- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിരുദാനന്തര ബിരുദമുണ്ടെന്ന് പറഞ്ഞ് വിശ്വസ്തനായി; പണത്തിന് വേണ്ടി വെളുത്തമഠത്ത് 13-കാരിയേയും അച്ഛനേയും അമ്മയേയും കൊന്നു; ജാമ്യത്തിൽ ഇറങ്ങി തോവളാക്കരാൻ ഇരിങ്ങാലക്കുടയിലും എത്തിയോ? ആനീസിന്റെയും വിനീതയുടെയും കൊലപാതകങ്ങളിൽ സമാനതകൾ
ഇരിങ്ങാലക്കുട: രാജേന്ദ്രൻ സീരിയൽ കില്ലറാണ്. മോഷണത്തിന് വേണ്ടി എന്തും ചെയ്യുന്ന ക്രിമിനൽ. അതുകൊണ്ട് തന്നെ കേരളത്തിൽ പല കൊലപാതകങ്ങളും ഇയാൾ നടത്താനുള്ള സാധ്യത തിരിച്ചറിയുകയാണ് പൊലീസ്,. തിരുവനന്തപുരം അമ്പലമുക്കിൽ നഴ്സറി ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കന്യാകുമാരി സ്വദേശി എസ്. രാജേന്ദ്രനെതിരെ (49) പല സംശയങ്ങൾ ഉയരുന്നുണ്ട്.
ഇരിങ്ങാലക്കുടയിലെ ആനീസ് വധത്തിനു പിന്നിലും രാജേന്ദ്രനുണ്ടോ എന്ന സംശയത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. രാജേന്ദ്രന്റെ ചിത്രം പതിച്ച നോട്ടിസ് ഇരിങ്ങാലക്കുട മേഖലയിൽ പുറത്തിറക്കിയിട്ടുണ്ടെന്നു ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിജോ അലക്സാണ്ടർ അറിയിച്ചു. ഈസ്റ്റ് കോമ്പാറയിൽ ആനീസ് കൊല്ലപ്പെട്ട 2019ൽ രാജേന്ദ്രൻ ഇരിങ്ങാലക്കുട മേഖലയിൽ എത്തിയിരുന്നോ എന്നതാണു ക്രൈം ബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുന്നത്. പ്രദേശത്തെവിടെയെങ്കിലും ജോലി ചെയ്തിരുന്നോ എന്നതിലാണു വ്യക്തത തേടുന്നത്. ഹോട്ടലുകൾ, ഇറച്ചിക്കടകൾ എന്നിവ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്.
ആനീസിന്റെയും വിനീതയുടെയും കൊലപാതകങ്ങളിൽ പ്രകടമായ സമാനതകളാണു ക്രൈം ബ്രാഞ്ചിൽ സംശയം ജനിപ്പിക്കുന്നത്. കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റാണു വിനീതയുടെ മരണം. ആനീസിന്റെ കഴുത്തിലും സമാന മുറിവുണ്ടായിരുന്നു. ആഭരണം മോഷ്ടിക്കാനായിരുന്നു ഇരു കൊലപാതകങ്ങളും. മോഷ്ടിച്ചും പിടിച്ചുപറിച്ചും ആഭരണങ്ങൾ സ്വന്തമാക്കാൻ എന്തു ക്രൂരതയ്ക്കും മടിയില്ലാത്തയാളാണു രാജേന്ദ്രനെന്നു പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കവർച്ചയ്ക്കു വേണ്ടി റിട്ട. കസ്റ്റംസ് ഓഫിസറെയും ഭാര്യയെയും കൊലപ്പെടുത്തിയതടക്കം ഒട്ടേറെ ക്രിമിനൽ കേസുകൾ രാജേന്ദ്രൻ പേരിലുണ്ട്.
