- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്കിൽ കറങ്ങാൻ യുകെയിലേക്ക്; പലവട്ടം യൂറോപ്പ് കറങ്ങിയ മുൻ പട്ടാളക്കാരൻ ഒടുവിൽ യുകെയിലുമെത്തി; ഇറ്റലിയിലെ അപകടത്തിൽ കാൽ തകർന്നിട്ടും രാജ്കുമാർ സഞ്ചാരം തുടരുമ്പോൾ
ലണ്ടൻ: ലോകം കറങ്ങാൻ ഏറ്റവും മികച്ച മാർഗം ബൈക്ക് യാത്ര തന്നെയാണ് എന്ന് ഉറപ്പുള്ള കണ്ണൂർ കൂട്ടാളി താഴത്തു വീട്ടിൽ രാജ്കുമാർ ഒടുവിൽ ബ്രിട്ടനിലും എത്തിയിരിക്കുന്നു . എണ്ണക്കമ്പനിയിലെ എൻജിനിയറിങ് ജോലിയുടെ ഭാഗമായി അബുദാബിയിൽ താമസമാക്കിയിട്ടുള്ള രാജ്കുമാർ കഴിഞ്ഞ ഏതാനും വർഷമായി 50 ലേറെ രാജ്യങ്ങളിൽ എത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് യുകെയിൽ എത്തുന്നത് .
ബൈക്ക് യാത്രികരുടെ സംഘവുമായി യൂറോപ്പിൽ പലവട്ടം വന്നിട്ടുള്ള രാജ്കുമാർ പറയാനാകാത്ത പ്രത്യേക കാരണം ഒന്നും ഇല്ലാതെ യുകെയിൽ ഇതുവരെ എത്തിയിരുന്നില്ല . എന്നാൽ ഇത്തവണ ആ കുറവും പരിഹരിച്ചു ഇപ്പോൾ അദ്ദേഹം സ്‌കോട്‌ലൻഡിലെ പ്രസിദ്ധമായ നോർത്ത് കോസ്‌റ് 500 കറങ്ങിത്തീർക്കുകയാണ് . ഒരിടത്തും അടങ്ങിക്കഴിയാത്ത പ്രകൃതക്കാരനായ രാജ്കുമാറിനെ തളർത്താൻ 59 ലെത്തി എന്ന ചിന്തയും കാരണമാകുന്നേയില്ല .
പത്തു വർഷത്തോളം ഇന്ത്യൻ എയർഫോഴ്സ്സിൽ ജോലി ചെയ്ത ശേഷമാണു പഴയ ടികെഎം എൻജിനിയറിങ് കോളേജിലെ ഇലക്ട്രോണിക് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ വിദ്യാർത്ഥി എണ്ണ ഖനന മേഖലയിൽ വിദേശത്തു ജോലിക്കെത്തുന്നത് .
ചെറുപ്പക്കാർക്ക് പോലും തോന്നാത്ത ആവേശത്തിന് കാരണമെന്താകും ?
ഞാൻ ഇങ്ങനെയാണ് . അത് മാത്രമാണ് അദ്ദേഹത്തിന്റെ ഉത്തരം . വാഹന വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന അച്ഛന്റെ ബൈക്കിനോടുള്ള പ്രേമമാണ് താനറിയാതെ തന്നിലും ഒരു ഭ്രമമായി വളർന്നത് എന്ന് കരുതുകയാണ് രാജ്കുമാർ . പലപ്പോഴും സമാന ചിന്താഗതിക്കാരായ ബൈക്ക് സഞ്ചാരികൾക്കൊപ്പമാണ് യാത്രകൾ . ഇത്തരത്തിൽ യാത്രകൾ സംഘടിപ്പിക്കുന്നതും തന്റെ ഹരമാണെന്നു രാജ്കുമാർ വക്തമാക്കുന്നു .
ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് എന്ന വിധത്തിൽ കണക്റ്റ് ചെയ്യപ്പെടുന്നതാണ് ഇദ്ദേഹത്തിന്റെ യാത്രകൾ . വര്ഷങ്ങളായി യാത്രകളിലൂടെ ഓരോ രാജ്യത്തും പരിചയക്കാരുടെ വലിയ നിര തന്നെ ഉള്ളതിനാൽ പലപ്പോഴും ബൈക്ക് ഏതെങ്കിലും രാജ്യത്തു പരിചയക്കാരുടെ കയ്യിൽ ഏൽപ്പിച്ചാകും മടക്ക യാത്ര . അടുത്ത യാത്ര ബൈക്കിരിക്കുന്ന രാജ്യത്തു നിന്നും ആരംഭിക്കാനും അതൊരു പ്രേരണയാകും .
