- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിമാനത്തോടെ ജോലി ചെയ്യാൻ സാധിച്ചില്ലെങ്കിൽ കാക്കി ഊരി വെച്ച് കിളക്കാൻ പോകും സർ! സിനിമാ ഡയലോഗിന് അപ്പുറത്തേക്ക് കൃഷിയെ സ്നേഹിക്കുന്ന പൊലീസുകാരൻ; ഇത് കൃഷിയും കന്നുകാലി-മീൻ വളർത്തലും ഒക്കെ ജീവശ്വാസമായി കാണുന്ന തിരുവല്ല എ എസ് ഐ; കർഷകശ്രീ രാജേഷിന്റേത് മൈനാഗപ്പള്ളിയിലെ വിപ്ലവം
ആലപ്പുഴ: അഭിമാനത്തോടെ ജോലി ചെയ്യാൻ സാധിച്ചില്ലെങ്കിൽ ജോലി കാക്കി ഊരി വെച്ച് കിളക്കാൻ പോകും സർ. പഴയ രജ്ഞിപണിക്കർ- ഷാജി കൈലാസ്, എൈവി ശശി- ടി ദാമോദരൻ സിനിമകളിൽ ഈജ്ജാതി മാസ് ഡയലോഗ് പറഞ്ഞ് കയ്യടി വാങ്ങിക്കുന്ന പൊലീസ് കഥാപാത്രങ്ങളേ നമ്മൾ കണ്ടിട്ടുണ്ട്. ഈ പൊലീസുകാരന് ഇവരോട് സാമ്യമുണ്ട് എന്നാൽ തികച്ചും വ്യത്യസ്ഥനുമാണ്. ഇത്തരം ഡയലോഗുകൾ പറഞ്ഞ മാസ് കഥാപാത്രങ്ങൾ എല്ലാം പൊലീസായിരുന്നു എന്നതാണ് സാമ്യം. അവരാരും തൂമ്പ പിടിച്ചില്ല, കിളച്ചില്ല, വിതച്ചില്ല കൊയ്തതുമില്ല എന്നാൽ ഈ കക്ഷി ഇത് എല്ലാം ചെയ്തു ഇതാണ് വ്യത്യാസം.
കൃഷിയും, കന്നുകാലി വളർത്തലും,മീൻ വളർത്തലും ഒക്കെ തന്റെ ജീവശ്വാസമായി കാണുന്ന ഈ പൊലീസുകാരന്റെ പേര് രാജേഷ് എന്നാണ്. ഇദ്ദേഹം തിരുവല്ല പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്.എ ആണ്. ഉത്തരവാദിത്വം ഏറേയുള്ള പൊലീസ് ജോലിക്കിടയിലും കാർഷികവൃത്തി ഭംഗിയായും ചിട്ടയായും മുന്നോട്ട് കൊണ്ട് പോകാൻ രാജേഷിന് സാധിക്കുന്നു. കൊല്ലം മൈനാഗപ്പള്ളി കാരൂർകടവ് മലമേലയ്യത്ത് എന്ന വീട്ടിലേക്ക് കടന്ന് ചെല്ലുന്നവർക്ക് കാണാൻ കഴിയും ഈ പേലീസുകാരന്റെ കൃഷിതഴക്കം. വീടിനു മുന്നിലുള്ള കനാലിന്റെ വശങ്ങളിൽ ഭംഗിയായി തീറ്റപ്പുൽ കൃഷി ആണ് ആദ്യത്തെ കാഴ്ച. കനാലും ചെമ്മൺ റോഡും ഈ തീറ്റപ്പുൽ കൃഷിയും കാഴ്ചക്കാരേ ഗൃഹാതുരത്വമായ ഒരു പഴയകാലത്തേക്ക് കൂട്ടി കൊണ്ട് പോകും. കറവയുള്ള നാലഞ്ച് പശുകൾ തൊഴുത്തിൽ വിലസുന്നുണ്ട്. മൂന്ന് എണ്ണം കറവയുള്ളതാണ് അതുകൊണ്ട് തന്നെ പരിചരണം കൂടുതൽ ആവിശ്യമാണ്. അതിരാവിലെ തൊഴുത്തിൽ എത്തി ചാണകം നീക്കം ചെയ്ത് പശുക്കളേ കുളിപ്പിക്കണം. കറവക്കാരൻ വരും മുൻപേ പശുവും തൊഴുത്തും വൃത്തിയായിരിക്കും. കറവക്കാരൻ എത്തിയില്ലെങ്കിൽ ശങ്കിച്ചു നിൽക്കാതെ രാജേഷ് തന്നെ കറവക്കലം കൈയിലെടുക്കും. പാൽ കറന്ന് തൊട്ടടുത്തുള്ള സൊസൈറ്റിയിൽ എത്തിക്കുന്നതും പശുകളുടെ പരിചരണവുമാണ് ദിനചര്യകളിലെ ആദ്യത്തെ പരുപാടി.
