- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാർധ്യകത്തിൽ ജീൻസും മോഡേൺ ലുക്കും ആയാൽ നിങ്ങൾക്കെന്താ നാട്ടുകാരെ; രജനി ചാണ്ടിയെ കണ്ടു മലയാളിക്ക് കുരു പൊട്ടിയപ്പോൾ ലോകമെങ്ങും ആവേശമാക്കാൻ ബിബിസി; വൈറൽ ആയ ഫോട്ടോകൾ പ്രായത്തെ തോൽപ്പിക്കുന്ന കാഴ്ചയായി മാറുമ്പോൾ
കവൻട്രി: മധ്യവയസ്കരായ മലയാളി പുരുഷന്മാരുടെ ഉറക്കം നഷ്‌ടമായ ദിവസങ്ങളാണ് കടന്നു പോയത് . കാരണം ഒരു മുത്തശ്ശി ജീൻസും ടോപ്പും ഒക്കെയിട്ട് മോഡേൺ ലുക്കിൽ ഫോട്ടോ ഷൂട്ട് നടത്തുന്നു . നവോത്ഥാനം ഒക്കെ നടന്ന നാടാണ് എന്ന് ഓർമ്മയില്ലെങ്കിൽ കളി പഠിപ്പിച്ചേക്കാം എന്നാണ് സോഷ്യൽ മീഡിയ വിമർശകർ തീരുമാനിച്ചത് . എന്നാൽഇതിനോട് 69 കാരിയായ നടിയും മുൻ ബിഗ് ബോസ് താരവുമായ രജനി ചാണ്ടി കളി അമ്മച്ചിയോടു വേണ്ട മക്കളെ എന്ന നിലപാടിലായിരുന്നു . തരത്തിൽ പോയി കൊത്തഡാ ചെക്കന്മാരെ എന്ന മട്ടിൽ അവർ വിമർശകരെ നേരിട്ടു . എവിടെയും ഓടിഒളിച്ചില്ല . കലുങ്കിൽ ഇരുന്നു കമന്റ് പറഞ്ഞ കാലം പോയി മക്കളെ എന്നോർമ്മപ്പെടുത്തി രജനിക്ക് പിന്തുണയുമായി വന്നവരും കുറവല്ല . ഒടുവിലിതാ , പതിവ് പോലെ മലയാളിയുടെ സോഷ്യൽ മീഡിയ ഇടപെടൽ ബിബിസി വരെ ഏറ്റെടുത്തിരിക്കുകയാണ് . ഇന്ത്യയിൽ പല സംസ്ഥാനത്തിനും ലഭിക്കാത്ത കവറേജാണ് അടുത്ത കാലത്തായി വിവിധ വിഷയങ്ങളിൽ സോഷ്യൽ മീഡിയ ട്രെന്റിൽ ബിബിസി നല്കിക്കൊണ്ടിരിക്കുന്നത് എന്നതും സ്രെധേയം . രാഷ്ട്രീയം മുതൽ സമര കാഴ്ചകൾ വരെ അടുത്തിടെയായി കേരള കാഴ്ചകൾ ബിബിസി ഏറ്റെടുക്കുന്നതും പതിവായിരിക്കുകയാണ് .
