- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ രാജ്‌മോഹൻ ഉണ്ണിത്തന്റെ തലവര തെളിഞ്ഞോ? സിപിഎമ്മിലെ വിഭാഗിയതയും ആർഎസ്പിയുടെ സ്വാധീനവും മേഴ്‌സിക്കുട്ടിയമ്മയെ തോൽപ്പിക്കും എന്ന വിശ്വാസത്തിൽ ചാനൽ ചർച്ചകളിലെ തീപ്പൊരി; കുണ്ടറ ഇക്കുറി കഠിനം
കൊല്ലം: കോൺഗ്രസിലെ തീപൊരിയാണ് രാജ്‌മോഹൻ ഉണ്ണിത്താൻ. എസ്എഫ്‌ഐയുടെ കോട്ടയായ കൊല്ലം എസ്എൻ കോളേജിൽ എംഎ ബേബിയെ തോൽപ്പിച്ച് വിദ്യാർത്ഥി യൂണിയൻ ഇലക്ഷനിൽ ജയിച്ച നേതാവ്. കെ കരുണാകരന്റെ ശ്രദ്ധ പിടിച്ചു പറ്റിയതോടെ ഐ ഗ്രൂപ്പിന്റെ വക്താവായി. ലീഡറുടെ നല്ലകാലത്തും കഷ്ടകാലത്തുമെല്ലാം ഉണ്ണിത്താൻ ഐ ഗ്രൂപ്പിനൊപ്പം വാദിച്ചു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റെന്ന രാജ്‌മോഹൻ ഉണ്ണിത്താന്റെ സ്വപ്‌നം മാത്രം നടന്നില്ല. ഒപ്പമുണ്ടായിരുന്ന പലരും ജയിച്ച് എംഎൽഎമാരായി. മന്ത്രിമാരും. എന്നാൽ കെഎസ് യുവിലുള്ളപ്പോഴോ യൂത്ത് കോൺഗ്രസിലുള്ളപ്പോഴോ ആരും സീറ്റ് നൽകിയില്ല. കാത്തിരിപ്പ് അവസാനിച്ചത് 2006ലാണ്. അന്നും കോൺഗ്രസ് നൽകിയത് ഒരു ജയസാധ്യതയുമില്ലാത്ത തലശ്ശേരി. സാക്ഷാൽ കോടിയേരി ബാലകൃഷ്ണനെതിരെ ഇടത് തരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പിൽ പോരാളിയെ പോലെ രാജ്‌മോഹൻ ഉണ്ണിത്താൻ മത്സര രംഗത്ത് എത്തി. ഇടത് കോട്ടയായ തലശ്ശേരിയിൽ കോടിയേരി നന്നേ വിയർത്തു. എന്നും സിപിഐ(എം) സ്ഥാനാർത്ഥികൾക്ക് കാൽ ലക്ഷത്തോളം ഭൂരിപക്ഷം മാത്രം നൽകുന്ന തലശ്ശേരിയ
കൊല്ലം: കോൺഗ്രസിലെ തീപൊരിയാണ് രാജ്‌മോഹൻ ഉണ്ണിത്താൻ. എസ്എഫ്‌ഐയുടെ കോട്ടയായ കൊല്ലം എസ്എൻ കോളേജിൽ എംഎ ബേബിയെ തോൽപ്പിച്ച് വിദ്യാർത്ഥി യൂണിയൻ ഇലക്ഷനിൽ ജയിച്ച നേതാവ്. കെ കരുണാകരന്റെ ശ്രദ്ധ പിടിച്ചു പറ്റിയതോടെ ഐ ഗ്രൂപ്പിന്റെ വക്താവായി. ലീഡറുടെ നല്ലകാലത്തും കഷ്ടകാലത്തുമെല്ലാം ഉണ്ണിത്താൻ ഐ ഗ്രൂപ്പിനൊപ്പം വാദിച്ചു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റെന്ന രാജ്‌മോഹൻ ഉണ്ണിത്താന്റെ സ്വപ്‌നം മാത്രം നടന്നില്ല. ഒപ്പമുണ്ടായിരുന്ന പലരും ജയിച്ച് എംഎൽഎമാരായി. മന്ത്രിമാരും. എന്നാൽ കെഎസ് യുവിലുള്ളപ്പോഴോ യൂത്ത് കോൺഗ്രസിലുള്ളപ്പോഴോ ആരും സീറ്റ് നൽകിയില്ല. കാത്തിരിപ്പ് അവസാനിച്ചത് 2006ലാണ്. അന്നും കോൺഗ്രസ് നൽകിയത് ഒരു ജയസാധ്യതയുമില്ലാത്ത തലശ്ശേരി.