പതിനഞ്ചോളം ആടുകൾ രാജാക്കന്മാരേ പോലെ വാഴുന്ന ആട്ടിൻ കൂട് ഇവിടുത്തെ കാണേണ്ട കാഴ്ചകളിൽ ഒന്നാണ്. വിവിധ പ്രായത്തിലുള്ള ആടുകൾ കൂട്ടിനുള്ളിലുണ്ട്. ആടിനേ കറന്ന് പാൽ എടുക്കുന്ന ശീലം ഇല്ല. ആടിന്റെ പാല് അതിന്റെ കുഞ്ഞിന് എന്നതാണ് രാജേഷിന്റെ തത്വം. അതിന്റെ ഗുണം ആട്ടിൻകുട്ടികളേ കണ്ടാൽ അറിയാം. ശങ്കരാടിയുടെ ഭാഷയിൽ പറഞ്ഞാൽ ഗഡാഗഡിയന്മാരായ ആട്ടിൻകുട്ടികൾ. ആട്ടിൽ കൂട്ടിലെക്ക് വേണ്ട പുല്ലും പ്ലാവില തൂപ്പും കൂട്ടിലെത്തിച്ച് കൊടുക്കുന്നതാണ് രണ്ടാം ഘട്ടം. വാങ്ങുന്നവർ നല്ലപോലെ നോക്കാം എന്ന് ഉറപ്പ് നൽകിയാൽ മാത്രമേ ആട്ടിൻകുഞ്ഞുങ്ങളേ വിൽക്കാറുള്ളു.
വീടിനോട് ചേർന്നുള്ള പുരയിടത്തിൽ കാല് വെയ്ക്കുവാൻ പോലും സ്ഥലമില്ല എന്നതാണ് സത്യം. വാഴയും ചേമ്പും, കാച്ചിലുമാണ് ഇപ്പോഴവിടെ സ്ഥാനം പിടിച്ചിരിക്കുന്നത്. സീസൺ അനുസരിച്ച് ഇനങ്ങൾ മാറിമാറി വരും. പാവലും പടവലും പിടിക്കുന്ന കാലം എങ്കിൽ അത്. എന്തായാലും പച്ചക്കറി കൃഷി ഉഷാറായി നടക്കുന്നു. ഒരു കുഴി എടുത്ത് ഒരു വാഴ വെച്ച് പോയിട്ട് കുലവെട്ടാൻ തിരിച്ച് വരുന്ന തട്ടീക്കൂട്ട് കൃഷിയല്ല രാജേഷിന്റെത് എന്നത് അറിയണം എങ്കിൽ വാഴയുടെയും കാച്ചിലിന്റെയും ഒക്കെ ചുവട്ടിലേക്ക് നോക്കിയാൽ മതി. വൃത്തിയായി തടം എടുത്ത് വളമിട്ട് പരിചരിക്കുന്ന ശൈലി കാണുമ്പോൾ തന്നെ കൃഷിയോടുള്ള രാജേഷിന്റെ അഭിനിവേശം നമുക്ക് മനസിലാകും. പശുവിന്റെ ചാണകവും ഗോമൂത്രവും ആട്ടിൻകാഷ്ടവും പച്ചിലവളവും ചേർക്കുന്ന ജൈവവളക്കൂട്ടാണ് ഈ കൃഷിയിടത്തെ ഫലഭൂയിഷ്ടമാക്കുന്നത്.