സാരിയുടെ കുലീനത നഷ്ടമാക്കിയതും പ്രകോപനം
വീട്ടമ്മയിൽ നിന്നും സിനിമ നടിയായി മാറിയ രജനി ചാണ്ടി തന്റെ പ്രായത്തിൽ ഉള്ളവർ ധരിക്കുന്ന വേഷത്തിൽ നിന്നും മറിച്ചിന്തിക്കാൻ ശ്രമിച്ചതാണ് വിമർശകരുടെ രോക്ഷത്തിനു കാരണമായതെന്നും ബിബിസി പറയുന്നു . സാധാരണ കേരള സ്ത്രീകൾ അണിയുന്ന സാരിയുടെയും മറ്റും ''കുലീനത '' മോഡേൺ വസ്ത്രങ്ങൾക്ക് ഇല്ലെന്നതാണ് ഇക്കാലത്തും കേരളം ചിന്തിക്കുന്നതെന്നും ബിബിസി കണ്ടെത്തുന്നു . പൂർണ നഗ്നരായി നിറഗർഭിണിയെയും ഭർത്താവിനെയും മോഡലുകളാക്കി ഫോട്ടോ ഷൂട്ട് നടത്തിയ വിവാദ ഫോട്ടോഗ്രാഫർ ആതിര ജോയ് തന്നെയാണ് രജനി ചാണ്ടിയെയും വിവാദ ഫ്രയിമിൽ എത്തിച്ചിരിക്കുന്നത് . തന്റെ അമ്മയുടെ പ്രായത്തിൽ ഉള്ള സ്ത്രീ എങ്ങനെ വത്യസ്തയായി ചിന്തിക്കുന്നു എന്നതാണ് തന്നെ ഈ ഫോട്ടോ ഷൂട്ടിലേക്കു ആകര്ഷിച്ചതെന്നും ആതിര വക്തമാക്കുന്നു .
''പ്രത്യേകിച്ചും വിവാഹ ശേഷം ഇന്ത്യൻ സ്ത്രീ കൂട്ടിലടച്ച കിളിയാണ് . മക്കളെ പ്രസവിക്കുക , പോറ്റിവളർത്തുക , സമയാസമയം അടുക്കളയിൽ ഭക്ഷണം ഒരുക്കുക തുടങ്ങി ചുരുങ്ങിയ ചുറ്റുവട്ടമാണ് അവളുടെ ജീവിതം . മിക്കവർക്കും 60 നു ശേഷം ജീവിതം തന്നെ ഇല്ലെന്നു പറയാം . പിന്നീടുള്ള ഏക ജോലി മുത്തശ്ശിയുടേതാണ് . പേരക്കുട്ടികളെ നോക്കി വളർത്തുക എന്ന ചെറു വൃത്തത്തിലേക്കു ഓരോ ഇന്ത്യൻ സ്ത്രീയും വാർധക്യത്തിൽ തളച്ചിടപ്പെടുന്നു . അപ്പോഴും കഴിയുന്ന വീട്ടുജോലികളും ചെയ്യണമെന്നതും നിര്ബന്ധമാണ് . തന്റെ അമ്മയ്ക്കും 65 പിന്നിട്ടു കഴിഞ്ഞു . ആ പ്രായത്തിൽ ഉള്ള ഒരു സാധാരണ ഇന്ത്യൻ സ്ത്രീക്ക് ഉണ്ടാകാവുന്ന ഒട്ടുമിക്ക ശാരീരിക പ്രയാസങ്ങളും രോഗങ്ങളും ഒക്കെ ബാധിച്ചു കഴിഞ്ഞു . എന്നാൽ ഈ പ്രായത്തിൽ ഉള്ള സമാന സ്ത്രീകളിൽ നിന്നും രജനി ഏറെ വത്യസ്തയാണ് . അവർ ധീരയും സുന്ദരിയുമാണ് .പൂർണ ആരോഗ്യവതിയും . ഈ പ്രായത്തിലും തനിക്കു പലതും ചെയ്യാനുണ്ടെന്നു അവർ സമൂഹത്തെ ബോധ്യപ്പെടുത്തുന്നു . ഏറ്റവും പ്രധാനം അവർക്കു 69 ലും തന്നെപ്പോലുള്ള 29 വയസുകാരികളെ പോലെ ചിന്തിക്കാനും കഴിയുന്നു എന്നതാണ് ''- തന്റെ വിവാദ ഫോട്ടോ മോഡൽ കൂടിയായ രജനി ചാണ്ടിയെ കുറിച്ച് പറയുമ്പോൾ ആതിര ജോയിക്ക് നൂറുനാവ് . ഈ ഫോട്ടോകൾ ചെയ്യുമ്പോൾ കടൽ കടക്കുന്ന പ്രശസ്തി ഒരിക്കലും പ്രതീക്ഷിച്ചിരുന്നുമില്ല എന്നാണ് അവർ കൂട്ടിച്ചേർക്കുന്നത് .
