കൊച്ചി: ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ എൻഡിഎയുടെ കേരള ഘടകം കൺവീനറായും ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഉടമ രാജീവ് ചന്ദ്രശേഖർ എംപിയെ വൈസ് ചെയർമാനായും തെരഞ്ഞെടുത്തു. ബിജെപി അധ്യക്ഷനായ കുമ്മനം രാജശേഖരൻ തന്നെയാണ് എൻഡിഎയുടെ ചെയർമാൻ. എൻഡിഎ പിന്തുണയോടെ സുൽത്താൻ ബത്തേരിയിൽ നിന്നും മത്സരിച്ച ആദിവാസി ഗോത്രമഹാസഭാ നേതാവ് സി.കെ ജാനു, രാജൻബാബു, പി.കെ കൃഷ്ണദാസ്, വി. മുരളീധരൻ, രാജൻ കണ്ണാട്ട് എന്നിവരെ എൻഡിഎ ജോയിന്റ് കൺവീനർമാരുമായി തെരഞ്ഞെടുത്തിട്ടുണ്ട്.

ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ അദ്ധ്യക്ഷതയിൽ കോഴിക്കോട് ചേർന്ന യോഗത്തിലാണ് എൻഡിഎയുടെ പ്രതിനിധികളെ തെരഞ്ഞെടുത്തത്.പി.സി തോമസിനെ ദേശീയ എൻഡിഎയിലേക്കുള്ള കേരള ഘടകം ഭാരവാഹിയായും യോഗം തെരഞ്ഞെടുത്തു.

തെരഞ്ഞെടുപ്പിനുശേഷം ഉണ്ടായ അസ്വാരസ്യങ്ങളെ തുടർന്ന് ഇടഞ്ഞുനിൽക്കുന്ന ബിഡിജെഎസിനെ അനുനയിപ്പിക്കാനാണ് തുഷാറിനെ കൺവീനറാക്കിയത്. എൻഡിഎ കേരള ഘടകം കൺവീനർ സ്ഥാനം വേണമെന്ന ആവശ്യം ബിഡിജെ.എസ് നേരത്തേ ഉന്നയിച്ചിരുന്നു.എന്നാൽ ഇതിനെ ബിജെപി എതിർക്കുകയായിരുന്നു.കൺവീനർ സ്ഥാനം വിട്ടുകൊടുക്കില്ലെന്ന നിലപാടിലായിരുന്നു നേരത്തെ ബിജെപി. ഇക്കാര്യത്തിലാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്.