രാജേഷിന്റെ വീടിന് കുറച്ച് അകലെയായി വിശാലമായ പാടശേഖരമാണ്. അവിടെ രണ്ടേക്കറോളം സ്ഥലം രാജേഷിന്റെ കുടുംബവകയാണ്. ആ വയലിലേക്ക് ചെല്ലുമ്പോഴാണ് ഇദ്ദേഹത്തിന്റെ വളർത്തുമീൻ കൃഷി. വയലിന്റെ ഓരത്ത് ഇവർ തന്നെ കുഴിച്ച ഒരു കുളം. അതിൽ വിളഞ്ഞ കരട്ടികൾ ( അനാബസ്) തലകുത്തിമറിയുന്ന കാഴ്ച അതോരു ഒന്നോന്നര കാഴ്ചയാണ്. രാവിലെ ഇവിടെ എത്തി എന്നും മീനുകൾക്ക് തീറ്റ നൽകുന്നത് ഈ പൊലീസുകാരന്റെ ദിനചര്യകളിൽ പ്രധാനപ്പെട്ടതാണ്. കുളത്തിനോട് ചേർന്നുള്ള വയലിലാണ് ഇദ്ദേഹത്തിന്റെ നെല്ല് കൃഷി. ഇപ്പോൾ ഇവിടെ മുണ്ടകനാണ് വിതച്ചിരിക്കുന്നത്. വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങളിൽ കൃഷി ചെയ്യുന്ന ഓണാട്ടുകരയുടെ തനത് ഇനമാണ് ഇത്. ഇടക്ക് ഇപ്പഴോ നെല്ല് കൃഷിയിൽ നഷ്ടം പറ്റി പോക്കറ്റിനു തട്ട്കേട് ഉണ്ടായത് കൂടുതൽ ജാഗ്രതയോടെ നെല്ല്കൃഷിയേ സമീപിക്കാൻ പ്രാപ്തനാക്കി എന്നാണ് ഇദ്ദേഹത്തിന്റെ വിശ്വാസം.
കൃഷി രാജേഷിന്റെ രക്തത്തിൽ അലിഞ്ഞത് അപ്പുപ്പൻ അടക്കമുള്ള പിതൃതലമുറയിൽ നിന്നാണെങ്കിൽ കാക്കി ദേഹത്ത് കയറിയതിനും ഒരു പാരമ്പര്യമുണ്ട് ഇദ്ദേഹത്തിന്റെ അച്ഛൻ രാഘവൻ നായർ റിട്ടയേർഡ് സബ് ഇൻപെക്ടറാണ്. ഭാര്യ മുത്തൂറ്റ് ഫിനാൻസിലെ മാനേജരായ ഗായത്രി ദേവി, വിദ്യാർത്ഥികളായ മക്കൾ കൃഷ്ണനുണ്ണിയും, ഉണ്ണിമായയും, സഹോദരനും അദ്ധ്യാപകനുമായ ബിജുവും, സഹോദരിയായ രശ്മിയുമാണ് കൃഷിയിലും ജീവിതത്തിലും രാജേഷിന് പിൻതുണ, തിരക്കേറിയ ജോലിക്കിടയിൽ സുഗമമായ രീതിയിൽ കൃഷി മുന്നോട്ട് പോകുന്നത് കലവറയില്ലാത്ത ഇവരുടെ സഹകരണത്തിന്റെ ബലത്തിലാണ് എന്ന് രാജേഷ് പറയുന്നു. പഴശ്ശിയുടെ യുദ്ധങ്ങൾ കമ്പിനി