പുരോഗമനം പറയുമ്പോഴും മലയാളിക്ക് പഴഞ്ചൻ മനസ്
ദശാബ്ദങ്ങൾ മുംബൈയിൽ ജീവിച്ച ശേഷം 1995 ലാണ് രജനി ചാണ്ടി കേരളത്തിൽ തിരിച്ചെത്തുന്നത് . യുവത്വം ഒക്കെ അവസാനിച്ചു 54 വയസിൽ കേരളത്തിൽ എത്തിയ രജനിക്ക് ചുറ്റുപാടുമുള്ള തുറിച്ച കണ്ണുകൾ അല്പം പുതുമ ഉള്ളതുമായിരുന്നു . എത്രയൊക്കെ പുരോഗമനം പറയുമ്പോഴും അതിനേക്കാൾ പഴഞ്ചനായി ചിന്തിക്കാൻ കഴിയുന്നതും മലയാളിയുടെ പ്രത്യേകതയാണ് . മുംബയിൽ വിദേശ ബാങ്കിൽ ജോലി ചെയ്ത ഭർത്താവിനൊപ്പം വിശ്രമ ജീവിതം കൂടി ലക്ഷ്യമിട്ടാണ് രജനി കേരളത്തിൽ എത്തുന്നത് . '' മുംബൈയിൽ സാധാരണമായ സ്ലീവ്‌ലെസ് ബ്ലൗസ് കേരളത്തിൽ അണിയാൻ പ്രയാസമാണ് , അതും മലയാളിയും മധ്യവയസ് കഴിഞ്ഞവർ ആയാൽ പ്രത്യേകിച്ചും . അപ്പോൾ പിന്നെ ജീൻസ് ഒക്കെ ഇട്ടാൽ പറയാനുണ്ടോ.'' ഇത്തരത്തിൽ ഉള്ള സാമൂഹ്യ വിചാരണയാണ് രജനി ആദ്യകാലങ്ങളിൽ നേരിട്ടിരുന്നതെന്നു ആതിര പറയുന്നു .
എന്നാൽ ഇതിനെല്ലാം ശേഷം അടുത്തകാലത്താണ് , 2016 ൽ തന്റെ 65 വയസിൽ സിനിമ പ്രവേശം നടത്തി രജനി മലയാളിയെ അതിശയിപ്പിക്കുന്നത് . ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിലാണ് പ്രധാന റോളിൽ രജനി എത്തുന്നത് . തുടർന്ന് രണ്ടു സിനിമകൾ കൂടി ചെയ്ത രജനി തികച്ചും അവിചാരിതമായി ബിഗ് ബോസ് സീസൺ രണ്ടിൽ എത്തി . അവിടെ രജത് കുമാറുമായി ഉണ്ടായ ഉടക്കുകൾ പോലും മാധ്യമങ്ങളുടെ സിനിമ കോളങ്ങളിൽ വിവാദ തലക്കെട്ടുകളായി ഇടം പിടിച്ചു . അതോടെ സോഷ്യൽ മീഡിയയും രജനിക്ക് പിന്നാലെയായി . അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേരാണ് രജനിയുടെ പേരിൽ പോരടിക്കാൻ തയ്യാറായത് . എന്നാൽ തന്റെ പ്രായത്തിൽ ഉള്ളവർക്കും ജീവിതം ബാക്കിയുണ്ട് എന്ന് കാണിച്ചു നൽകുക മാത്രമായിരുന്നു തന്റെ ഉദ്ദേശമെന്ന് രജനി മുൻപും വക്തമാക്കിയിട്ടുണ്ട് . ജീവിക്കാൻ വേണ്ടിയോ പണ സമ്പാദനത്തിനു വേണ്ടിയോ ആയിരുന്നില്ല ഇത്തരം വേറിട്ട വഴികളിലൂടെയുള്ള ജീവിത യാത്രകൾ എന്നും അവർ പറഞ്ഞിട്ടുണ്ട് .
