തിരുവനന്തപുരം: രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നും വി എം സുധീരന്റെ രാജിവെക്കാനിടയായ സാഹചര്യം അജ്ഞാതമാണെന്നും മറ്റു വ്യഖ്യാനങ്ങൾക്ക് ആയുസ്സില്ലെന്നും എംപി രാജ്‌മോഹൻ ഉണ്ണിത്താൻ. സുധീരന്റെ രാജി കോൺഗ്രസിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഉണ്ണിത്താന്റെ പ്രതികരണം.

ആർക്ക് വേണമെങ്കിലും അദ്ദേഹത്തിന്റെ രാജിയെക്കുറിച്ച് വ്യഖ്യാനങ്ങൾ നൽകാം. ഓരോരുത്തർക്കും ഓരോരുത്തരുടെ ഇഷ്ടപ്രകാരമുള്ള വ്യാഖ്യാനങ്ങൾ. പക്ഷേ അതൊന്നുമായിരിക്കില്ല യാഥാർത്ഥ്യം. ഉണ്ണിത്താൻ മാധ്യമങ്ങളോട് പറഞ്ഞു.

അത്യുന്നതനായ ഒരു നേതാവ് നൈമിഷികമായ വികാരങ്ങളുടെ പേരിൽ ഇത്തരമൊരു തീരുമാനമെടുത്തത് കേരളത്തിലെ കോൺഗ്രസുകാരെ വേദനിപ്പിക്കുന്നതാണ്. രാജിവെക്കാനുണ്ടായ കാരണം അദ്ദേഹം വെളിപ്പെടുത്തുന്നതുവരെ അത് അജ്ഞാതമായി തുടരും. അതിന് മുൻപ് ആർക്ക് വേണമെങ്കിലും അദ്ദേഹത്തിന്റെ രാജിയെക്കുറിച്ച് വ്യഖ്യാനങ്ങൾ നൽകാം. ഓരോരുത്തർക്കും അവരവരുടെ ഇഷ്ടപ്രകാരമുള്ള വ്യാഖ്യാനങ്ങൾ. പക്ഷേ അതൊന്നുമായിരിക്കില്ല യാഥാർത്ഥ്യം.

വി എം സുധീരനുമായി കൂടിക്കാഴ്‌ച്ച നടത്തിയ കാര്യം രഹസ്യമാക്കി വെക്കുകയല്ല കെപിസിസി പ്രസിഡന്റ് ചെയ്തത്. ഈ കൂടിയാലോചന തുടരുമെന്ന് സുധാകരൻ വ്യക്തമാക്കിയ സാഹചര്യത്തിൽ എന്തിനാണ് രാജിയെന്ന് എനിക്കും മനസിലാവുന്നില്ല. അതുകൊണ്ട് രാജിവെച്ചത് എന്തുകൊണ്ടാണെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നത് വരെ അതിനെക്കുറിച്ച് ഔദ്യോഗികമായി പറയാൻ ഒന്നുമാവില്ല. ആർക്കും എന്ത് വ്യഖ്യാനം വേണമെങ്കിലും നൽകാം, പക്ഷേ അവയ്ക്ക് ദീർഘായുസുണ്ടാവില്ല. രാജ്‌മോഹൻ ഉണ്ണിത്താൻ

വി എം.സുധീരൻ രാജിവെച്ച വിവരത്തെ കുറിച്ച് നേരിട്ടറിവില്ലന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞിരുന്നു. വാർത്തയറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. സുധീരനെ കണ്ട് ചർച്ച നടത്തുമെന്നും പുനഃസംഘടനയിൽ അതൃപ്തി ഉള്ളതായി അറിവില്ലന്നും വി ഡി സതീശൻ പറഞ്ഞു. അനാരോഗ്യം മൂലം വിട്ടുനിൽക്കുന്നു എന്നാണ് മനസ്സിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

വി എം സുധീരൻ രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നും രാജിവെച്ചത് ശരിയായ നടപടിയല്ലെന്നാണ് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. രാഷ്ട്രീയ കാര്യസമിതിയിൽ വി എം സുധീരൻ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സുധീരന്റെ പരാതി എന്തെന്നറിയില്ലെന്ന് കെ സുധകരൻ പറഞ്ഞു. പാർട്ടിയിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന സുധീരന്റെ ആരോപണം തള്ളിയ കെ സുധാകരൻ ആവശ്യത്തിനുള്ള കൂടിയാലോചനകൾ നടക്കുന്നുണ്ടെന്നും വ്യക്തമാക്കി. എന്നാൽ ചിലർ കൂടിയാലോചനകൾക്ക് വരുന്നില്ലെന്നും പറഞ്ഞു.