ന്യൂഡൽഹി: ഐപിഎൽ വിവാദത്തിലൂടെ കുപ്രസിദ്ധി നേടിയ ക്രിക്കറ്റ് ഭരണാധികാരിയാണ് ലളിത് മോദി. അതിന് മുമ്പ് ഇന്ത്യയിലെ എല്ലാ രാഷ്ട്രീയക്കാരുടേയും കളിത്തോഴൻ. ബിജെപിയുമായി ലളിത് മോദിയുടെ ബന്ധവും മുമ്പേ ചർച്ചയായതുമാണ്. രാജസ്ഥാനിൽ ബിജെപി പിന്തുണയുമായാണ് മോദി ബിസിസിഐയുടെ അതികായനായത്. രാജസ്ഥാൻ മുഖ്യമന്ത്രി വസുദ്ധര രാജ സിന്ധ്യയുടെ അടുത്ത സുഹൃത്തായാിരുന്നു ലളിത് മോദി. ഇതെല്ലാം കൊണ്ടു തന്നെ വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജിന്റെ കത്ത് ആളിക്കത്തി. മോദിക്ക് ഇംഗ്ലണ്ടിൽ നിന്ന് പോർച്ചുഗില്ലിലേക്ക് മാറാൻ സുഷമ എഴുതിയ കത്ത് കോൺഗ്രസ് രാഷ്ട്രീയ ആയുധമാക്കി. ഇതിനിടയിൽ അവർ മറന്നു പോയ മറ്റൊരു സംഭവമുണ്ട്. 1985ലെ കഥ.

കൃത്യമായി പറഞ്ഞാൽ 1985 ജൂൺ 11ന് അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ ഇന്ത്യാക്കരാനായ ഒരു കുറ്റവാളിക്ക് പ്രിസഡന്റിന്റെ പ്രത്യേക മാപ്പ് അനുവദിച്ചു. വാഷിങ് ടണിൽ സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കാലുകുത്തിയ ദിവസമായിരുന്നു അത്. കപ്പൽ മുക്കി നിരവധി പേരെ കൊല്ലാൻ ശ്രമിച്ച കേസിൽ 35 കൊല്ലം തടവ് ശിക്ഷയ്ക്ക് അമേരിക്കൻ കോടതി വിധിച്ച ആദിൽ ഷഹരിയാർ അന്ന് ജയിൽ മോചിതനായി. അഞ്ചിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു അന്ന് അമേരിക്കൻ തടവറയിൽ നിന്ന് പുറത്തുവന്നത്. രാജീവ് ഗാന്ധിയുടെ കളിക്കൂട്ടുകാരനായിരുന്നു ആദിൽ.

ആദിലിനെ പുറത്തുകൊണ്ടുവരാനായി വലിയൊരു പാതകവും രാജീവ് ഗാന്ധി ചെയ്തു. ഭോപ്പാൽ ദുരന്തത്തിലെ മുഖ്യ പ്രതിയായ വാറൻ ആൻഡേഴ്‌സൺ ഈ ഒത്തുകളിയുടെ ഭാഗമായി രക്ഷപ്പെട്ടു. ആദിലിന് മാപ്പുനൽകാൻ റൊണാൾഡ് റീഗൻ മുന്നോട്ട് വച്ച് ഏക വ്യവസ്ഥ വാറൻ ആൻഡേഴ്‌സൺ എന്ന യൂണിയൻ കാർബൈഡ് കമ്പനിയുടെ തലവനെ വെറുതെ വിടണമെന്നായിരുന്നു. അത് രാജീവ് അംഗീകരിച്ചു. വൈറ്റ് ഹൗസ് തന്നെ അക്കാലത്ത് ഈ വർത്ത സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെയാണ് ഭോപ്പാൽ ദുരന്തത്തിന് ഉത്തരവാദിയായ പ്രതിയെ ഇന്ത്യക്ക് വിട്ടുകൊടുക്കേണ്ട സാഹചര്യമുണ്ടായത്. ഇതോടെ 25,000 രൂപയുടെ ആൾജാമ്യത്തിൽ ആൻഡേഴ്‌സണ് ജയിലിന് പുറത്തിറങ്ങി.

പിന്നീട് അമേരിക്കയിലേക്ക് പറന്ന ആൻഡേഴ്‌സൺ പിന്നീടൊരിക്കലും ഇന്ത്യയിലേക്ക് മടങ്ങി വന്നില്ല. ഇയാളെ വിട്ടുകിട്ടാൻ പലതവണ ഇന്ത്യ അമേരിക്കയെ സമീപിച്ചെങ്കിലും അവർ വഴങ്ങിയതുമില്ല. അമേരിക്കൻ പ്രസിഡന്റായിരുന്ന റീഗന്റെ അഭ്യർത്ഥ രാജീവ് അംഗീകിച്ചതിന്റെ പ്രതിഫലനമായിരുന്നു ഇത്. ആദിലിനെ ജയിൽ മോചിതനാക്കിയ ശേഷം ആൻഡേഴ്‌സിനെ വിട്ടുകിട്ടാൻ രാജീവ് ഗാന്ധി ഒന്നും ചെയ്തതുമില്ലെന്നതാണ് മറ്റൊരു വസ്തു. ആൻഡേഴ്‌സൺ ഇന്ത്യ വിട്ട സമയത്തു തന്നെ അതിന് ശ്രമിച്ചിരുന്നുവെങ്കിൽ അന്താരാഷ്ട്ര സമ്മർദ്ദത്തിലൂടെ കൊടുകൊലയ്ക്ക് ഉത്തരവാദിയായിരുന്ന ആൻഡേഴ്‌സണിനെ ഇന്ത്യൻ നിയമവ്യവസ്ഥയിലൂടെ ശിക്ഷിക്കാൻ കഴിയുമായിരുന്നു. അങ്ങനെ മരണം വരെ ആൻഡേഴ്‌സൺ അമേരിക്കയിൽ സുഖജീവിതം നയിച്ചു. 