സാക്ഷാൽ കോടിയേരി ബാലകൃഷ്ണനെതിരെ ഇടത് തരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പിൽ പോരാളിയെ പോലെ രാജ്‌മോഹൻ ഉണ്ണിത്താൻ മത്സര രംഗത്ത് എത്തി. ഇടത് കോട്ടയായ തലശ്ശേരിയിൽ കോടിയേരി നന്നേ വിയർത്തു. എന്നും സിപിഐ(എം) സ്ഥാനാർത്ഥികൾക്ക് കാൽ ലക്ഷത്തോളം ഭൂരിപക്ഷം മാത്രം നൽകുന്ന തലശ്ശേരിയിൽ രാജ്‌മോഹൻ ഉണ്ണിത്താൻ കോടിയേരിയെ ഒരു പരിധി വരെ പിടിച്ചു നിർത്തി. കോടിയേരി ജയിച്ചത് പതിനായിരം വോട്ടിനായിരുന്നു. തലശ്ശേരിയിൽ ഈ വിജയം കോടിയേരിയെ സംബന്ധിച്ചടത്തോളം വിയർപ്പൊഴുക്കി നേടിയാതായിരുന്നു. പതിനായിരം വോട്ടായി കോടിയേരിയുടെ ഭൂരിപക്ഷം കുറിച്ച രാജ്‌മോഹൻ ഉണ്ണിത്താൻ തന്റെ പ്രസംഗത്തിന്റെ തീപ്പൊരിയിൽ തലശ്ശേരിയിൽ വലിയ മുന്നേറ്റം തന്നെയാണ് കോൺഗ്രസിനുണ്ടാക്കി നൽകിയത്. എന്നിട്ടും 2011ൽ ഉണ്ണിത്താന് പാർട്ടി സീറ്റ് നൽകിയില്ല.
ആരോടും പരിഭവം പറയാതെ ഉമ്മൻ ചാണ്ടി സർക്കാരിനായി ചാനൽ ചർച്ചകളിൽ ഈ കോൺഗ്രസ് വക്താവ് നിറഞ്ഞു. സോളാറിലും ബാർ കോഴയിലുമെല്ലാം പ്രതിരോധം തീർത്തു. ഒടുവിൽ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി. കെപിസിസി അധ്യക്ഷൻ വി എം സുധീരന്റെ പിന്തുണയാണ് ഇതിന് കാരണം. സുധീരന്റെ മനസ്സ് അനുകൂലമായതിനാൽ അടുത്ത നിയമസഭയിൽ രാജ്‌മോഹൻ ഉണ്ണിത്താന്റെ തീപ്പൊരി പ്രസംഗം ഉയരുമെന്നാണ് സൂചന. തന്റെ അടുത്ത അനുയായി ആയ ഉണ്ണിത്താന് സുധീരൻ കണ്ടുവച്ചിരിക്കുന്നതുകൊല്ലം ജില്ലയിലെ കുണ്ടറയാണ്. കൊല്ലംകാരനായ ഉണ്ണിത്താന് ഇവിടെ ജയിക്കാനാകുമെന്ന് തന്നെയാണ് സുധീരന്റെ വിലയിരുത്തൽ. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലുയം ഈ നിർദ്ദേശത്തെ എതിർക്കാത്തതിനാൽ കുണ്ടറയിൽ ഉണ്ണിത്താനെത്തുമെന്നാണ് സൂചന.
കുണ്ടറയിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തനിക്ക് പാർട്ടിയിൽ നിന്നും അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും തീരുമാനം വന്ന ശേഷം പ്രതികരിക്കാമെന്നും രാജ് മോഹൻ ഉണ്ണിത്താൻ മറുനാടൻ മലയാളിയോട് പറഞ്ഞു. കുണ്ടറയിൽ യു.ഡി.എഫിന് വിജയ സാധ്യതയുണ്ടെന്നും തന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട തീരുമാനം പാർട്ടി കൈകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. 2006ൽ തലശ്ശേരി നിയോജക മണ്ഡലത്തിൽ കോടിയേരി ബാലകൃഷ്ണനെതിരെ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും സംസ്ഥാനത്താകെ ഇടതു തരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ശക്തി കേന്ദ്രത്തിൽ കോടിയേരിയുടെ ഭൂരിപക്ഷം പതിനായിരത്തിൽ ഒതുക്കാനായത് ഉണ്ണിത്താന്റെ വ്യക്തിമികവായാണ് കണക്കാക്കുന്നത് അതുകൊണ്ടുതന്നെ ഒരുകാലത്ത് കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന കുണ്ടറയിൽ രാജ്‌മോഹൻ ഉണ്ണിത്താനെ രംഗത്തിറക്കി മണ്ഡലം തിരിച്ചു പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് നേതൃത്വം.