പല യാത്രയ്ക്കും ആദ്യമൊക്കെ ഭാര്യ ശ്രീലതയും കൂട്ടിനുണ്ടായിരുന്നു . മക്കളായ അമ്മിണിയും അഞ്ജുവും യാത്രകളുടെ കാര്യത്തിൽ മോശക്കാരല്ല . ഇളയ മകൾ ലൈസൻസൊക്കെ നേരത്തെ സ്വന്തമാക്കി അച്ഛന്റെ പാത പിന്തുടരാനുള്ള സാധ്യതയും വലുതാണെന്ന് രാജ്കുമാർ തമാശയായി പറയുന്നു. ചുരുക്കത്തിൽ യാത്രകളെ പ്രണയിക്കുന്നതാണ് രാജ്കുമാറിന്റെ കുടുംബവും . മികച്ച സ്‌കൂബാ ഡൈവർ കൂടിയാണ് രാജ്കുമാർ .
ഒറ്റയ്ക്കായാൽ വീണേടം വിഷ്ണുലോകം
ഒറ്റയ്ക്കുള്ള യാത്രകളും രാജ്കുമാറിന് പ്രിയപ്പെട്ടതാണ് . അതാകുമ്പോൾ ചെല്ലുന്നിടത്തു ഒരു ടെന്റടിച്ചു കഴിയാനാകും . ചിലവും കുറഞ്ഞിരിക്കും . ലോകത്തെ പലയിടത്തും കറങ്ങിക്കഴിഞ്ഞ ശേഷം യുകെയിലെത്തിയ രാജ്കുമാറിന് ചെറിയൊരു പരാതിയുള്ളതു യുകെ യാത്രകൾ അല്പം ചെലവ് കൂടിയതാണെന്നാണ് .
അത് യാത്രയുടെ അനുബന്ധമായ ചിലവും ഉൾപ്പെടുന്നതാണ് . അടുത്തകാലത്തുണ്ടായ നാണയ പെരുപ്പവും ഇന്ധന വിലവര്ധനയും ഒക്കെ രാജ്കുമാറിനെ പോലെയുള്ള സഞ്ചാരികളെയും വെറുതെ വിടില്ലെന്ന് ചുരുക്കം . ആഴ്ചകൾക്ക് മുൻപ് എത്തിയ രാജ്കുമാറിനൊപ്പം അദ്ദേഹത്തിന്റെ സുഹൃത്തായ അജീഷും അബുദാബിയിൽ നിന്നും കൂടിച്ചേർന്നിട്ടുണ്ട് . സ്‌കോട്‌ലൻഡ് അടക്കമുള്ള കറക്കം ഇരുവരും രണ്ടു ബൈക്കുകളിൽ ആയാണ് നടത്തുന്നത് .
മറക്കാനാകാത്തതു ഇറ്റലിയിലെ അപകടം , പിന്നീടുള്ള യാത്രകൾ തകർന്ന കാലുമായി
മൂന്നു വര്ഷം മുൻപ് ഇറ്റലിയിലെ മിലാനിൽ വച്ചുണ്ടായ അപകടം യാത്രകളുടെ ലോകത്തു മറക്കാനാകാത്ത അനുഭവമാണ് . ഒരു വളവെടുക്കുന്നതിനിടെ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുക ആയിരുന്നു . എയർ ആംബുലൻസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത് . കാലിനു കാര്യമായ പരുക്ക് തന്നെ സംഭവിച്ചതോടെ ഇറ്റലിയിലെ ചികിത്സ മതിയാകാതെ ജർമ്മനിയിൽ എത്തിച്ചാണ് കാലിനെ പഴയ പരുവത്തിലാക്കിയത് .
എന്നാൽ ആറുമാസത്തേക്ക് നടക്കുന്ന കാര്യം ആലോചിക്കുകയെ വേണ്ട എന്നാണ് ചികിൽസിച്ച ഡോക്ടർ നൽകിയ മുന്നറിയിപ്പ് . ഇതോടെ രണ്ടുമാസത്തേക്കു നാട്ടിൽ നിന്നും ഭാര്യ എത്തിയാണ് സഹായത്തിനു കൈത്താങ്ങായത് . എന്നാൽ ആരെയും അത്ഭുതപ്പെടുത്തി വെറും നൂറു ദിവസം തികയും മുൻപ് തന്നെ പട്ടാളക്കാരന്റെ ശൗര്യത്തോടെ രാജ്കുമാർ അടുത്ത യാത്ര ആരംഭിച്ചു എന്നതാണ് സത്യം . അതായതു അപകടത്തിനും രാജ്കുമാറിന്റെ യാത്രകൾക്ക് ബ്രേക്ക് ഇടനായില്ലെന്നു ചുരുക്കം .
ഇപ്പോൾ യാത്രകളിൽ ചെറിയ വേദനയൊക്കെ കൂട്ടിനുണ്ടെങ്കിലും അതൊക്കെ യാത്ര നൽകുന്ന സുഖത്തിൽ മറക്കാൻ പഠിച്ചിരിക്കുകയാണ് ഈ എൻജിനീയർ . അപകടത്തെത്തുടർന്നുള്ള കേസിനിയും തീർന്നിട്ടില്ല . ഇപ്പോൾ നടത്തുന്ന യുകെ ട്രിപ്പിനിടയിലും ഒരു ദിവസം മിലാൻ ട്രിപ്പുണ്ട്, അപകടത്തെ തുടർന്നുള്ള കേസിന്റെ വാദത്തിൽ പങ്കെടുക്കാൻ തന്നെ .
