തിരുവനന്തപുരം: മുൻ റേഡിയോ ജോക്കിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികൾ വിദേശത്തേക്ക് കടന്നതോടെ പൊലീസ് അന്വേഷണം വഴിമുട്ടി. കേസിലെ ഗൂഢാലോചകനായ വ്യവസായിയും ക്വട്ടേഷൻ ഏറ്റെടുത്ത് നടപ്പിലാക്കിയ അലിഭായിയും ഖത്തറിലേക്ക് കടന്നു കഴിഞ്ഞു. ഈ ക്വട്ടേഷൻ സംഘത്തെ സഹായിച്ച കായംകുളത്തുള്ള അപ്പുണ്ണിയും സ്ഫടികവും ഒളിവിലാണ്. ഇവർ എവിടെയാണ് ഒളിവിൽ പോയതെന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന് ഒരു വ്യക്തത കൈവന്നിട്ടില്ല.

കേസിലെ മുഖ്യസൂത്രധാരൻ അലിഭായി എന്നറിയപ്പെടുന്ന ഓച്ചിറക്കാരനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അലിഭായി ഏറ്റെടുത്ത ക്വട്ടേഷൻ അടുത്ത സുഹൃത്തിന്റേതായിരുന്നു. ഖത്തറിലെ വ്യവസായിയുടെ ക്വട്ടേഷൻ ഏറ്റെടുത്ത അലിഭായി കൃത്യമായി ആസൂത്രണവും അതിന് വേണ്ടി നടത്തി. നർത്തകയിയായ യുവതിയുമായി രാജേഷിനുള്ള ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇവരുടെ ഭർത്താവിന്റെ നാട്ടിലെ വലം കൈയാണ് അലിഭായി അറിയപ്പെടുന്നത്. അന്യനാട്ടിൽ ശത്രുക്കളെ ഒതുക്കാൻ വേണ്ടി കൂട്ടുകാരനായ അലിഭായിയെ ഖത്തറിൽ എത്തിക്കുകയാിരുന്നു. കൃത്യമായ ആസൂത്രണത്തോടെ കൊലപാതകം നടപ്പിലാക്കാൻ ഇറങ്ങിത്തിരിച്ച അലിഭായിയുടെ മടക്കയാത്രയിലെ വേഗത കൂടിയതാണ് കൊലയ്ക്ക് പിന്നിൽ ആരെന്ന് കണ്ടെത്താൻ പൊലീസിന് തുമ്പായി മാറിയത്.

വാടകക്കെടുത്ത കാറിലെത്തിയാണ് സംഘം കൊലപാതകം നടത്തിയത്. കാറിന്റെ സി.സി ടി.വി ദൃശ്യമുണ്ടായിരുന്നെങ്കിലും ഇരുട്ടായതിനാൽ നമ്പർ വ്യക്തമായിരുന്നില്ല. കാർ പൊലീസ് തിരിച്ചറിഞ്ഞതോടെ അന്വേഷണം ആ വഴിക്ക് നീങ്ങി ഇതോടെയാണ് ക്വട്ടേഷൻ സംഘത്തെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിക്കാൻ ഇടയാക്കിയത്. വ്യാജനമ്പർ പതിച്ച കാറിലാണ് കൊല നടത്താനായി സംഘമെത്തിയത്. കൊലയ്ക്ക് ശേഷം കരുനാഗപ്പള്ളിയിലെത്തി യഥാർഥ നമ്പർ പതിച്ചു. അതിനുശേഷം അമിതവേഗത്തിലാണ് പോയത്. ഇതോടെ രണ്ടിടത്ത് മോട്ടോർ വാഹനവകുപ്പിന്റെ കാമറയിൽ ദൃശ്യം പതിഞ്ഞു. കൊലയാളികളെത്തിയ ചുവന്ന കാർ അന്വേഷിച്ച സംഘം വഴിയോരത്തെ കാമറകൾ പരിശോധിച്ചപ്പോൾ ദൃശ്യം ശ്രദ്ധയിൽപെട്ടു. തുടർന്നാണ് കാർ വാടകയ്ക്ക് നൽകിയവരെ ചോദ്യം ചെയ്തതോടെ പ്രതികളെ തിരിച്ചറിഞ്ഞത്.