2019 നവംബർ 14ന് വൈകിട്ട് ആറരയോടെ വീട്ടിനുള്ളിൽ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിലാണ് ആനീസിന്റെ മൃതദേഹം കണ്ടെത്തിയത്. കൈകളിലെ വളകൾ മോഷണം പോയിരുന്നെങ്കിലും കാതിലെ കമ്മലും കഴുത്തിലെ മാലയും അലമാരയിലുണ്ടായിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നില്ല. ഭർത്താവിന്റെ മരണശേഷം ഒറ്റയ്ക്കായിരുന്ന ആനീസിനു വീട്ടിൽ കൂട്ടുകിടക്കാൻ ഒരു സ്ത്രീ എത്തിയിരുന്നു. ഇവരാണു മൃതദേഹം ആദ്യം കണ്ടത്. ആഭരണങ്ങൾ മോഷ്ടിക്കാൻ നടത്തിയ കൊലപാതകം എന്ന നിലയിലായിരുന്നു അന്വേഷണം. ഫൊറൻസിക് വിദഗ്ദ്ധർ വീട്ടിൽ പരിശോധന നടത്തിയിട്ടും ഒരു തെളിവും ലഭിച്ചിരുന്നില്ല.
വെളുത്തമഠത്തെ നടുക്കിയ തോവളക്കാരൻ
തോവാള സ്വദേശിയാണ് രാജേന്ദ്രൻ. മുൻപ് ഒറ്റദിവസം ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി. 2014 ഡിസംബർ 19-നായിരുന്നു കൈവിറയ്ക്കാതെയുള്ള ഇയാളുടെ ആദ്യകൊലപാതകം. അച്ഛനമ്മമാർക്കൊപ്പം 13-കാരിയായ പെൺകുട്ടിയെയും അന്ന് കൊലപ്പെടുത്തി. സ്വർണവും പണവും കൈക്കലാക്കാനായിരുന്നു ഇത്. വെള്ളമഠത്തായിരുന്നു ആ കൊല.
തോവാളയ്ക്ക് സമീപം താഴക്കുടി സ്വദേശിയായ രാജേന്ദ്രൻ 20 വർഷമായി വെള്ളമഠത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇയാളുടെ വീടിന് സമീപം താമസിച്ചിരുന്ന തിരുനെൽവേലിയിലെ കസ്റ്റംസ് ഉദ്യോഗസ്ഥനായ സുബ്ബയ്യൻ (53), ഭാര്യ വാസന്തി (48), വളർത്തുമകൾ അഭിശ്രീ (13) എന്നിവരെയാണ് ആദ്യം കൊലപ്പെടുത്തിയത്. ബിരുദാനന്തര ബിരുദമുണ്ടെന്ന് പറഞ്ഞിരുന്ന ഇയാൾ ആദ്യം പുതുഗ്രാമത്തിലെ ഒരു സ്വകാര്യസ്കൂളിൽ അദ്ധ്യാപകനായും പിന്നീട് രാധാപുരത്ത് ഒരു അനാഥാലയത്തിന്റെ നടത്തിപ്പുകാരനുമായിരുന്നതായി നാട്ടുകാർ അറിയിച്ചു. ഓഹരിവിപണിയിൽ നിക്ഷേപിക്കുന്ന സ്വഭാവവും ഇയാൾക്കുണ്ടത്രെ.
സുബ്ബയ്യന്റെ വീട്ടിൽ സ്വർണവും പണവും അധികമുണ്ടെന്ന് തോന്നിയാണ് ഇയാൾ കൊലപാതകം ആസൂത്രണം ചെയ്തത്. തനിക്ക് ഓഹരി നിക്ഷേപത്തിൽ നിന്നും 35 കോടിയോളം ലഭിച്ചിട്ടുണ്ടെന്നും വീട്ടിൽ സുരക്ഷയില്ലാത്തതിനാൽ ആരുവാമൊഴിയിൽ ഒരിടത്ത് ഒളിപ്പിച്ചിട്ടുണ്ടെന്നും ഇയാൾ സുബ്ബയ്യനെയും ഭാര്യയെയും ധരിപ്പിച്ചിരുന്നു. തുക സുബ്ബയ്യന്റെ വീട്ടിൽ സൂക്ഷിക്കണമെന്ന രാജേന്ദ്രന്റെ ആവശ്യത്തെ കുടുംബം അംഗീകരിച്ചു. തിരുനെൽവേലിയിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയിൽ കാവൽക്കിണറിൽ ഇറങ്ങാനും അവിടെ നിന്ന് തുക സൂക്ഷിക്കുന്ന സ്ഥലത്തെത്തി പണവുമായി മടങ്ങാമെന്നും ഇയാൾ സുബ്ബയ്യനോട് പറഞ്ഞിരുന്നു.
