കണ്ണൂർ: രാജീവ് ചന്ദ്രശേഖരൻ എംപിക്കെതിരെ കണ്ണൂർ പരിയാരം പൊലീസ് കേസെടുത്തു. സമൂഹമാധ്യമത്തിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സിപിഐഎം- ബിജെപി പ്രവർത്തകർ തമ്മിലുള്ള വൈരാഗ്യത്തെ ആളിക്കത്തിക്കാൻ ശ്രമിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു എന്ന പരാതിയിലാണ് കേസ്.

രാഷ്ട്രീയ താൽപര്യത്താലാണ് രാജീവ് ചന്ദ്രശേഖരൻ എംപി ഇത്തരം പ്രചരണങ്ങൾ നടത്തിയെതെന്നാണ് പരാതിക്കാരൻ പറയുന്നത്. സിപിഐഎം പ്രവർത്തകർക്കെതിരെ ബിജെപി, ആർഎസ്എസ് പ്രവർത്തകർക്കുള്ള വൈരാഗ്യത്തെ ആളിക്കത്തിച്ച് നാട്ടിൽ സമാധാനം ഇല്ലാതാക്കി ജനങ്ങളുടെ സ്വസ്ഥ ജീവിതം തകർക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും പരാതിയിൽ ആരോപിച്ചിരുന്നു

പയ്യന്നൂരിൽ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകന്റെ പോസ്റ്റ്മോർട്ടം നടത്തിയ ആശുപത്രിയും ആംബുലൻസും സിപിഐഎം പ്രവർത്തകർ അടിച്ച് തകർത്തെന്നായിരുന്നു ട്വീറ്റ്. ബിജെപി അനുകൂല ട്വിറ്റർ അക്കൗണ്ടായ ജയകൃഷ്ണൻ(@സവർക്കർ5200) ആണ് ആദ്യം ഈ പോസ്റ്റ് ഇട്ടത്. പിന്നീട് ഇത് രാജീവ് ചന്ദ്രശേഖരൻ റീട്വീറ്റ് ചെയ്യുകയായിരുന്നു.