തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്താൻ സാധിച്ചില്ലെങ്കിൽ കോൺഗ്രസ് ചരിത്രമാകുമെന്ന് കോൺഗ്രസ് നേതാവും എംപിയുമായ രാജ്‌മോഹൻ ഉണ്ണിത്താൻ. കോൺഗ്രസിലെ ഗ്രൂപ്പുകളാണ് പാർട്ടിയുടെ ശാപമെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പുകളെ നിയന്ത്രിച്ചില്ലെങ്കിൽ ഇത്തവണ അധികാരത്തിലെത്താൻ കഴിയില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.

'കോൺഗ്രസിനുള്ളിലെ ഗ്രൂപ്പുകളാണ് പാർട്ടിയുടെ ഏറ്റവും വലിയ ശാപം. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ കോൺഗ്രസിനെ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ ഗ്രൂപ്പുകളെയാണ് സ്നേഹിക്കുന്നത്. അതാണ് കോൺഗ്രസിന്റെ അപജയം. അതിന് ഈ തെരഞ്ഞെടുപ്പിൽ മാറ്റം വന്നേ മതിയാവൂ. ഇല്ലെങ്കിൽ, ഈ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വരാൻ പറ്റില്ല. അതുകൊണ്ട് സ്ഥാനാർത്ഥി നിർണയത്തിൽ ഒരു അട്ടിമറിതന്നെ സംഭവിക്കണം. എന്നുവച്ചാൽ, ഓരോ സീറ്റും ഓരോ സീറ്റിലെ ഓരോ ആൾക്ക് എന്ന രീതി മാറണം. മാറാൻ പോവുന്നു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ', രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

'ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അധികാരത്തിൽ വന്നേ മതിയാവൂ. ഇത്തവണ കോൺഗ്രസ് അധികാരത്തിൽ വന്നില്ലെങ്കിൽ, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പാർട്ടി കേരളത്തിൽ ഉണ്ടായിരുന്നെന്ന് ചരിത്രത്തിന്റെ താളുകളിൽ രേഖപ്പെടുത്തേണ്ടിവരും', അദ്ദേഹം മുന്നറിയിപ്പ് നൽകി.

ജോസ് കെ മാണിയെ ജനങ്ങൾ വിലയിരുത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങളുടെ മുന്നണിയും സർക്കാരും അധികാരത്തിൽനിന്നും പോകാൻ കാരണം കെഎം മാണിയാണ്. ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കറുത്ത അധ്യായമല്ലേ ബജറ്റ് അവതരിപ്പിക്കുന്ന ദിവസം ഉണ്ടായത്. മാണി സാറിനെ പരകലോകത്തേക്ക് പറഞ്ഞയച്ചവരാണ് ഇപ്പോൾ പാലായിൽ അദ്ദേഹത്തിന്റെ പ്രതിമ വെക്കുന്നത്. പിന്നെ പ്രതിമ വെച്ചിട്ടെന്ത് കാരണം. ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രി സർദാർ വല്ലഭായ് പട്ടേലായിരുന്നു ആർഎസ്എസിനെ ഇന്ത്യയിൽ നിരോധിച്ചത്. അദ്ദേഹത്തിന് വേണ്ടി ലോകത്തിലെ ഏറ്റവും വലിയ പ്രതിമ നരേന്ദ്ര മോദി വെച്ചതുപോലെയാണിത്. കെഎം മാണിയെ പ്രതിമയാക്കിയത് ഇവരല്ലേ. മനസ് ഉരുകിയല്ലേ അദ്ദേഹം മരിച്ചത്', ഉണ്ണിത്താൻ പറഞ്ഞു.

രാജാവിനെ കാണുമ്പോൾ കവാത്ത് മറക്കും എന്ന് പറയുന്നതുപോലെയാണ് മുഖ്യമന്ത്രിക്ക് നരേന്ദ്ര മോദിയെ കാണുമ്പോഴെന്നും അദ്ദേഹം വിമർശിച്ചു. നരേന്ദ്ര മോദിയെ എന്തിനാണ് മുഖ്യമന്ത്രി പേടിക്കുന്നത്? മുണ്ടുടുത്ത മോദിയാണ് പിണറായി വിജയൻ. അവരുടെ അടിസ്ഥാന പ്രത്യയശാസ്ത്രമായ വൈരുദ്ധ്യാന്മക ഭൗതിക വാദത്തിൽ വരെ മാറ്റങ്ങൾ വന്നുകഴിഞ്ഞു. കണ്ണൂരിൽ പിണറായി വിജയന്റെ ചിത്രം ശ്രീകൃഷ്ണന്റെ വേഷത്തിൽ വെച്ചിരിക്കുകയാണ്.