കെ.എസ്.യു.വിലൂടെ രാഷ്ടീയപ്രവർത്തനം ആരംഭിച്ചു യൂത്ത് കോൺഗ്രസ്സിലും കോൺഗ്രസ് സേവാദളിലും പ്രധാനപദവികൾ അലങ്കരിച്ച രാജ്‌മോഹൻ ഉണ്ണിത്താൻ നിരവധി വർഷക്കാലം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും നാഷണൽ കൗൺസിൽ മെമ്പറായും സേവാദൾ സംസ്ഥാന ചെയർമാനായും സേവാദൾ അഖിലേന്ത്യാ സെക്രട്ടറിയായും പ്രവർത്തിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ കോൺഗ്രസ് വക്താവുമായി. കൊല്ലം എസ്.എൻ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എം.എ. ബേബിക്കെതിരെ മൽസരിച്ചു വിജയിച്ച ഉണ്ണിത്താൻ 2006 തലശ്ശേരിയിൽ കോടിയേരി ബാലകൃഷ്ണനെതിരെ മൽസരിച്ചു പരാജയപ്പെട്ടിരുന്നു. അതിന് ശേഷം വീണ്ടുമൊരു അങ്കത്തിന് ഉണ്ണിത്താനെത്തുന്നത് എംഎ ബേബിയുടെ സിറ്റിങ് സീറ്റിലാണ്. പക്ഷേ ഉണ്ണിത്താനെത്തുമ്പോൾ കാര്യങ്ങൾ സിപിഎമ്മിന് അത്ര അനുകൂലമല്ല.
സിപിഎമ്മിൽ ഇന്ന് പഴയ യോജിപ്പ് കുണ്ടറയിൽ ഇല്ല. എം.എ.ബേബിക്ക് മുൻപ് കുണ്ടറയിൽ നിന്നും എംഎൽഎയായിരുന്ന ജെ.മേഴ്‌സിക്കുട്ടിയമ്മയ്ക്ക് പാർട്ടി സീറ്റ് നൽകാനുള്ള തീരുമാനമാണ് പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പിന് കാരണമായിരിക്കുന്നത്. വി എസ് പക്ഷക്കാരിയായ മേഴ്‌സിക്കുട്ടിയമ്മയെ പാർട്ടി നേതൃത്വം നേരിട്ട് രംഗത്തിറക്കുകയായിരുന്നുവെന്നാണ് ഇവർ പറയുന്നത്. ജെ.മേഴ്‌സിക്കുട്ടിയമ്മയെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. എംഎൽഎ മോഹവുമായിരുന്ന പാർട്ടി ഏരിയ സെക്രട്ടറിയും മുൻ ജില്ലാപഞ്ചായത്തംഗവും കൂടിയായ എസ്.എൽ.സജികുമാറിനെ നേതൃത്വം പരിഗണിച്ചില്ലെന്ന് മാത്രമല്ല സജികുമാറിനെ സ്ഥാനാർത്ഥിയാക്കിയാൽ പരാജയം നിശ്ചയമാണെന്ന അഭിപ്രായത്തിലേക്ക് നേതൃത്വം എത്തുകയുമായിരുന്നു. ഇത് അണികളിൽ അമർഷമുണ്ടാക്കി.
അവസാന നിമിഷം സിപിഐ(എം) ജില്ലാസെക്രട്ടറി ബാലഗോപാലിന്റെയും മുൻ എംപി പി.രാജേന്ദ്രന്റെയും പേരുകൾ ഉയർന്ന് വന്നിരുന്നു. ബാലഗോപാലായിരിക്കും സ്ഥാനാർത്ഥിയെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം മേഴ്‌സിക്കുട്ടിയമ്മയുടെ പേര് ജില്ലാ സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തിന് നൽകിയെന്ന വിവരങ്ങൾ പുറത്തുവരുന്നത്. മേഴ്‌സിക്കുട്ടിയമ്മയാണ് ഇടത് സ്ഥാനാർത്ഥിയെങ്കിൽ കുണ്ടറയിൽ കോൺഗ്രസിന് മുൻതൂക്കം കിട്ടും. ഇത് തിരിച്ചറിഞ്ഞാണ് രാജ്‌മോഹൻ ഉണ്ണിത്താനെ കുണ്ടറയിലേക്ക് സുധീരൻ നിയോഗിക്കുന്നത്. മണ്ഡലത്തിന്റെ പൊതു ചരിത്രവും ഇത്തവണ കുണ്ടറയിൽ കോൺഗ്രസിന് പ്രതീക്ഷ നൽകുന്നതാണ്. അതുകൊണ്ട് തന്നെ രാജ്‌മോഹൻ ഉണ്ണിത്താൻ ജയിക്കുമെന്ന് സുധീരനും കരുതുന്നു.