ജീവിതം ചെറുപ്രായത്തിൽ ഹോമിക്കുന്നതും മലയാളി തന്നെ
''ചെറുപ്രായത്തിൽ തന്നെ ജീവിതം കുടുംബത്തിനായി ഹോമിക്കേണ്ടി വരുന്നവരാണ് ഇന്ത്യക്കാർ . അതിൽ ആൺപെൺ വത്യാസം ഒന്നുമില്ല . കുടുംബവും കുട്ടികളുമായി ജീവിക്കുമ്പോൾ അതിനു തന്നെയാണ് പ്രാധാന്യം . എന്നാൽ എല്ലാവരെയും സ്വന്തം കാലിൽ നിർത്താൻ ആകുമ്പോഴേക്കും നമ്മുടെ ജീവിതം തീർന്നിരിക്കും . ആ ഘട്ടത്തിലാകും പലരും സ്വയം ആലോചിക്കുക , അയ്യോ ജീവിക്കാൻ തന്നെ മറന്നു പോയല്ലോയെന്നു . അപ്പോഴേക്കും സമയവും പണവും ഒക്കെ കയ്യിൽ ധാരാളം ഉണ്ടാകുമെങ്കിലും ആരോഗ്യം ഒന്നിനും അനുവദിക്കാത്ത അവസ്ഥയിൽ എത്തിച്ചിരിക്കും .എന്നാൽ ജീവിത സ്വപ്‌നങ്ങൾ ബാക്കിയുള്ളവർക്ക് മറ്റുള്ളവർക്ക് ഉപദ്രവകരം ആകാത്ത വിധം ഏതു പ്രായത്തിലും എപ്പോൾ വേണമെങ്കിലും ജീവിക്കാൻ കഴിയും .'', രജനി തന്റെ കാഴ്ചപ്പാടുകൾ വക്തമാക്കുന്നത് ഇപ്രകാരമാണ് .
''താൻ തന്റെ കുടുംബ ചുമതലകൾ ഒക്കെ പൂർത്തിയാക്കിയ ശേഷമാണു ഇപ്പോൾ തനിക്കു വേണ്ടി ജീവിക്കാൻ തയാറാകുന്നത് . ഈ പ്രായത്തിൽ ഡ്രം പരിശീലനത്തിന് ഇറങ്ങിയത് പെര്ഫെക്ഷന് വേണ്ടിയല്ല . യുവത്വം കൈവയ്ക്കുന്ന മേഖലയണതൊക്കെ . ഇന്നും എത്ര പെൺകുട്ടികൾ ഒരു മ്യൂസിക് ബാൻഡിലെ ഡ്രം വായിക്കാൻ അറിയുന്നവർ ഉണ്ടെന്നു വക്തമല്ല . എല്ലാം ഒരു തമാശക്ക് വേണ്ടിയാണു , ഫോട്ടോഷൂട്ടുകൾ പോലും '', രജനി തുടർന്ന് . ഇക്കഴിഞ്ഞ ഡിസംബറിൽ പാശ്ചാത്യ വേഷങ്ങൾ അണിയാൻ മടിയില്ലെങ്കിൽ ഒരു ഫോട്ടോ ഷൂട്ട് നടത്താം എന്ന് ആതിര പറഞ്ഞതാണ് പുതിയ വിവാദങ്ങളുടെ തുടക്കം . എന്നാൽ എന്റെ മറുപടി വേണ്ട എന്നായിരുന്നു . ആ വേഷമൊക്കെ ചെറുപ്രായത്തിൽ ഏറെ ധരിച്ചിട്ടുണ്ട് . പാശ്ചാത്യരുടെ ഇഷ്ടവേശമായ കുളി വേഷം പോലും താൻ ധരിച്ചിട്ടുണ്ട് . പക്ഷെ ഭർത്താവിനോട് ചോദിച്ചു സമ്മതം കിട്ടിയാൽ അറിയിക്കാമെന്ന് ഓഫർ നൽകിയാണ് അന്ന് രജനി ആതിരയുമായുള്ള ഫോൺ സംഭാഷണം അവസാനിപ്പിച്ചത് .