എവിടെത്തിയാലും ആദരവും സ്‌നേഹവും സൗഹൃദവും
യാത്രകൾ സമ്മാനിക്കുന്ന അപൂർവ അനുഭവങ്ങൾ ഓരോ സഞ്ചരിക്കും എത്ര വേണമെങ്കിലും പറയാനുണ്ടാകും . ഓരോ യാത്രയും ഓരോ അനുഭവം ആകുമ്പോൾ അതിന്റെ എണ്ണവും കൂടിക്കൊണ്ടിരിക്കും . എണ്ണിയാലൊടുങ്ങാത്ത യാത്രകൾ നടത്തിയ രാജ്കുമാറിന്റെ മനസ്സിൽ എന്നും തിളങ്ങി നിൽക്കുന്നതാണ് ന്യൂസിലാൻഡ് യാത്ര . മത ഭ്രാന്തനായ തീവ്രവാദി മൂന്നു വര്ഷം മുൻപ് ക്രൈസ്ട് ചര്ച്ച മോസ്‌കിൽ നടത്തിയ വെടിവയ്‌പ്പിന് ശേഷമാണ് രാജ്കുമാർ എട്ടോളം സഞ്ചാരികളുമായി അവിടെയെത്തുന്നത് .
റൈഡ് ഫോർ ടോളറൻസ് എന്ന പേരിൽ നടത്തിയ യാത്ര ആക്രമണം ഉണ്ടായ സ്ഥലത്തു എത്തിയപ്പോൾ പ്രദേശത്തെ മേയർ അടക്കമുള്ളവരാണ് സ്വീകരിക്കാനും ആദരിക്കാനും അവിടെയെത്തിയത് . ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും അടക്കം വിവിധ മതങ്ങളിൽ പെട്ട സഞ്ചാരികൾ മതമൈത്രി സന്ദേശവുമായി എത്തിയത് മാധ്യമങ്ങളിലും വലിയ ശ്രദ്ധ നേടി . ഒരു സഞ്ചാരി എന്ന നിലയിൽ സമൂഹത്തിനു പലതും നൽകാനാകും എന്ന തിരിച്ചറിവും ആ യാത്രയിൽ ലഭ്യമായി എന്നും രാജ്കുമാർ പറയുന്നു .
ലണ്ടനിലും നിരവധി സൗഹൃദങ്ങൾ , കണ്ടുതീർക്കാൻ ഇനിയുമേറെ
യുകെയിൽ ഹാർട്ബാറോയിൽ നിന്നുമാണ് രാജ്കുമാറിന്റെ യാത്രകൾ ആരംഭിക്കുന്നത് . തുടർന്ന് ലീഡ്സിൽ എത്തിയ ശേഷം ലണ്ടൻ , ലൂട്ടൻ , ഷെഫീൽഡ് , തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാന ബൈക്ക് റൂട്ടുകൾ പിന്നിട്ട ശേഷമാണു സ്‌കോട്‌ലൻഡിൽ എത്തിയിരിക്കുന്നത് . ഇനിയുമുണ്ട് മനസ്സിൽ കോറിയിട്ട അനേകമിടങ്ങൾ , കോൺവാൾ , ഡെവോൺ , യോർക്ക് തുടങ്ങിയ പല പ്രധാന സ്ഥലങ്ങളിലും എത്തണം എന്ന് തന്നെയാണ് ആഗ്രഹം .
ഒറ്റയടിക്ക് എല്ലായിടത്തും കറങ്ങാൻ കഴിയില്ലെങ്കിലും ഓരോ യാത്രകളിലും പരമാവധി സ്ഥലങ്ങളിൽ എത്തുകയാണ് രാജ്കുമാറിന്റെ ശീലം . ഇത്തവണത്തെ യാത്ര യൂറോപ്പിലെ മറ്റു രാജ്യങ്ങളായ ക്രൊയേഷ്യ , സെർബിയ , ടർക്കി എന്നിവിടങ്ങളിലൂടെ ഇറാനിൽ വരെയെത്താനുള്ള പ്ലാനാണ് രാജ്കുമാറിന്റെ മനസ്സിൽ ഉള്ളത് . അവിടെ നിന്നും വീണ്ടും യൂറോപിലെത്തി സുഹൃത്തിനെ ബൈക്ക് ഏൽപ്പിച്ചാകും അബുദാബിയിലേക്കുള്ള മടക്കം . പക്ഷെ ഓരോ മടക്കവും രാജ്കുമാറിനെ സംബന്ധിച്ചിടത്തോളം വീണ്ടും പുതിയൊരു യാത്രയിലേക്ക് ഉള്ള വിശ്രമ വേള മാത്രമാണ് . അതായതു ജീവിത യാത്രയേക്കാൾ പ്രധാനമാണ് ഇദ്ദേഹത്തിന് ബൈക്ക് യാത്രകൾ , അതങ്ങനെ അവസാനമില്ലാത്ത യാത്രകളായി രാജ്കുമാറിനൊപ്പം ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് തുടർന്ന് കൊണ്ടേയിരിക്കുന്നു .
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.