കോട്ടയം: പത്ത് തവണ നിയമസഭയിലേക്ക് വിജയിച്ച ഉമ്മൻ ചാണ്ടി ഇക്കുറി പുതുപ്പള്ളി മണ്ഡലത്തിൽ മത്സരരംഗത്തുനിന്ന് മാറിനിന്ന് എൻ.ഡി.എ.യുടെ യുവസ്ഥാനാർത്ഥിയെ അനുഗ്രഹിക്കണമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർത്ഥി എൻ. ഹരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കവേയാണ് കേന്ദ്രമന്ത്രി രസകരമായ ആവശ്യം ഉന്നയിച്ചത്. എൻ.ഡി.എ. പ്രവർത്തകർ കൂട്ടച്ചിരിയോടെ കൈയടിച്ചാണ് ഈ ആവശ്യം കേട്ടുനിന്നത്.

'ഞാൻ ഏറെ ബഹുമാനിക്കുന്ന നേതാവാണ് ഉമ്മൻ ചാണ്ടിജി. എനിക്ക് ഇഷ്ടമുള്ള മുതിർന്ന വ്യക്തിയുമാണ്. പക്ഷേ, ഇക്കുറി അദ്ദേഹം യുവാക്കൾക്കുവേണ്ടി മാറിനിൽക്കണം- രാജ്നാഥ് ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടിയുടെ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് വിളിപ്പാടകലെയായിരുന്നു പൊതുയോഗം.

ഓഫീസിനുമുന്നിലൂടെ റോഡ് ഷോ കടന്നുവരവേ രാജ്നാഥ് ഉമ്മൻ ചാണ്ടിയുടെ ഓഫീസിന് പുറത്ത് കൂടിനിന്ന കോൺഗ്രസ് പ്രവർത്തകരെ അഭിവാദ്യംചെയ്തു. പ്രവർത്തകരും തിരിച്ച് അദ്ദേഹത്തെ അഭിവാദ്യംചെയ്തിരുന്നു.

അതേ സമയം രാജ്‌നാഥ് സിങിന്റെ ആവശ്യത്തോട് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം ഇങ്ങനെ. രാജ്നാഥ് സിങ് അദ്ദേഹത്തിന്റെ പാർട്ടിയുടെ തീരുമാനം അനുസരിക്കുന്നതുപോലെ ഞാനും എന്റെ പാർട്ടി തീരുമാനം അനുസരിക്കുകയാണ് ചെയ്തത്. പാർട്ടി നിർദേശിച്ചത് അനുസരിച്ചാണ് ഞാൻ മത്സരിക്കുന്നത്. മത്സരിക്കണോ വേണ്ടയോയെന്ന് നിശ്ചയിക്കുന്നത് പാർട്ടിയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.