കൊച്ചി: പ്രമുഖ ചലച്ചിത്ര സംവിധായകൻ രാജേഷ് പിള്ള മരിച്ചതായി മനോരമ ചാനൽ ബ്രേക്കിങ് ന്യൂസ് നൽകി. തൊട്ടു പിന്നാലെ എല്ലാ ചാനലുകളും മറുനാടൻ അടക്കമുള്ള ഓൺലൈൻ പത്രങ്ങളും അത് വാർത്തയാക്കി. എന്നാൽ ഏറെ വൈകാതെ മരണ വിവരം ആശുപത്രി വൃത്തങ്ങൾ നിഷേധിച്ചതോടെ മാദ്ധ്യമങ്ങൾ വ്യാജ വാർത്തയ്ക്ക് എതിരെ വാർത്തി എഴുതി പരിഹാരം കണ്ടെത്തി. മനോരമ ഓൺലൈനാണ് രാജേഷ് പിള്ള മരിച്ചത് വ്യാജമാണെന്ന് ആദ്യം വാർത്ത നൽകിയത്. ഇതോടെ മനോരമയ്‌ക്കെതിരെ സോഷ്യൽ മീഡിയ അണിനിരന്നു. ഇങ്ങനെ മനോരമയ്ക്ക് എതിരെ വിമർശനങ്ങൾ സജീവമാകുമ്പോൾ രാജേഷ് പിള്ളയുടെ മരണ വാർത്ത വീണ്ടുമെത്തി.

രാജേഷ് പിള്ള അന്തരിച്ചുവെന്ന് മനോരമ ചാനലാണ് ആദ്യം റിപ്പോർട്ട് ചെയ്ത്. രാവിലെ ഒൻപത് അരയോടെയായിരുന്നു ഇത്. ഇതോടെ വിശകലനവുമായി കൈരളി പീപ്പളുമെത്തി. ഇതോടെ മറുനാടൻ അടക്കമുള്ള ഓൺലൈൻ പത്രങ്ങളും ഇത് വാർത്തയാക്കി. മരണം വിശദമായി റിപ്പോർട്ട് ചെയ്ത ശേഷം വ്യാജ വാർത്തയാണെന്ന് മനോരമ ഓൺലൈൻ തന്നെ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇതോടെ പ്രമുഖ പത്രങ്ങളുടെ ഓൺലൈൻ സൈറ്റിൽ നിന്നും വാർത്ത അപ്രത്യക്ഷമായി. അങ്ങനെ ജീവിച്ചിരിക്കുന്ന രാജേഷ് പിള്ളയെ മാദ്ധ്യമങ്ങൾ എല്ലാവരും ചേർന്ന് കൊന്നുവെന്ന വിമർശനം സോഷ്യൽ മീഡിയയിൽ സജീവമായി. പിതൃശൂന്യ പത്രപ്രവർത്തനമെന്നായിരുന്നു വിമർശനം. അതിനിടെ ഏവരേയും ദുഃഖത്തിലാക്കി മരണ വാർത്തയുമെത്തി.

ആശുപത്രി അധികൃതർ സ്ഥിരീകരിച്ചതിന് ശേഷമാണ് രണ്ടാമത് മരണ വാർത്തകൾ എല്ലാവരും നൽകിയത്. ഇത്തവണ ഏഷ്യാനെറ്റാണ് ആദ്യം മരണ വാർത്ത നൽകിയത്. തൊട്ട് പിന്നലെ എല്ലാ ചാനലുകളും സ്ഥിരീകരിക്കുകയും ചെയ്തു. കരൾരോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ എറണാകുളം പിവി എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭക്ഷണക്രമത്തിലെ അപാകത മൂലം ലിവർ സിറോസിസ് ബാധിച്ച രാജേഷ് പിള്ളയ്ക്ക് ഡോക്ടർമാർ കരൾ മാറ്റിവെക്കലിന് നിർദ്ദേശിച്ചിരുന്നു. വേട്ടയുടെ ഷൂട്ടിങ്ങിനായി പലപ്പോഴും ആശുപത്രിയിൽ നിന്നാണ് എത്തിയിരുന്നത്. സിറോസിസിനൊപ്പം അണുബാധ കൂടി ഉണ്ടായി. ഇതോടെ ആരോഗ്യനിലയെ കുറിച്ച് അഭ്യൂഹം സജീവമാവുകയായിരുന്നു.

രാവിലെ മരണവാർത്ത ആദ്യം നൽകിയത് മനോരമയായതിനാൽ എല്ലാവരും വിശ്വസിച്ചു. മനോരമ ചാനലിൽ സംവിധായകൻ കമൽ രാജേഷ് പിള്ളയെ അനുസ്മരിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് വാർത്ത വ്യാജമാണെന്ന് മനോരമ തന്നെ പറഞ്ഞത്. ഇതോടെ കൈരിളിപീപ്പിളും വാർത്ത മുക്കി. എന്നാൽ വിമർശനങ്ങൾ ഏറെ ഏൽക്കേണ്ടി വന്നത് മനോരമയ്ക്കായിരുന്നു. കാരണം വാർത്ത നൽകിയവർ തന്നെ മറ്റാരോ വ്യാജ വാർത്ത പ്രചരിപ്പിച്ചു എന്ന തരത്തിൽ വാർത്ത നൽകിയതായിരുന്നു കാരണം.

ആ വിവാദങ്ങൾക്കിടെ വെന്റിലേറ്ററിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ മാറ്റമുണ്ടെന്നും നാളെവരെ നിരീക്ഷണത്തിൽ തുടരാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നതെന്നും രാജേഷ് പിള്ളയോട് അടുത്തവൃത്തങ്ങൾ സൂചിപ്പിച്ചു. ഇതോടെ ഏവിടേയും പ്രതീക്ഷയായി. മറുനാടൻ മലയാളി മരണ വാർത്ത തെറ്റായി നൽകിയതിന് ഖേദപ്രകടനവും നടത്തി. പക്ഷേ മണിക്കൂറുകൾക്കുള്ളിൽ ഏവരേയും ദുഃഖത്തിലാക്കി രാജേഷ് പിള്ളയെന്ന ന്യൂജെൻ സംവിധായകന്റെ മരണ വാർത്തയെത്തി.