അലിഭായിയെ കുറിച്ച് ഓച്ചിറയിൽ എത്തി പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. മറ്റു രണ്ടു പ്രതികളായ 'കായംകുളം അപ്പുണ്ണി', സ്ഫടികം എന്നിവർക്കായി തിരച്ചിൽ ഊർജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു. കൊച്ചിയിലും ഖത്തറിലും റേഡിയോ ജോക്കിയായിരുന്ന മടവൂർ പടിഞ്ഞാറ്റേല ആശാഭവനിൽ രാജേഷിന്റെ കൊലപാതകം സിനിമാക്കഥയെ വെല്ലുന്ന വിധത്തിലാണ്. ഖത്തറിൽനിന്നെത്തി കൊലനടത്തി തിരികെ ഖത്തറിലേക്ക് മടങ്ങുകയായിരുന്നു അലിഭായ്. കൈകാലുകൾ വെട്ടാനുള്ള ക്വട്ടേഷൻ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്ന സംശയവും പൊലീസിനുണ്ട്. രാജേഷിനെ വെട്ടിവീഴ്‌ത്തയപ്പോൾ അദ്ദേഹം നിലവിളിച്ചതും മറ്റും നർത്തകി ഫോണിലൂടെ കേട്ടിരുന്നു. ഇതും കേസ് അന്വേഷണത്തിൽ നിർണായകമായി മാറി.

27ന് പുലർച്ച രണ്ടരയ്ക്കാണ് രാജേഷ് കൊല്ലപ്പെടുന്നത്. 26ന് വൈകീട്ടാണ് അലിഭായ് എന്ന ഓച്ചിറക്കാരൻ എത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങി ക്വട്ടേഷൻ സംഘത്തിലെ മറ്റു രണ്ടുപേരെ കൂടെക്കൂട്ടി കിളിമാനൂരിന് സമീപം മടവൂരിലേക്ക് എത്തുകയായിരുന്നു. രാജേഷിനെ വെട്ടിയതും അലിഭായ് തന്നെയാണെന്നാണ് വിലയിരുത്തൽ. കൊലയ്ക്ക് ശേഷം നേരേ കായംകുളത്തേക്ക് സംഘം പോയി. സംഘത്തിലെ മൂന്നാമനെ അവിടെനിന്ന് പറഞ്ഞുവിട്ട് അലിഭായിയും അപ്പുണ്ണിയും നേരേ തൃശൂരിലേക്ക് പോയി. അവിടെനിന്ന് ബംഗളൂരു വഴി ഡൽഹിയിലെത്തി. അപ്പുണ്ണി അവിടെനിന്ന് അലിഭായിയോടൊപ്പമുള്ള യാത്ര അവസാനിപ്പിച്ചു. അലിഭായ് നേരെ കാഠ്മണ്ഡുവിലേക്കും അവിടെനിന്ന് ഖത്തറിലേക്കും മടങ്ങിയെന്നാണ് പൊലീസിന്റെ അനുമാനം.

അലിഭായിയാണ് ഖത്തറിൽതന്നെയുള്ള കായംകുളംകാരനായ അപ്പുണ്ണിയെയും സംഘത്തിൽ കൂട്ടുന്നത്. മൂന്നു മാസത്തോളം നീണ്ട ആസൂത്രണമായിരുന്നു പിന്നീട്. രാജേഷിനെ നിരീക്ഷിക്കാനായി ആദ്യം അപ്പുണ്ണി വിദേശത്തുനിന്ന് നാട്ടിലെത്തി. ഫെബ്രുവരിയിൽ കേരളത്തിലെത്തിയ അപ്പുണ്ണി രാജേഷിന്റെ നീക്കങ്ങൾ നിരീക്ഷിച്ചുപോന്നു.

വീട്ടമ്മയും ഖത്തർ വ്യവസായിയായ ഭർത്താവിന്റേതും പ്രണയ വിവാഹമായിരുന്നു. ഇരുവരും വ്യത്യസ്ത മതസ്ഥർ ആയിരുന്നു. അതുകൊണ്ട് തന്നെ വിവാഹ ശേഷം യുവതി മതം മാറി. എന്നാൽ ഇതിനിടയിലാണ് ഇവരുടെ ജീവിതത്തിലേക്ക് രാജേഷ് കടന്ന് വന്നത്. ഇത് ഇവരുടെ വിവാഹ ജീവിതം തകരാൻ കാരണമായി. ഇതാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.