തിരുവനന്തപുരം: പൂജാരിയുടെ സഹായിയായി നിന്ന ശേഷം പൂജാരി വേഷം കെട്ടി തട്ടിപ്പുകൾ നടത്തി പോന്ന ചേർത്തലക്കാരൻ പൊലീസ് പിടിയിൽ. പൂജാരിയുടെ സഹായിയായി നിന്ന പ്രവൃത്തി പരിചയത്തിൽ പൂജാരി വേഷം കെട്ടി സ്ത്രീകളിൽ നിന്നും പണവും സ്വർണവും കൈക്കലാക്കിയ രാജേഷ് എന്നയാളാണ പൊലീസ് പിടിയിലായത്.

പൂജാരിയായി വേഷമിട്ട ഇയാൾ ജ്യോതിഷം, വാസ്തുദോഷം, പ്രശ്‌നപരിഹാരം, ആഭിചാര ക്രിയകൾ എന്നിവയുടെ പേരിൽ കബളിപ്പിച്ചാണ് നിരവധി പേരിൽ നിന്നും സ്വർണവും പണവും കൈക്കലാക്കിയത്. തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ്് ചേർത്തല പട്ടണക്കാട് കളത്തിൽ ഭവനിൽ രാജേഷ് (34) കൂട്ടാളിയായ പള്ളിമൺ സച്ചുഭവനിൽ ആതിര (27) എന്നിവർ തുമ്പ പാലിസിന്റെ പിടിയിലായത്.

ഭാര്യയും കുഞ്ഞുമുള്ള രാജേഷ് രണ്ട് വർഷം മുമ്പാണ് കുടുംബത്തെ ഉപേക്ഷിച്ച് തിരുവനന്തപുരത്ത് എത്തുന്നത്. കടയ്ക്കാവൂരിലെ ഒരു ക്ഷേത്രത്തിൽ പൂജാരിയായി വിലസുകയായിരുന്നു ഇയാൾ. സ്ത്രീകളെയാണ് ഇയാൾ ഇരയാക്കിയിരുന്നത്. ജ്യോതിഷം, വാസ്തുദോഷം, പ്രശ്‌നപരിഹാരം, ആഭിചാരക്രിയ തുടങ്ങിയവയുടെ മറവിലാണ് തട്ടിപ്പുകളുടെ തുടക്കം. കുടുംബകലഹം, വിവാഹ ദോഷം, ഇഷ്ടകാര്യസിദ്ധി, സന്താനലബ്ധി തുടങ്ങിയ കാര്യങ്ങൾക്കായി സമീപിച്ച സ്ത്രീകളായിരുന്നു രാജേഷിന്റെ ഇരകൾ. ഭർത്താക്കന്മാരുടെ മദ്യപാനശീലം മാറ്റാനും മക്കളുടെ വിദ്യാഭ്യാസ ഉയർച്ചയ്ക്കും വിവാഹദോഷം അകറ്റാനുമായി സമീപിച്ചവരെയെല്ലാം രാജേഷ് പാട്ടിലാക്കി.

വസ്തു വിൽക്കാൻ കഴിയാത്തതിന് പരിഹാരം തേടിയെത്തിയ തുമ്പ സ്റ്റേഷൻകടവ് സ്വദേശി ഗിരിജയെ തട്ടിപ്പിനിരയാക്കിയ സംഭവത്തിലാണ് രാജേഷിനെ പിടികൂടിയത്. വസ്തുവിന്റെ ദോഷം മാറ്റാനെന്ന വ്യാജേന ഇവരിൽ നിന്ന് മൂന്നുപവനും 30,000 രൂപയും കൈക്കലാക്കി. പറഞ്ഞ സമയപരിധി പിന്നിട്ടിട്ടും വസ്തു വിൽക്കാൻ കഴിയാതാകുകയും ആഭരണം തിരികെ കൊടുക്കാതിരിക്കുകയും ചെയ്തതോടെ ഗിരിജയ്ക്ക് സംശയം തോന്നി.

ഇതിനിടെ ക്ഷേത്രത്തിൽ നിന്ന് മുങ്ങിയ രാജേഷ് ഫോൺ വിളിച്ചാലും എടുക്കാതായി. തുമ്പ പൊലീസ് അന്വേഷണം ആരംഭിച്ചപ്പോഴാണ് രാജേഷ് നാളുകളായി നടത്തിവന്ന തട്ടിപ്പുകൾ പുറത്തായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാജേഷും ആതിരയും പൊലീസിന്റെ വലയിലാകുന്നത്. ഇരുവരും പിടിയിലായതോടെ തെക്കൻ ജില്ലകളിൽ കഴിഞ്ഞ കുറേ നാളുകളായി ആഭിചാര ക്രിയകളുടെ മറവിൽ നടന്ന നിരവധി തട്ടിപ്പുകൾക്ക് തുമ്പായി. നാണക്കേട് ഭയന്ന് പലരും പരാതി കൊടുക്കാൻ മടിക്കുകയായിരുന്നു. എന്നാൽ വരെ അറസ്റ്റ് ചെയ്തതോടെ തട്ടിപ്പിനിരയായ കൂടുതൽ സ്ത്രീകൾ പരാതിയുമായി രംഗത്തെത്തുന്നുണ്ട്.

ആലപ്പുഴക്കാരനായ രാജേഷ് ഭാര്യയേയും കുഞ്ഞിനേയും ഉപേക്ഷിച്ച് രണ്ട് വർഷം മുമ്പാണ് തിരുവനന്തപുരത്തെത്തിയത്. ചിറയിൻകീഴ്, അഴൂർ തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ക്ഷേത്രങ്ങളിൽ ജോലി നോക്കിയ രാജേഷ് ഇവിടങ്ങളിലൊക്കെ ഇത്തരത്തിൽ നിരവധിപേരെ കബളിപ്പിച്ചു. പൂജയ്‌ക്കെന്ന പേരിൽ സ്വർണാഭരണങ്ങൾ വാങ്ങിയായിരുന്നു തട്ടിപ്പ് ഏറെയും. പണവും സ്വർണവും നഷ്ടപ്പെട്ട പലരും നാണക്കേട് കാരണം സംഭവം പുറത്ത് പറഞ്ഞിരുന്നില്ല. തട്ടിക്കുന്ന പണം മദ്യപിക്കാനും ആർഭാട ജീവിതത്തിനും ചെലവിട്ടു.