ന്യുജേഴ്‌സി: മാർച്ച് 19ന്  'നാമം' സംഘടിപ്പിക്കുന്ന എക്‌സലൻസ് അവാർഡ്  നിശയിൽ പ്രമുഖ ഇന്ത്യൻഅമേരിക്കൻ സ്റ്റാന്റ് അപ്പ് കൊമേഡിയൻ  രാജീവ്  സത്യാൽ അവതരിപ്പിക്കുന്ന  ഹാസ്യ പരിപാടി ഉണ്ടാകും. നിറപ്പകിട്ടാർന്ന വേദിയിൽ സത്യാലിന്റെ ഹാസ്യ വിരുന്ന്  കാണികൾക്ക്  ഏറെ ആസ്വാദ്യകരമായിരിക്കുമെന്ന്   പ്രോഗ്രാം  കൺവീനർ  സജിത്  കുമാർ  പറഞ്ഞു.

ഒഹായോയിൽ  ജനിച്ച രാജീവ് സത്യാൽ പ്രോക്ടർ  ആൻഡ്  ഗാംബിൾ  കമ്പനിയിൽ  ജോലി ചെയ്തു. പിന്നീട് ഹാസ്യ പരിപാടികളുടെ അവതരണത്തിൽ  മുഴുകിയ അദ്ദേഹം 2002-ലാണ് ഈ രംഗത്ത് ശക്തമായ സാന്നിധ്യമായി മാറിയത് .
2005 ജൂണിൽ  സിൻസിനാറ്റിയിൽ  നടന്ന ഫണ്ണിയസ്റ്റ് പേഴ്‌സൺ  അവാർഡും അദ്ദേഹത്ത തേടിയെത്തി. വിഖ്യാത കൊമേഡിയൻ  റസ്സൽ  പീറ്റേഴ്‌സിന്റെ അഭിനന്ദനം ഏറ്റുവാങ്ങിയിട്ടുള്ള രാജീവ്  സത്യാലിന്റെ പരിപാടി അവാർഡ് നിശയിലെ ഒരു പ്രധാന ആകർഷണമായിരിക്കും.

ന്യുജേഴ്‌സിയിലെ എഡിസനിലുള്ള  റോയൽ ആൽബെർട്ട് സ്  പാലസിൽ  മാർച്ച് 19  വൈകുന്നേരം ആരംഭിക്കുന്ന  എക്‌സലൻസ് അവാർഡ് നൈറ്റ്  വൻ വിജയമാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ് . ഉന്നത വ്യക്തികളും, സംഘടന നേതാക്കളും, സാമൂഹ്യ സാംസ്‌കാരിക മാദ്ധ്യമ രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കുന്ന വിപുലവും വർണ്ണാഭവുമായ ചടങ്ങിൽ  വിവിധ മേഖലകളിൽ  ഉന്നത വിജയം കൈവരിക്കുകയും  സാമൂഹ്യ സേവനം നടത്തുകയും ചെയ്യുന്ന  പ്രഗത്ഭരെ  നാമം എക്‌സലൻസ്  അവാർഡുകൾ നല്കി ആദരിക്കും .