വിദേശരകാര്യ വിദഗ്ധനായിരുന്ന മുഹമ്മദ് യൂസഫിന്റെ മകനായിരുന്നു ആദിൽ. ജവഹർലാൽ നെഹ്‌റുവിന്റെ വിശ്വസ്തരിൽ ഒരാൾ. അധികാരം ഇന്ദിരാ ഗാന്ധിയിലെത്തിയപ്പോഴും മുഹമ്മദ് യൂസഫ് നെഹ്‌റു കുടുംബവുമായുള്ള അടുപ്പം കാത്തു സൂക്ഷിച്ചു. പല രാജ്യങ്ങളിലും ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയുമായി. പഠനകാലത്ത് ഈ ബന്ധത്തിന്റെ കരുത്തിൽ ആദിൽ, രാജീവിന്റെ സുഹൃത്തായി. പിന്നീട് അമേരിക്കയിൽ ക്രിമിനൽ കേസിലും കുടുങ്ങി. ഈ സുഹൃത്തിനെയാണ് അമേരിക്കൻ പ്രസിഡന്റ് റീഗലുമായി നടത്തിയ നയതന്ത്ര ഇടപെടലുകളിലൂടെ മോചിപ്പിച്ചത്. അതിന് നൽകിയ വില ഭോപ്പാൽ ദുരന്തത്തിൽ മരിച്ച ആയിരങ്ങൾക്കുള്ള നീതി നിഷേധവുമായി.

ലളിത് മോദിയെ സുഷമ്മ സഹായിച്ചത് തെറ്റ് തന്നെയാണ്. അതിനെ ന്യായീകരിക്കുന്നുമില്ല. എന്നാൽ ഒരു കൊലക്കേസിലെ പോലും പ്രതിയല്ല ലളിത് മോദി. വിദേശ നയതന്ത്രലത്തിലെ ഇടപെടലായിരുന്നു അത്. മാനുഷികകാര്യങ്ങളുയർത്തിയായാരുന്നു സുഷമ്മയുടെ കത്ത്. നിയമപ്രകാരം വേണ്ടത് ചെയ്യണമെന്നായിരുന്നു വിശദീകരിച്ചത്. ഇന്ത്യൻ വിദേശ കാര്യമന്ത്രിയുടെ കത്ത് ഇംഗ്ലണ്ടിലെ ബന്ധപ്പെട്ടവർക്ക് ലഭിച്ചാൽ അനുകൂല നടപടിയുണ്ടാകുമെന്ന് ഉറപ്പാണ്. അതു ചെയ്യുമ്പോഴും 1985ലേതിന് സമാനമായി രാജ്യദ്രോഹമൊന്നും സുഷമ്മ ചെയ്തിട്ടുമില്ല. വിദേശ കാര്യമന്ത്രിയുടെ മകളാണ് മോദിയുടെ അഭിഭാഷക. അതുകൊണ്ട് തെറ്റിന്റെ ഗൗരവം ഇരട്ടിക്കുന്നുവെന്ന് പറയുന്ന കോൺഗ്രസ് ആദിലിനെ രക്ഷപ്പെടുത്തിയ സംഭവം മറക്കുകയാണ്.

എന്നാൽ ഇൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റവാളിയായി കാണുന്ന പ്രതിയെ സഹായിച്ചത് ശരിയാണോ എന്ന ധാർമികമായ ചോദ്യം അവശേഷിക്കുന്നുമുണ്ട്. മോദി സർക്കാരിൽ ഏറ്റവും കാര്യക്ഷമമായി പ്രവർത്തിച്ച് മന്ത്രിയാണ് സുഷമ്മയെന്നതിൽ ആർക്കും സംശയമില്ല. റിക്രൂട്ട്‌മെന്റ് ഏജൻസികളെ പോലും സമർത്ഥമായി നിയന്ത്രിച്ചു. എല്ലാത്തിനുമുപരി മോദിയുടെ വിദേശകാര്യ നയങ്ങൾ വിജയിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. മോദിയും സുഷമ്മയും അടുപ്പക്കാരാകുന്നതിലെ നീരസമാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണമെന്നും വ്യക്തമാണ്. ബിസിസിഐയിൽ കോൺഗ്രസ് വിരുദ്ധ ലോബിക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് ലളിത് മോദി.

മോദി സർക്കാരിൽ ധനകാര്യമന്ത്രിയായ അരുൺ ജെയ്റ്റ്‌ലി ക്രി്ക്കറ്റ് ഭരണത്തിൽ യുപിഎ ഭാഗത്തായിരുന്നു. അതിന്റെ തുടർച്ചയാണ് ലളിത് മോദിക്ക് എതിരെയുള്ള ആരോപണങ്ങൾ. അതിലേക്ക് സുഷമ്മ സ്വരാജിനെ കൊണ്ടു വരികയായിരുന്നുവെന്നും ആരോപണം ശക്തമാണ്. ഈ സാഹചര്യത്തിലാണ് 1985ലെ രാജീവ് ഗാന്ധിയുടെ രക്ഷപ്പെടുത്തൽ മറന്ന് സുഷമ്മയുടെ രാജിക്കായി വാദിക്കുന്ന കോൺഗ്രസിന്റെ സമ്മർദ്ദ തന്ത്രവും വിമർശിക്കപ്പെടേണ്ടത്.