കണ്ണൂർ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.സുരേന്ദ്രൻ പണമൊഴുക്കി ജനാധിപത്യം അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് രാജ് മോഹൻ ഉണ്ണിത്താൻ പണാധിപത്യമാണ് ജനാധിപത്യമെന്ന് കരുതുന്ന ഒരു സർക്കാരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസിസി പ്രസിഡന്റ്.

മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ നടത്തിയ ഗാന്ധിസ്മൃതിയാത്രക്ക് സമാപനം കുറിച്ച് സ്റ്റേഡിയം കോർണറിൽ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പണം ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങളെയും തെരഞ്ഞെടുപ്പുകളെ പണം ഉപയോഗിച്ച് അട്ടിമറിക്കുന്നു. കേരളത്തിലെ ബിജെപി നേതാവ് സുരേന്ദ്രൻ തിരഞ്ഞെടുപ്പ് വേളയിൽ പണമുപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചതിന്റെ ജീവിക്കുന്ന തെളിവാണ്. ഇതുപോലെ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് അട്ടിമറിച്ചതും സർക്കാരുകളെ വീഴ്‌ത്തിയതും പണം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ഹിറ്റ്ലർ, മുസോളിനി, സ്റ്റാലിൻ തുടങ്ങിയ ഏകാധിപതികളെ പോലെ രാജ്യം അടക്കി വാഴാനാണ് മോദി ശ്രമിക്കുന്നത്. ഇതിന് വേണ്ടി സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെയും അവയുടെ ചരിത്രങ്ങളും തിരുത്തി കുറിക്കുന്നു. ഇന്ത്യയിലെ ജനാധിപത്യം അട്ടിമറിക്കാൻ ശ്രമിക്കുന്നതോടൊപ്പം മതേതരത്വവും ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്.

മുസ്ലീങ്ങളെയും കൃസ്ത്യാനികളെയും രണ്ടാം പൗരന്മാരാക്കാനാണ് ബി ജെപിയുടെയും ആർ എസ് എസിന്റെയും അജണ്ട. വിവിത മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും നാടായ ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള നീക്കമാണ് എല്ലായിടത്തും കാണുന്നത്. ഭരണഘടനാ സ്ഥാപനങ്ങൽ ഇല്ലാതാക്കാൻ ശ്രമിക്കുന്നതോടൊപ്പം ജഡ്ജിമാരെ ഭയപ്പെടുത്തി തങ്ങളുടെ വരുതിയിലാക്കാൻ ശ്രമിക്കുന്നതെല്ലാം ജനാധിപത്യത്തെ അട്ടിമറിക്കാനാണെന്നും ഉണ്ണിത്താൻ പറഞ്ഞു.

ബ്രിട്ടീഷുകാരുടെ കൊളോണിയൽ ഭരണത്തിനെതിരെ തന്റെ ജീവിതത്തിന്റെ സിംഹഭാഗവും സമരം നടത്തിയ മഹാത്മജിയുടെ നേതൃത്വത്തിൽ നടന്ന ഐതിഹാസികമായ പോരാട്ടത്തിന് ഒടുവിലാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്നും അതിന് ശേഷം രാജ്യം ഭരിച്ച ജവഹർലാൽ നെഹ്റുവും, ലാൽബഹുദൂർശാസ്ത്രിയും ,ഇന്ദിരാഗാന്ധിയും, രാജീവ് ഗാന്ധിയും എടുത്ത ധീരോത്തമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ ഇന്ന് ലോകരാജ്യങ്ങളുടെ മുന്നിൽ തല ഉയർത്തിപിടിച്ച് നിൽക്കുന്നതെന്ന് ബിജെപിയുംടെയും ആർ എസ് എസിന്റെയും നേതാക്കൾ ഓർക്കണമെന്നും ഉണ്ണിത്താൻ പറഞ്ഞു.ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് അദ്ധ്യക്ഷനായി. മുൻ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി മുഖ്യപ്രഭാഷണം നടത്തി.ചന്ദ്രൻ തില്ലങ്കേരി,കെ സി മുഹമ്മദ് ഫൈസൽ,ഷമാ മുഹമ്മദ്,പി ടി മാത്യു,ലളിത ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.