കൊല്ലം: അഞ്ചാലുംമൂട് കുപ്പണയിലെ ആൾപാർപ്പില്ലാത്ത വീടിന്റെ സെപ്ടിക് ടാങ്കിൽ നിന്നു വീട്ടമ്മയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്ത കേസിൽ കാമുകനും സമീപവാസിയുമായ രാജേഷിനെ (42) പൊലീസ് പിടികൂടി. അവിഹത ബന്ധവും അതു സംബന്ധിച്ച പ്രശ്‌നങ്ങളുമാണ് കൊലയ്ക്ക് കാരണം. കൂട്ടുപ്രതിയായ സുഹൃത്തിനായി തെരച്ചിൽ തുടരുന്നു.

ഒരു വർഷം മുൻപ് കാണാതായ വെട്ടുവിള സ്വദേശി ശ്രീദേവിയുടെ മൃതദേഹാവശിഷ്ടങ്ങൾ കഴിഞ്ഞ 19നാണ് കണ്ടെടുത്തത്. അഞ്ചാലുംമൂട് കുപ്പണ പോങ്ങുംതാഴെ ക്ഷേത്രത്തിന് സമീപം കായൽവാരത്തിന് സമീപമുള്ള ഒഴിഞ്ഞ കെട്ടിടത്തിന്റെ പിറകിലെ സെപ്ടിക് ടാങ്കിൽ മൃതദേഹം ഉണ്ടെന്ന് മനസ്സിലാക്കിയത്. പൊലീസിന് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഈ ഊമക്കത്താണ് കാര്യങ്ങൾ മാറ്റി മറിച്ചത്. ഇല്ലായിരുന്നുവെങ്കിൽ ശ്രീദേവി കാണാതായി എന്ന നിലയിൽ കാര്യങ്ങൾ ഒതുങ്ങിയേനെ.

ഭർത്താവ് ഉപേക്ഷിച്ച ശ്രീദേവിയുടെ വീട്ടിൽ രാജേഷ് വാടകയ്ക്ക് താമസിക്കാനെത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം തുടങ്ങിയത്. ശ്രീദേവിയുമായി സമീപവാസിയായ രാജേഷിന് വഴിവിട്ട ബന്ധം ഉണ്ടായിരുന്നു. 2014 സെപ്റ്റംബർ 6ന് ഉത്രാട ദിവസം രാത്രിയിൽ കായൽവാരത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ശ്രീദേവിയെത്തി. അന്ന് രാജേഷിനൊപ്പം ഒരു സുഹൃത്ത് കൂടിയുണ്ടായിരുന്നു. ഇരുവരും മദ്യ ലഹരിയിലായിരുന്നു. സുഹൃത്തുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന രാജേഷിന്റെ ആവശ്യം ശ്രീദേവി നിരസിച്ചു. ഇതോടെ രാജേഷും സുഹൃത്തും ചേർന്ന് ഇവരെ മർദ്ദിച്ചു. തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

തുടർന്ന് കുറച്ചുസമയം അവിടെ ചെലവഴിച്ച പ്രതികൾ മൃതദേഹം വലിച്ചിഴച്ച് വീടിന്റെ പിറകുവശത്തെ സെപ്റ്റിക് ടാങ്കിൽ ഇട്ടു. മൃതദേഹത്തിന് പുറത്ത് പാറയിട്ട് സെപ്റ്റിക് ടാങ്കിന്റെ മൂടികൊണ്ടടച്ചു. അവിടെനിന്നും മുങ്ങിയ പ്രതികൾ സിംകാർഡുകൾ നശിപ്പിച്ചിരുന്നു. സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ഫോണിൽപ്പോലും ബന്ധപ്പെട്ടിരുന്നില്ല. പലയിടങ്ങളിലും ജോലിചെയ്തശേഷം കണ്ണൂരിൽ ഒരു കോൺട്രാക്ടറുടെ കൂടെ മേസ്തിരിപ്പണി ചെയ്ത് കഴിയുകയായിരുന്നു രാജേഷ്.

പിറ്റേന്ന് മുതൽ വീട്ടമ്മയെയും രാജേഷിനെയും കാണാതായപ്പോൾ ഒളിച്ചോടിയെന്നാണ് നാട്ടുകാരും ബന്ധുക്കളും കരുതി. ഭർത്താവ് ഉപേക്ഷിച്ച ശ്രീദേവിയുടെ വീട്ടിൽ രാജേഷ് വാടകയ്ക്ക് താമസിക്കാനെത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം തുടങ്ങിയത്. രാജേഷും ഭാര്യയുമായി വേർപെട്ട് ജീവിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഒളിച്ചോട്ട കഥയ്ക്ക് സമൂഹം അംഗീകാരവും നൽകി. ഇതോടെ സംശയങ്ങളും നീങ്ങി. രാജേഷിനേയും ആരും തിരിക്കയില്ല. അതിനിടെയാണ് ഊമക്കത്ത് എത്തിയത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ. ഭാര്യയും ഒരു കുട്ടിയും ഉണ്ടെങ്കിലും ബന്ധം വേർപെടുത്തി കഴിയുകയാണെന്ന് പൊലീസ് പറഞ്ഞു.

തലയോട്ടിയും മറ്റ് അവശിഷ്ടങ്ങളും സ്ത്രീയുടേതെന്ന് സംശയിക്കുന്ന മുടിയും മാലയും കമ്മലും അടിവസ്ത്രങ്ങളും സെപ്ടിക് ടാങ്കിൽ നിന്നു കണ്ടെടുത്തതോടെയാണ് കള്ളക്കളികൾ പുറത്തായത്. മൃതദേഹാവശിഷ്ടങ്ങൾ ശ്രീദേവിയുടേത് തന്നെയെന്ന് ഉറപ്പിക്കാൻ അസ്ഥികൂടത്തിന്റെ ചില ഭാഗങ്ങൾ ഡി.എൻ.എ പരിശോധനയ്ക്ക് അയച്ചു. മൃതദേഹത്തിനോടാപ്പം കണ്ടെത്തിയ ആഭരണങ്ങൾ ശ്രീദേവിയുടേതാണെന്ന് മകൾ തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് കാമുകൻ രാജേഷിനെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ണൂരിൽ നിന്നാണ് ഇയാളെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. രാജേഷിനെ ഇന്നലെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

ഊമക്കത്തിന്റെ ഉറവിടത്തെക്കുറിച്ച് പൊലീസിന് ചില സൂചനകൾ ലഭിച്ചിട്ടുണ്ടെങ്കിലും പുറത്ത് വിടാൻ തയ്യാറായിട്ടില്ല. രാജേഷിനും സുഹൃത്തിനും പുറമേ സംഭവമറിയാവുന്ന മൂന്നാമതൊരാളാണ് കത്തയച്ചതെന്നാണ് വിവരം. രാജേഷിനെ കോടതി റിമാൻഡ് ചെയ്തു.