മോഡേൺ വേഷത്തിൽ ഹോട് ലുക്ക് , സമൂഹം കയ്യോടെ വാളെടുത്തു
എന്നാൽ രജനിക്ക് വേണ്ടി ആതിര തന്നെ മുൻകൈ എടുത്തു കുടുംബവുമായി സംസാരിച്ചു . അമ്പരപ്പിക്കുന്ന മറുപടിയാണ് രജനിയുടെ ഭർത്താവ് നൽകിയത് . ''ജീവിതം ഓരോരുത്തർക്കും അവരുടെ സ്വന്തമാണ് , നമുക്ക് ഇഷ്ടമുള്ളത് ചെയ്യാൻ ഉള്ള സ്വാതന്ത്ര്യം നല്കുന്ന്നില്ലെങ്കിൽ പിന്ന്നെന്തു ജീവിതം .'' രജനിക്ക് വേണ്ടി ആതിര സമീപമുള്ള ഒരു വസ്ത്രക്കടയിൽ നിന്നും എത്തിച്ച വേഷം ആദ്യം കണ്ടു രജനിയും അമ്പരന്നിരുന്നു . ഏറെക്കാലമായി അത്തരം വേഷങ്ങൾ ഒന്നും താൻ ധരിച്ചിരുന്നില്ലെന്നു രജനി ഓർമ്മിക്കുന്നു . എന്നാൽ വേഷം മാറിക്കഴിഞ്ഞപ്പോൾ താൻ തികച്ചും കംഫര്ട് ആയിരുന്നു എന്നും അവർ കൂട്ടിച്ചേർക്കുന്നു . കൊച്ചിയിലെ വീടിനു സമീപമുള്ള ലൊക്കേഷനിൽ 20 ഓളം ചിത്രങ്ങളാണ് ആതിര എടുത്തത് . കഴിഞ്ഞ ഒരാഴ്ചയിലേറേയായി ഫേസ്‌ബുക് , വാട്സാപ്പ് , ഇൻസ്റ്റാഗ്രാം എന്നിവ വഴി ലഭിച്ച പ്രചാരം രജനിയെയും ആതിരയെയും അമ്പരപ്പിക്കുന്നതായിരുന്നു .
തുടക്കത്തിൽ അനുമോദന കമന്റുകൾ ആയിരുന്നെങ്കിൽ ഒട്ടും വൈകാതെ വിദ്വേഷ കമന്റുകൾ എത്തി തുടങ്ങി . ഇതുവരെ ചത്തില്ലേ , ഈ പ്രായത്തിൽ ശരീരം കാട്ടി നടക്കലല്ല വേണ്ടത് പ്രാർത്ഥിച്ചു ജീവിതം തീർക്കുകയാണ് വേണ്ടത് എന്നൊക്കെയായി സോഷ്യൽ മീഡിയ ആങ്ങളമാർ . പഴയ ഓട്ടോ റിക്ഷയിൽ വീണ്ടും പെയിന്റ് അടിച്ചാലും ഓട്ടോ പഴയതായി തന്നെ ഇരിക്കുമെന്ന തത്വ ചിന്തകൾ പോലും ഫോട്ടോകൾക്ക് അടിക്കുറിപ്പായി എത്തിത്തുടങ്ങി എന്നും രജനിയും ആതിരയും ഓർമ്മിക്കുന്നു . കൂട്ടത്തിൽ രണ്ടു ചിത്രങ്ങളാണ് കൂടുതൽ നെഗറ്റീവ് കമന്റുകൾ ക്ഷണിച്ചു വരുത്തിയത് . ജീൻസ് ധരിച്ചു കാലുകൾ കവച്ചും മാറിടുക്കു കാണും വിധവും പോസ് ചെയ്തതാണ് പലർക്കും ദഹിക്കാതെ പോയത് . കാലുകൾ നഗ്നമാക്കി കാണിച്ചതും ആളുകളെ പ്രകോപിപ്പിച്ചു . എന്നാൽ തന്റെ കാലുകളെ തനിക്കിഷ്ടമാണ് എന്നാണ് രജനി വിവാദങ്ങൾക്കു നൽകിയ മറുപടി .