രാജേന്ദ്രൻ സുബ്ബയ്യനുമായി ബൈക്കിൽ സന്ധ്യയ്ക്ക് ആരുവാമൊഴിയിലെ വിജനമായ സ്ഥലത്തെത്തുകയും സുബ്ബയ്യനെ പിന്നിൽ നിന്ന് കുത്തിവീഴ്ത്തുകയുമായിരുന്നു. സുബ്ബയ്യന്റെ മൊബൈൽ ഫോണുമായി അയാളുടെ വീട്ടിലേക്ക് ബൈക്കിൽ പോയ പ്രതി വാസന്തിയോട് ഭർത്താവ് തുകയുമായി ഓട്ടോറിക്ഷയിൽ എത്തുമെന്ന് അറിയിച്ചു തുടർന്ന് മകളോട് വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ട പ്രതി വാസന്തിയെ വീടിന് പുറകിലേക്ക് വരാൻ ആവശ്യപ്പെട്ടു. അവിടെ വച്ച് അവരെയും കുത്തിക്കൊലപ്പെടുത്തിയ രാജേന്ദ്രൻ മടങ്ങിയെത്തി പെൺകുട്ടിയെ പിടിച്ചുയർത്തി നിലത്തടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ രാജേന്ദ്രനെ ആരുവാമൊഴി പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കേസിൽ ചാർജ് ഷീറ്റ് നൽകിയിരുന്നില്ല.
ഇരിങ്ങാലക്കുടയിലും സംശയം
2019 നവംബർ 14-ന് വൈകീട്ടാണ് ഈസ്റ്റ് കോമ്പാറയിൽ എലുവത്തിങ്കൽ കൂനൻ വീട്ടിൽ പരേതനായ പോൾസന്റെ ഭാര്യ ആനീസിനെ (58) വീടിനുള്ളിൽ കഴുത്തറുത്തുകൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഇരിങ്ങാലക്കുട മുൻ ഡിവൈ.എസ്പി. ഫേമസ് വർഗ്ഗീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണച്ചുമതല. പിന്നീട് പെരുമ്പാവൂർ ജിഷ കൊലക്കേസ് അന്വേഷിച്ച സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണസംഘം വിപുലീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഘാതകരെ കണ്ടെത്താൻ അന്വേഷണസംഘത്തിനായില്ല. ഇതിനിടയിൽ കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്നാവശ്യപ്പെട്ട് വീട്ടുകാർ മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നൽകിയിരുന്നു.
മക്കൾ വിദേശത്തായിരുന്ന ആനീസ് വീട്ടിൽ തനിച്ചായിരുന്നുവെങ്കിലും വളരെ ധീരമായ വ്യക്തിത്വം പ്രകടിപ്പിച്ചിരുന്ന ഒരു സ്ത്രീയായിരുന്നു. ഒരു സ്ത്രീ ഒറ്റക്ക് താമസിക്കുന്നതിലെ അപകട സാദ്ധ്യത മുന്നിൽ കണ്ട് തന്റെ തലയിണക്ക് കീഴിൽ ഒരു വെട്ടു കത്തിയും കട്ടിലിനു താഴെയായി ഒരു ഇരുമ്പ് പൈപ്പും സദാ സമയം സൂക്ഷിച്ചിരുന്ന സ്ത്രീ. അപരിചിതർ ആരെങ്കിലും വീട്ടിൽ വന്നാൽ ജനൽ വാതിൽ മാത്രം തുറന്ന് സംസാരിക്കുന്ന ആനീസിനെ വീട്ടിലെ ഇരിപ്പുമുറിയിൽ കൊലപ്പെട്ട നിലയിലാണ് കണ്ടെത്തിയത് എന്നതും, പിൻവാതിൽ പുറത്ത് നിന്നും പൂട്ടിയിരുന്നതും കൊല നടത്തിയത് പരിചയക്കാരായിക്കാം എന്നതിലേക്ക് വിരൽ ചൂണ്ടുന്നു. അതുകൊണ്ട് തന്നെ കൊലയാളി അടുത്തു തന്നെയുണ്ടെന്ന് നാട്ടുകാർ വിലയിരുത്തിയിരുന്നു. ഈ സമയത്ത് രാജേന്ദ്രൻ ഈ മേഖലയിൽ പണിയെടുത്തോ എന്നാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ പരിശോധിക്കുന്നത്.
