തിരുവനന്തപുരം:നാടിനെ നടുക്കിയ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേരെ മാങ്കുളത്തിനു സമീപം ആനക്കുളത്തുനിന്നു പൊലീസ് പിടികൂടി. ഉച്ചയ്ക്ക് ഒന്നരയോടെ ആനക്കുളത്തെ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച ശേഷം പുറത്തിറങ്ങുന്നതിനിടെയാണു പ്രതികൾ പിടിയിലായത്. പ്രതികളെ തിരുവനന്തപുരത്തേക്കു കൊണ്ടു പോയി. തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്തി വിവരങ്ങൾ അറിയിക്കാമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പല പ്രതികളുടെ പേരുകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇവരിൽ ആരാണ് ഇപ്പോൾ പിടിയിലായതെന്ന് വ്യക്തമല്ല.

രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതി ഓച്ചിറ സ്‌കൈലാബ് ജംഗ്ഷനിലെ സാലിഹ് ബിൻ ജലാൽ ആണെന്നാണ് പൊലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. സുഹൃത്തായ നർത്തകിയുടെ ഭർത്താവിന്റെ ജിംനേഷ്യത്തിലെ ട്രെയിനറാണു സാലിഹ്. സുഹൃത്തുക്കൾക്കിടയിൽ ഇയാൾ അറിയപ്പെടുന്നത് അലിഭായി എന്നാണ്. കൊലപാതകം നടന്ന് ഒരു ആഴ്ചയ്ക്കു ശേഷമാണു പൊലീസ് ഇയാളുടെ പേര് പുറത്തു വിടുന്നത്.സാലിഹിനും സംഘത്തിനും ക്വട്ടേഷൻ കൊടുത്തതു ഖത്തറിൽ രാജേഷിന് അടുപ്പമുണ്ടായിരുന്ന നൃത്താദ്ധ്യാപികയുടെ ഭർത്താവായ വ്യവസായി ഓച്ചിറ നായമ്പരത്തു വീട്ടിൽ സത്താർ ആണെന്നു പൊലീസ് ഉറപ്പിച്ചിരുന്നു.

സത്താർ രാജേഷിനെ കൊലപ്പെടുത്താൽ തീരുമാനിച്ചതോടെ ഇതിനായി സാലിഹിനെ കൂട്ടു പിടിക്കുകയായിരുന്നു. സാലിഹ് തന്റെ പരിചയക്കാരനായ കായംകുളം സ്വദേശി അപ്പുണ്ണിയുടെ സഹായത്തോടെ രണ്ടു പേരെ കൂടി സംഘത്തിൽ കൂട്ടി. കായംകുളം സ്വദേശികളായ ഇവർ നാട്ടിൽ തന്നെ ഒളിവിലാണ് എന്നാണു പൊലീസ് നിഗമനം. അപ്പുണ്ണി ചെന്നൈയിലെ സഹോദരിയുടെ വീട്ടിൽ എത്തിയ ശേഷം മുങ്ങുകയായിരുന്നു.സാലിഹ് ഇതിനോടകം ഖത്തറിൽ എത്തിയതായും പൊലീസ് സ്ഥിരീകരിച്ചു.

മടവൂർ ജംഗ്ഷനിൽ സ്വന്തം ഉടമസ്ഥതയിലുള്ള മെട്രാസ് റെക്കാർഡിങ് സ്റ്റുഡിയേയിൽ വച്ചാണ് രാജേഷിനെ വെട്ടിക്കൊന്നത്. കാറിൽ മുഖംമറച്ചെത്തിയ നാലംഗ ക്വട്ടേഷൻ സംഘത്തിൽ ഒരാൾ ഇറങ്ങി വാളുകൊണ്ട് രാജേഷിന്റെ കൈകളിലും കാലുകളിലും തുരുതുരാ വെട്ടുകയായിരുന്നു.

കൊലയാളികൾ സഞ്ചരിച്ച കാർ വാടകയ്‌ക്കെടുത്തതു കായംകുളം സ്വദേശിയാണെന്ന നിർണായക മൊഴിയാണ് പൊലീസിനു ലഭിച്ചത്. കാർ വാടകയ്ക്കു നൽകിയവരാണ് ഇതു സംബന്ധിച്ച മൊഴി നൽകിയത്. കാർ കായംകുളത്തു വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ പിന്നീടു കണ്ടെത്തിയിരുന്നു. കൊലപാതകത്തിൽ മൂന്നുപേരെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇവരാണു കൊലയാളി സംഘത്തിനെക്കുറിച്ചു സൂചന നൽകിയത്. സംഘം സഞ്ചരിച്ചതെന്നു കരുതുന്ന കാറിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തായിരുന്നു.