കാസർകോട്: ക്വട്ടേഷൻ സംഘങ്ങളെ പിരിച്ചുവിടുകയാണെങ്കിൽ കണ്ണൂരിൽ മാർകിസ്റ്റ് പാർട്ടി ഉണ്ടാവില്ലെന്ന് പരിഹസിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ. ക്വട്ടേഷൻ സംഘത്തെ പുറത്താക്കേണ്ടി വന്നാൽ പാർട്ടി ജില്ലാ കമ്മിറ്റി തന്നെ പിരിച്ചുവിടേണ്ടി വരുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.

കട്ടമുതൽ കള്ളന്മാർ പങ്കുവെക്കുന്നത് പോലെയാണ് ക്വട്ടേഷൻ സംഘങ്ങൾ കൊണ്ടുവരുന്ന പണം ജില്ലാ നേതൃത്വം വാങ്ങുന്നതെന്നും ഇതിൽ എല്ലാ എംഎൽഎമാർക്കും നേതാക്കൾക്കും പങ്കുണ്ടെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

'എന്തെങ്കിലും കേസിൽ പിടിക്കപ്പെടുമ്പോൾ അവരെ തള്ളിപ്പറയുകയും അവരെ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്ന് വരുത്തി തീർത്ത് ജനങ്ങളെ പറ്റിക്കുകയുമാണ് മാർകിസ്റ്റ് പാർട്ടി ചെയ്യുന്നത്. ക്വട്ടേഷൻ സംഘങ്ങളെ പിരിച്ചുവിടുന്ന അവസ്ഥയുണ്ടായാൽ കണ്ണൂരിൽ മാർകിസ്റ്റ് പാർട്ടിയെന്നൊരു പാർട്ടി ഉണ്ടാവില്ല.

80 ശതമാനം ആളുകളും ക്വട്ടേഷൻ സംഘങ്ങളുടെ പണം തട്ടുന്ന ആളുകളാണ്. കട്ടമുതൽ കള്ളന്മാർ പങ്കുവെക്കുന്നത് പോലെയാണ് ക്വട്ടേഷൻ സംഘങ്ങൾ കൊണ്ടുവരുന്ന പണം ജില്ലാ നേതൃത്വം വാങ്ങുന്നത്.' രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനെ പ്രതികൂട്ടിൽ നിർത്തുന്ന തരത്തിൽ പുറത്ത് വന്ന ശബ്ദരേഖയോട് പ്രതികരിക്കുകയായിരുന്നു എംപി.

കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ സംരക്ഷണത്തോടെയാണ് ക്വട്ടേഷൻ സംഘം പ്രവർത്തിക്കുന്നതെന്നും എല്ലാ ആളുകളും ക്രിമിനൽ കേസിലേയും കൊലക്കേസിലേയും പ്രതിയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കൂട്ടിചേർത്തു. ഷുഹൈബ് വധക്കേസിന് പിന്നാലെ ആകാശ് തില്ലങ്കേരിയെ പുറത്താക്കിയെന്ന് പറഞ്ഞതല്ലേ. പുറത്താക്കിയയാൾ എങ്ങനെയാണ് അവരുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത്. എല്ലാ എംഎൽഎമാരുമായും നേതാക്കന്മാരുമായും ഇവർക്ക് ബന്ധമുണ്ട്. ഇത് ഗുരുതരമാണ്. ഇനിയും വിവരങ്ങൾ പുറത്ത് വരാനുണ്ടെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.