ദുബായ്: പ്രവാസികളുടെ റേഡിയോ സ്റ്റാർ രാജീവ് ചെറായി അന്തരിച്ചു. പ്രിയ അവതാരകന്റെ വിയോഗം വിശ്വസിക്കാനാകാതെ പ്രവാസി മലയാളികൾ. മിഡിൽ ഈസ്‌റ് രാജ്യങ്ങളിൽ വൻ ആരാധകവൃന്ദമുള്ള ദുബായ് റേഡിയോ ഏഷ്യാ അവതാരകനായ രാജീവ് ചെറായി ആണ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സായിലായിരുന്നു രാജീവ് ചെറായി.

മഞ്ഞപ്പിത്ത ബാധിതനായാണ് രാജീവ് ചികിത്സാ തേടിയത്. കേരളത്തിന് പുറത്തെ ആദ്യ മലയാളം റേഡിയോ സ്റ്റേഷൻ ആയ ദുബായ് റേഡിയോ ഏഷ്യായിൽ അവതാരകനായിരുന്നു കഴിഞ്ഞ 20 വർഷക്കാലമായി രാജീവ് ചെറായി. അറബ് രാജ്യങ്ങളിൽ പ്രവാസി മലയാളികൾക്കിടയിൽ വൻ ആരാധക വൃന്ദമാണ് ചെറായിക്കുള്ളത്. വിദേശരാജ്യങ്ങളിലെ സ്റ്റേജ് ഷോകളിലും മിന്നും താരമായിരുന്നു രാജീവ്.

ദിലീപ് നാദിർഷ ടീമിനൊപ്പം ദേ മാവേലി കൊമ്പത്തു കാസറ്റ് സീരിസിലൂടെ ശ്രദ്ധേയനായിരുന്നു രാജീവ്. ഈ ടീമിനൊപ്പം മിമിക്രി വേദികളിലും സജീവമായിരുന്നു. രാജീവിന്റെ അപ്രതീക്ഷിത മരണം പ്രവാസി മലയാളികൾക്ക് അവിശ്വസനീയമായി. 1999 മുതൽ ദുബായിലെ റേഡിയോ ഏഷ്യയിൽ വിവിധ ജനപ്രിയ പരിപാടികൾ അവതരിപ്പിക്കുന്ന രാജീവ് ചെറായി റേഡിയോ ഏഷ്യയുടെ പ്രോഗ്രാം എക്സിക്യൂട്ടിവായിരുന്നു.

എറണാകുളം ജില്ലയിലെ ചെറായിയിൽ രവീന്ദ്രൻ വിശാലം ദമ്പതികളുടെ മകനാണ്. പറവൂർ ബോയ്സ് ഹൈസ്‌കൂൾ, എസ്.എൻ.എം മലയിങ്കര, കളമശേരി പോളിടെക്നിക് എന്നിവടങ്ങളിൽനിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി.അദ്ധ്യാപികയായ സംഗീതയാണ് ഭാര്യ. മകൻ: ആദിത്യ.