തിരുവനന്തപുരം: അമ്പലമുക്ക് കൊലപാതകത്തിൽ പ്രതി കുറ്റസമ്മതം നടത്തി.സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. കന്യാകുമാരി സ്വദേശി രാജേഷാണ് അറസ്റ്റിലായത്. പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യുന്നത്. മാല മോഷ്ടിക്കാനാണ് അമ്പലമുക്കിലെ കൊലപാതകത്തിന് പിന്നിൽ.

രാജേഷ് മാലമോഷണ ശ്രമത്തിനിടെ യുവതിയെ കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. നാഗർകോവിലിന് സമീപമാണ് ഇയാളുടെ വീട്. പേരൂർക്കട പൊലീസ് സ്‌റ്റേഷന് സമീപമുള്ള ഹോട്ടലിലെ ജീവനക്കാരനാണ്. അടുക്കള ജോലിയായിരുന്നു ചെയ്തിരുന്നത്. സിസിടിവി ദൃശ്യങ്ങലാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. ഈ രൂപത്തിലുള്ള ഇതരസംസ്ഥാനക്കാരെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്. ഹോട്ടലുകാരിൽ നിന്ന് വിവരങ്ങൾ മനസ്സിലാക്കി നാഗർകോവിൽ എത്തി. കാവൽകിണർ എന്ന സ്ഥലത്തു നിന്ന് അറസ്റ്റു ചെയ്തു. തലസ്ഥാനത്ത് മറ്റെവിടെയെങ്കിലും ഇയാൾ കുറ്റകൃത്യം ചെയ്തിട്ടുണ്ടോ എന്നും കണ്ടെത്താൻ വേണ്ടി കൂടിയാണ് ചോദ്യം ചെയ്യൽ.

രാജേഷിന് കൊലപാതകത്തിനിടെ പരിക്കേറ്റിരുന്നു. പേരൂർക്കട ആശുപത്രിയിലെ ചികിത്സക്ക് ശേഷമാണ് തമിഴ്‌നാട്ടിലേക്ക് കടന്നതെന്നാണ് വിവരം. മോഷണത്തിന് വേണ്ടിയായിരുന്നു കൊലപാതകം.സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.കഴിഞ്ഞ ഞായറാഴ്ചയാണ് അമ്പലമുക്കിൽ ചെടി വിൽപ്പന നടത്തുന്ന കടയിലെ ജീവനക്കാരി വിനീത കൊല്ലപ്പെട്ടത്. കഴുത്തറുത്തുകൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

കൊല നടത്തിയ ശേഷം പ്രതി അമ്പലമുക്കിൽ നിന്നും ഓട്ടോയിൽ കയറി പോകുകയായിരുന്നു. പൊലീസ് പുറത്തുവിട്ട സി.സി.ടി.വി ദൃശ്യങ്ങളും രേഖാചിത്രവും കണ്ട ഓട്ടോ ഡ്രൈവറാണ് പൊലീസിന് വിവരം നൽകിയത്. ചെടികൾക്ക് വെള്ളമൊഴിക്കാനെത്തിയ യുവതിയെ 11 മണിവരെ സമീപവാസികൾ പുറത്തുകണ്ടിരുന്നു. അതിന് ശേഷം നഴ്‌സറിയിൽ ചെടിവാങ്ങാനെത്തിയ ചിലർ ആരെയും കാണാത്തതിനെ തുടർന്ന് ബോർഡിൽ എഴുതിയിരുന്ന നമ്പരിൽ ഉടമസ്ഥനെ വിളിച്ചപ്പോഴാണ് വിനീത ഇല്ലെന്ന് മനസ്സിലായാത്.

ഇതോടെ ഉടമ മറ്റൊരു ജീവനക്കാരിയെ ഇവിടേക്ക് പറഞ്ഞയച്ചു. ഇവരെത്തി പരിശോധിച്ചപ്പോഴാണ് നഴ്‌സറിയുടെ ഇടത് വശം ഇടുങ്ങിയ സ്ഥലത്ത് വളം വയ്ക്കുന്ന സ്ഥലത്ത് ടാർപ്പോളിനടിയിൽ മൃതദേഹം കണ്ടത്. കൊലയ്ക്ക് അമ്പലമുക്കിൽ നിന്നും ഓട്ടോയിൽ കയറി മുട്ടട ഇറങ്ങിയ പ്രതി മറ്റൊരു സ്‌കൂട്ടറിൽ കയറി ഉള്ളൂരിലിറങ്ങി. ഇവിടെ നിന്നും ഒരു ഓട്ടോയിൽ കയറി പേരൂർക്കട ഇറങ്ങി. ഈ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.

നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽ നിന്ന് സ്‌കൂട്ടറിന്റെ റജിസ്‌ട്രേഷൻ നമ്പർ ശേഖരിച്ചാണ് സ്‌കൂട്ടർ ഓടിച്ചിരുന്ന ശ്രീകാര്യം ചാവടിമുക്ക് സ്വദേശിയെ കണ്ടെത്തിയത്. ഇയാൾ നൽകിയ അടയാളങ്ങളുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് ഭാഗത്തെ ലോഡ്ജുകൾ, അന്യ സംസ്ഥാന തൊഴിലാളി ക്യാംപുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തിയിരുന്നു പൊലീസ്. ചെടിക്കടയ്ക്കു സമീപത്തെ നീരീക്ഷണ ക്യാമറയിൽ ഞായറാഴ്ച രാവിലെ 11ന് ഒരാൾ കടയ്ക്കുള്ളിലേക്കു കയറിപ്പോകുന്നതും 20 മിനിറ്റിനു ശേഷം പുറത്തിറങ്ങുന്നതും വ്യക്തമായിരുന്നു.

കടയ്ക്കു സമീപത്തു നിന്നു മെഡിക്കൽ കോളജിലേക്കു പോകണമെന്നു പറഞ്ഞാണ് പ്രതിയെന്നു സംശയിക്കുന്നയാൾ ഓട്ടോറിക്ഷയിൽ കയറുന്നത്. മുട്ടട ജംക്ഷനു സമീപമെത്തിയപ്പോൾ അവിടെ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു. വസ്ത്രങ്ങളിൽ രക്തക്കറ പറ്റിയതു ഓട്ടോറിക്ഷാ ഡ്രൈവർ ശ്രദ്ധിച്ചതായി സംശയിച്ചതു കൊണ്ടാകാം മുട്ടടയിൽ ഇറങ്ങിയതെന്നും ആലപ്പുറം കുളത്തിനു സമീപത്തു ചുറ്റിത്തിരിയുന്നതിനിടെ വസ്ത്രം മാറാൻ കാരണം ഇതായിരിക്കാമെന്നും പൊലീസ് അനുമാനിച്ചു.

ഉച്ചയ്ക്ക് 12.11 നാണ് സ്‌കൂട്ടർ യാത്രക്കാരനോട് ലിഫ്റ്റ് ചോദിക്കുന്നത്. മെഡിക്കൽ കോളജിലേക്കു പോകണമെന്നാണ് ഇയാളോടും ആവശ്യപ്പെട്ടത്. ഉള്ളൂരിൽ ഇറക്കിയെന്നാണ് സ്‌കൂട്ടർ യാത്രക്കാരൻ പറഞ്ഞത്. ഈ ഭാഗത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് നിർണ്ണായക സൂചനകൾ സംഘടിപ്പിച്ചത്.