കാണാൻ പോകുന്നതേ ഉള്ളു എന്ന രീതിയിൽ രാജേഷ് പറയുന്നുണ്ട് റിട്ടേർമെന്റിന് ശേഷമുള്ള തന്റെ കൃഷി സ്വപ്നങ്ങളെ പറ്റി. സർക്കാറിന്റെ ഭാഗത്ത് നിന്നും കൃഷിക്ക് ലഭിക്കുന്ന സഹായങ്ങൾ വേണ്ട രീതിയിൽ വിനിയോഗിച്ചാൽ തന്നെ കാർഷികമേഖലയിലെ സ്വയംപര്യാപ്തയിലെക്ക് മലയാളിക്ക് കടക്കാം എന്ന് രാജേഷിന്റെ കണ്ടെത്തൽ. കൃഷി വകുപ്പ് വഴി വിതരണം ചെയ്യുന്ന പദ്ധതികൾ പണം വാങ്ങിയെടുക്കുക എന്ന് കേവലമാക്കാതെ കൃത്യമായി ഉപയോഗിക്കാൻ പഠിക്കണം. കൃഷി വകുപ്പിൽ നിന്നും ലഭിച്ച തന്റെ വെർമികമ്പോസ്റ്റ് പ്ലാന്റ് ഇദ്ദേഹം ഉദാഹരണമായി ചൂണ്ടികാട്ടുന്നു. 25,000 രൂപ അനുവദിച്ച് കിട്ടിയപ്പോൾ അയ്യായിരം കൂടെ ചെലവാക്കി മുപ്പതിനായിരം രൂപയ്ക്കാണ് പ്ലാന്റ് കെട്ടിയത്. കൃഷി ചെയ്യാൻ താൽപര്യം ഉള്ളവരാണ് എങ്കിൽ തന്റെ അടുത്ത രണ്ട് തലമുറയ്ക്ക് ഈ പ്ലാന്റ് ഉപയോഗിക്കാം എന്ന് രാജേഷ് പറയുന്നു.
കൃത്യമായ പ്ലാനിഗും പദ്ധതിയും അതാണ് തിരക്കേറിയ ജോലിക്കിടയിലും കൃഷിക്കായി സമയം കണ്ടെത്താൻ രാജേഷിനേ സഹായിക്കുന്നത്. കൃഷിയുടെ വിജയം പക്ഷേ ഉള്ളിൽ നിറഞ്ഞിരിക്കുന്ന അഭിനിവേശം തന്നെയാണ്. കൃഷിയിൽ ലാഭം ഉണ്ടാക്കുക എന്നതല്ല കൃഷി ചെയ്യുക എന്നതാണ് രാജേഷിന്റെ ആത്മവാക്യം. മണ്ണിനോടും മനുഷ്യനോടും സ്നേഹമുണ്ടായിരിക്കുക മണ്ണിലേക്കിറങ്ങുക വിത്ത് വിതക്കുക ഇത് മാത്രമാണ് രാജേഷ് എന്ന ഈ പൊലീസുകാരന് സമൂഹത്തോട് പറയാൻ ഉള്ളത്. മനസ് നിറക്കുന്ന വാക്കുകളും കണ്ണ് കുളിർക്കുന്ന കാർഷികകാഴ്ചകളും സമ്മാനിക്കുന്ന ഈ പൊലീസുകാരന്, ഇവിടം കണ്ടിറങ്ങുന്നവർ ഹൃദയത്തിൽ നിന്നൊരു സല്യൂട്ട് നൽകി മനസ്സിൽ ഇങ്ങനെ പറയും 'സാറേ സാറ് സൂപ്പറാ'....