തിരുവനന്തപുരം: പീഡനത്തിനിരയായ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തിൽ ബന്ധുവായ പ്രതിയെ പൊലീസ് പിടികൂടി. ശാർക്കര മഞ്ചാടിമൂട് മണ്ണാംകുടിവയൽത്തിട്ടയിൽ വീട്ടിൽ രാജേഷ് (30) ആണ് അറസ്റ്റിലായത്. ബന്ധുക്കളുടെ പരാതി ലഭിച്ചില്ലെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് കേസെടുത്തത്.

കേസിൽ ഉൾപ്പെട്ട കൂടുതൽ പേർ വരുംദിവസങ്ങളിൽ പിടിയിലാകുമെന്ന് ആറ്റിങ്ങൽ എഎസ്‌പി: ആദിത്യ അറിയിച്ചു. അൻപതോളം പേരെ ചോദ്യം ചെയ്തതിനൊടുവിലാണു വിവാഹിതനും മൂന്നുകുട്ടികളുടെ പിതാവുമായ രാജേഷ് പിടിയിലാകുന്നത്. പെൺകുട്ടിയുടെ കുടുംബത്തോടൊപ്പം രാജേഷ് പലപ്പോഴും വന്നു താമസിക്കാറുണ്ടായിരുന്നു. ഇതിനിടെ, പലവട്ടം രാജേഷ് പെൺകുട്ടിയെ പീഡിപ്പച്ചതായാണു പറയുന്നത്. രക്തസ്രാവം ഉണ്ടായതിനെ തുടർന്നു രാജേഷ് തന്നെ പെൺകുട്ടിയെ മെഡിക്കൽകോളജ് എസ്എടി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ആശുപത്രിയിൽ തെറ്റായ വിവരങ്ങളാണു നൽകിയിരുന്നത്. താൻ ഭർത്താവാണെന്നും പെൺകുട്ടിക്കു പത്തൊൻപത് വയസ്സെന്നുമാണു രേഖപ്പെടുത്തിയിരുന്നത്. ഒരാഴ്ചയോളം പെൺകുട്ടി ചികിൽസയിലായിരുന്നു. ഭർത്താവിന്റെ മാതാവാണെന്ന് തെറ്റിദ്ധരിപ്പിച്ച് അടുത്ത ബന്ധുവും എട്ടുദിവസം പെൺകുട്ടിക്കൊപ്പം ആശുപത്രിയിൽ ഉണ്ടായിരുന്നു. ജനുവരിയിലായിരുന്നു സംഭവം. അതിനുശേഷം പെൺകുട്ടി അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതായി പറയുന്നു. തുടർന്നായിരുന്നു ആത്മഹത്യ.

പെൺകുട്ടിയുടെ മാതൃസഹോദരിയുടെ ഭർത്താവാണ് രാജേഷ്്. ഫെബ്രുവരി 22നാണ് പെൺകുട്ടിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച മംഗലപുരം പൊലീസ് രഹസ്യവിവരത്തിന്റെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പെൺകുട്ടി നിരന്തര പീഡനത്തിനിരയായിരുന്നെന്നും ഗർഭച്ഛിദ്രം നടത്തിയെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.

ദുരൂഹത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പോത്തൻകോട് സി.ഐയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ രഹസ്യാന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പെൺകുട്ടി പീഡിപ്പിക്കപ്പെട്ട വിവരം മറച്ചുവെച്ച അടുത്ത ബന്ധുക്കളടക്കം വരുംദിവസങ്ങളിൽ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്നകാര്യവും അന്വേഷിക്കുന്നുണ്ട്.

തിരുവനന്തപുരം റൂറൽ എസ്‌പി. പി.അശോക് കുമാറിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ എ.എസ്‌പി. ആദിത്യ, പോത്തൻകോട് സർക്കിൾ ഇൻസ്പെക്ടർ എസ്.ഷാജി, മംഗലപുരം എസ്.ഐ. ബി.ജയൻ, എസ്.ഐ. പുരുഷോത്തമൻ, എഎസ്ഐ. മോഹനൻ നായർ, ഗിരീഷ്, ഹരി, മുരളി, ജയകുമാർ, രാഹുൽ, അൽബിൻ, താഹിറ എന്നിവരുൾപ്പെടുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.