ആയുധം പൊതിഞ്ഞുകൊണ്ടുവന്നതാണെന്ന് സംശയിക്കുന്ന ഒരു മലയാള ദിനപ്പത്രത്തിന്റെ തൃശൂർ എഡിഷന്റെ പേജു മാത്രമാണ് ഇതുവരെ പൊലീസിനു ലഭിച്ചത്. ആയുധം കണ്ടെത്താൻ സമീപപ്രദേശങ്ങളിലെല്ലാം കാടും പടലും വെട്ടിത്തെളിച്ച് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സിസി ടിവി കാമറ കൊലപാതകം നടന്ന വീട്ടിലോ അയൽപക്കങ്ങളിലോ ഇല്ലെങ്കിലും, വീട്ടിലേക്കുള്ള വഴിയിലുള്ള സിസി ടിവി കാമറകളിലെ ദൃശ്യങ്ങളും ചാനലുകാർ പകർത്തിയ ദൃശ്യങ്ങളുമെല്ലാം പൊലീസ് പരിശോധിച്ചെങ്കിലും അതെല്ലാം വെറുതെയായി. ഇതരസംസ്ഥാനക്കാർ, ആനീസിന്റെ ലൗ ബേർഡ്സ് ബിസിനസിലെ ഇടപാടുകാർ, ബന്ധുക്കൾ തുടങ്ങി നിരവധിപേരെ ആനീസ് കേസുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഭർത്താവിന്റെ മരണശേഷം ഒറ്റയ്ക്കു താമസിച്ചിരുന്ന ആനീസിനു രാത്രി കൂട്ടുകിടക്കാൻ വരാറുള്ള അടുത്ത വീട്ടിലെ പരിയാടത്ത് രമണി 14നു വൈകീട്ട് വീട്ടിൽ എത്തിയപ്പോഴാണ് വീടിന്റെ മുന്നിലെ വാതിൽ പുറത്തുനിന്ന് അടച്ചനിലയിൽ കണ്ടത്.
തുടർന്ന് അകത്തുകയറി നോക്കിയപ്പോഴാണ് ഡ്രോയിങ് മുറിക്കടുത്തുള്ള മുറിയിൽ രക്തത്തിൽ കുളിച്ചുമരിച്ച നിലയിൽ ആനീസിനെ കണ്ടത്. കോമ്പാറ ആനീസ് വധക്കേസിൽ സൂചനകൾ ലഭിക്കാൻ പൊലീസ് പെട്ടികൾ സ്ഥാപിച്ചിരുന്നു. സെന്റ് തോമസ് കത്തീഡ്രൽ ഓഫീസ് പരിസരത്തും മാർക്കറ്റിലുമാണ് ജനമൈത്രി പൊലീസിന്റെ പേരിൽ പരാതിപ്പെട്ടികൾ സ്ഥാപിച്ചത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിനോട് നേരിട്ട് പറയാൻ ബുദ്ധിമുട്ടുള്ളവരെ ലക്ഷ്യമാക്കിയാണ് പെട്ടികൾ സ്ഥാപിച്ചത്. എന്നാൽ ഇതൊന്നും ഫലം കണ്ടില്ല.
മറുനാടന് മലയാളി ബ്യൂറോ