എതിർക്കാൻ മുന്നിൽ നില്ക്കാൻ സ്ത്രീകളും
''നെഗറ്റീവ് കമന്റുകൾ സ്ത്രീകളിൽ നിന്നും തന്നെയാണ് വന്നത് എന്നതും പ്രത്യേകതയായി . എന്നാൽ ഏതു പ്രായത്തിലും മറ്റുള്ളവരെ ആകർഷിക്കാൻ കഴിയുമെങ്കിൽ അതിനെ ദോഷം പറയേണ്ട കാര്യമില്ല , അതിനു സാധിക്കാത്തവർക്ക് അസൂയ ഉണ്ടാകും , സ്വാഭാവികം . '' , രജനി തന്റെ ഫോട്ടോകൾക്ക് ന്യായം നിരത്തുന്നത് ഇങ്ങനെയാണ് . അതേസമയം എല്ലാ സ്ത്രീകളും ഫെമിനിസ്റ്റുകൾ ആണെന്നു കരുത്തരുതെന്നും ഒരു പ്രായം കഴിഞ്ഞാൽ പാരമ്പര്യത്തിന്റെ ഏറ്റവും വലിയ അവകാശവാദികൾ പ്രായം ചെന്ന സ്ത്രീകൾ ആണെന്നും ആർട്ടിക്കിൾ 14 എന്ന വാർത്ത ഓൺലൈൻ ചാനൽ എഡിറ്റർ നമിത ബന്ധരേ ബിബിസിയോട് വാക്‌തമാക്കുന്നു . ''എന്നാൽ പൊതുവിൽ ഇന്ത്യയിൽ പ്രായം ചെന്ന സ്ത്രീകൾക്ക് കൂടുതൽ ബഹുമാനം ലഭിക്കുന്ന സാഹചര്യം ഉണ്ടെന്നും അവർ തുടരുന്നു . കാരണം അവർ ആർക്കും ഒരു ശല്യം ആകാതെ ഒതുങ്ങി കൂടുന്ന ടൈപ്പ് ആണെന്നത് തന്നെ'', നമിതയുടെ നിരീക്ഷണം ഇപ്രകാരമാണ് .
മുൻപ് ഫോട്ടോഷൂട്ടിങുകൾ നടക്കുമ്പോൾ പ്രധാനമായും ഫോട്ടോഗ്രാഫര്മാരാണ് വിവാദം നേരിടേണ്ടി വരാറെങ്കിലും ഇത്തവണ രജനിയുടെ സെലിബ്രിറ്റി സ്റ്റാറ്റസും പ്രായവും വിവാദത്തിന്റെ സൂചിമുന അവർക്കു നേരെ കൂടുതലായി തിരിയാനും കാരണമായി .താൻ പലകാര്യങ്ങളിലും വെട്ടിത്തുറന്നു അഭിപ്രായം പറയുന്നതാകും കൂടുതൽ പേരെ കൂടുതലായി പ്രകോപിപ്പിക്കുന്നതെന്നും രജനി ബിബിസിയോട് വക്തമാക്കി . എന്നാൽ അവരോടൊക്കെ തനിക്കു പറയാൻ ഉള്ളത് ദയവായി നിങ്ങൾ എനിക്ക് വേണ്ടി കളയുന്ന സമയം മറ്റുകാര്യങ്ങൾക്കായി മാറ്റിവയ്ക്കൂ . സ്വന്തം കാര്യം നോക്കാനും രാജ്യത്തിന് വേണ്ടി ജോലി ചെയ്യാനും കഴിഞ്ഞു ബാക്കി സമയം ഉണ്ടെങ്കിൽ അമ്മയായ പ്രകൃതിക്കു വേണ്ടി മാറ്റിവയ്ക്കൂ എന്നാണ് വിമര്ശകരോടുള്ള രജനി ചാണ്ടിയുടെ സദ് ഉപദേശം .
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.