ദ്രശേഖറിന് പ്രവർത്തിക്കാൻ കഴിയും. കേന്ദ്രമന്ത്രിസഭയിൽ വി മുരളീധരനും തുടരും.

വി. മുരളീധരന് സ്വതന്ത്ര ചുമതല ലഭിക്കുമെന്നാണ് സൂചന. വലിയ മാറ്റങ്ങളോടെയാണ് മന്ത്രിസഭ വികസിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. കൂടുതൽ വനിതകൾക്ക് മന്ത്രിസ്ഥാനം നൽകുകയും ഭരണപരിചയമുള്ളവർക്ക് പ്രത്യേക പ്രാതിനിധ്യം ലഭിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേന്ദ്രമന്ത്രിമാരാകാൻ സാധ്യതയുള്ള ജ്യോതിരാദിത്യ സിന്ധ്യ, സർബാനന്ദ സോനോവാൾ, നാരായൺ റാണ, അനുപ്രിയ പട്ടേൽ തുടങ്ങിയവർ ഡൽഹിയിലെത്തി. കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയുടെ അവസാനവട്ട ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുകയാണ്. കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി തവർചന്ദ് ഗലോട്ടിനെ ഗവർണറാക്കിയത് കേന്ദ്രമന്ത്രിസഭയിൽ നടക്കാനിരിക്കുന്ന വലിയ അഴിച്ചുപണിയുടെ സൂചനയാണെന്നാണ് വിലയിരുത്തൽ.

81 അംഗങ്ങളെ വരെ ഉൾപ്പെടുത്താവുന്ന മന്ത്രിസഭയിൽ നിലവിൽ53 മന്ത്രിമാരാണ് ഉള്ളത്. പ്രകടനം തൃപ്തികരമല്ലാത്തവരെ മാറ്റാനും ഒരു മന്ത്രി തന്നെ കൂടുതൽ വകുപ്പുകൾ വഹിക്കുന്നത് കുറയ്ക്കാനുമാണ് തീരുമാനം.ഉജ്ജയിനിയിലെ മഹാകാൽ ക്ഷേത്രത്തിൽ പ്രാർത്ഥിച്ച ശേഷമാണ് ജ്യോതിരാദിത്യ സിന്ധ്യ ഡൽഹിക്ക് വിമാനം കയറിയത്. മധ്യപ്രദേശിൽ കോൺഗ്രസിന്റെ തകർച്ചയ്ക്ക് കളമൊരുക്കിയത് സിന്ധ്യയുടെ കൊഴിഞ്ഞുപോക്കാണ്. വി.മുരളീധരനും സ്വതന്ത്രചുമതല ലഭിക്കുമെന്നാണ് പ്രതീക്ഷ. കർണാടകയിൽ നിന്നുള്ള എംപിയായ ഏഷ്യാനെറ്റ് എംഡി രാജീവ് ചന്ദ്രശേഖറും ഇത്തവണ മന്ത്രിയായേക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മാനവവിഭവ ശേഷി വകുപ്പ് മന്ത്രി രമേശ് പൊഖ്റിയാലിനെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേ സമയം തവർചന്ദ് ഗഹലോത്തിനെ കർണാടക ഗവർണറാക്കിയതോടെ സാമൂഹ്യ നീതി വകുപ്പിൽ പുതിയ മന്ത്രിവരും. തൊഴിൽമന്ത്രി സന്തോഷ് ഗ്യാങ്വറും രാജിവച്ചതായും റിപ്പോർട്ടുണ്ട്. അനുരാഗ് താക്കൂർ, പുരുഷോത്തം രൂപല്ല, ജി കിഷൻ റെഡ്ഡി എന്നിവരെ കാബിനറ്റ് റാങ്കിലേക്ക് ഉയർത്തിയേക്കും. രണ്ടാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ വികസനത്തിന് മുന്നോടിയായി മന്ത്രിമാരായി പരിഗണിക്കുന്നവർ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി അദ്ദേഹത്തിന്റെ വസതിയിലെത്തി.

മന്ത്രിസഭയിലേക്ക് 20ൽ അധികം പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ. സ്ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവർക്കും കൂടുതൽ പ്രതിനിധ്യം ലഭിക്കുന്ന രീതിയിലായിരിക്കും പുനഃസംഘടന. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ലോക് കല്യാൺ മാർഗിലുള്ള പ്രധാനമന്ത്രിയുടെ വസതിയിലെത്തി. ഷായോടൊപ്പം ബിജെപി അധ്യക്ഷൻ ജെ.പി നഡ്ഡ, മീനാക്ഷി ലേഖി, സർബാനന്ദ സോനൊവാൾ, പുരുഷോത്തം രൂപാല, നിസിത് പ്രമാണിക്, ആർപിസി സിങ്ങ്, പശുപതി പരാസ്, എന്നിവരും അമിത്ഷായൊടൊപ്പം ഉണ്ടായിരുന്നു.

ശോഭാ കരന്തലജെ, നാരായൺ റാണെ, മീനാക്ഷി ലേഖി, ജ്യോതിരാദിത്യ സിന്ധ്യ, അനുപ്രിയാ പട്ടേൽ, സോനേവാൾ, അജയ് ഭട്ട്, സുനിത ദഗ്ഗൽ, ഭൂപേന്ദർ യാദവ്, ഹീനാ ഗാവിത്, കപിൽ പാട്ടീൽ എന്നിവർ മന്ത്രിമാരാകുമെന്നാണ് സൂചന. യു.പിയിൽ നിന്നുള്ള പാർലമെന്റ് അംഗം പങ്കജ് ചൗധരി, റീത്താ ബഹുഗുണ ജോഷി, വരുൺ ഗാന്ധി, രാഹുൽ കശ്വാൻ, സി.പി. ജോഷി എന്നിവരും ഡൽഹിയിലെത്തിയിട്ടുണ്ട്. ജെ.ഡി.യു. എംപിമാരായ ആർ.സി.പി.സിങ്, ലല്ലൻ സിങ് എന്നിവരും തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. നിലവിൽ പ്രധാനമന്ത്രി അടക്കം 54 പേരാണ് മന്ത്രിസഭയിലുള്ളത്. 81 അംഗങ്ങൾ വരെയാകാം മന്ത്രിസഭയിൽ.