1965 മുതൽ നടന്ന 12 തിരഞ്ഞെടുപ്പുകളിൽ കുണ്ടറയിൽ കോൺഗ്രസ്-കമ്മ്യൂണിസ്റ്റ് പാർട്ടികൾ നേർക്കുനേർ പോരാട്ടമായിരുന്നു. ഇതിൽ ആറു തവണ കോൺഗ്രസും അത്രയും തവണ കമ്മ്യൂണിസ്റ്റു പാർട്ടിയും വിജയിച്ചു. ജയിപ്പിച്ചവരെ തോല്പിക്കുകയും തോല്പിച്ചവരെ ജയിപ്പിക്കുകയും ചെയ്യുന്നത് കുണ്ടറയുടെ സ്വഭാവമാണ്. ഇവിടെ ആദ്യം വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥി വി.ശങ്കര നാരായണപിള്ള 1980ൽ സിപിഎമ്മിലെ വി.വി.ജോസഫിനോട് തോറ്റു. വി.വി.ജോസഫിനെ തൊട്ടടുത്ത തിരഞ്ഞടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി തോപ്പിൽ രവി തോല്പിച്ചു. അടുത്ത തിരഞ്ഞെടുപ്പിൽ തോപ്പിൽ രവി സിപിഎമ്മിലെ ജെ.മേഴ്‌സിക്കുട്ടി അമ്മയോട് തോറ്റു.
പിന്നീട് മേഴ്‌സിയെ തോല്പിച്ച കോൺഗ്രസിലെ അൽഫോൻസാ ജോണിനെ അടുത്ത തിരഞ്ഞെടുപ്പിൽ തോല്പിച്ച് മേഴ്‌സി പകരം വീട്ടി. പിന്നാലെ മേഴ്‌സിക്കുട്ടിയെ കടവൂർ ശിവദാസൻ തോൽപ്പിച്ചു. പിന്നീട് എം.എ.ബേബിക്ക് മുന്നിൽ കടവൂർശിവദാസനും വീണു. കുണ്ടറയിൽ 2011ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പി.ജർമ്മിയാസ് ബേബിയോട് ദയനീയമായി തോറ്റെങ്കിലും പീന്നാലെ നടന്ന കൊല്ലം ലോക് സഭാ തിരഞ്ഞെടുപ്പിൽ, യു.ഡി.എഫ്. സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രനേക്കാൾ ഏഴായിരത്തോളം വോട്ടിന് മുൻതൂക്കം നേടി. എംഎ ബേബിയായിരുന്നു ലോക്‌സഭയിലെ സിപിഐ(എം) സ്ഥാനാർത്ഥി.
മണ്ഡലം പുനർനിർണ്ണയത്തിന് ശേഷം ബിജെപി. സാന്നിദ്ധ്യം ശക്തിപ്പെട്ടതാണ് കുണ്ടറയുടെ മറ്റൊരു സവിശേഷത. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തിലെ ആറ് വാർഡികളിൽ ബിജെപി. സ്ഥാനാർത്ഥികൾ വിജയിച്ചു. പെരിനാട് പഞ്ചായത്തിൽ മൂന്നും കുണ്ടറ പഞ്ചായത്തിൽ രണ്ടും വാർഡുകൾ നേടി. കൊറ്റങ്കര, നെടുമ്പന, തൃക്കോവിൽ വട്ടം പഞ്ചായത്തുകളിൽ ഓരോ വാർഡിലും വിജയിച്ചു. അതുകൊണ്ട് ബിജെപിയും ഇത്തവണ നിർണ്ണായക ഘടകമാണ്. ആർ.എസ്‌പി.യുടെ മുന്നണിമാറ്റം ജനവിധിയെ സ്വാധീനിക്കാനിടയുള്ള മണ്ഡലങ്ങളിൽ ഒന്നാണ് കുണ്ടറ. മണ്ഡലത്തിലെ ഏതാണ്ട് എല്ലാ പഞ്ചായത്തുകളിലും ആർ.എസ്‌പി. സാന്നിദ്ധ്യമുണ്ട്. ഇന്ന് ആർഎസ്‌പി യുഡിഎഫിനൊപ്പമാണ്. ഇതും രാജ്‌മോഹൻ ഉണ്ണിത്താന്റെ വിജയത്തെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.