മുംബൈ: യുദ്ധകപ്പൽ ഐഎൻഎസ് വിശാഖപട്ടണം രാജ്യത്തിന് സമർപ്പിക്കുന്ന വേളയിൽ ചൈനയെ അതിരൂക്ഷവിമർശനവുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ''ചില നിരുത്തരവാദപരമായ രാഷ്ട്രങ്ങൾ'' അവരുടെ ഇടുങ്ങിയ പക്ഷപാതപരമായ താൽപ്പര്യങ്ങളും ആധിപത്യ പ്രവണതകളുമായി സമുദ്രാതിർത്തി സംബന്ധിച്ച അന്താരാഷ്ട്ര ചട്ടങ്ങളുടെ തെറ്റായ നിർവചനങ്ങളുമായി വരുന്നതായി പ്രതിരോധ മന്ത്രി പറഞ്ഞു. ചൈനയുടെ പേര് എടുത്ത് പറയാതെയായിരുന്നു വിമർശനം.

ഈ രാഷ്ട്രങ്ങൾ യുഎൻ കൺവെൻഷൻ ഓൺ ദി ലോ ഓഫ് ദി സീയുടെ (യുഎൻസിഎൽഒഎഫ്) തെറ്റായ നിർവചനങ്ങളുമായി വരുന്നുണ്ടെന്നാണ് പ്രതിരോധ മന്ത്രി പറഞ്ഞത്. വിദേശ കപ്പലുകളുടെ പ്രവേശനം നിയന്ത്രിക്കാനായി ''ചൈനീസ് ടെറിട്ടോറിയൽ വാട്ടർ'' എന്ന് വിളിക്കുന്ന പുതിയ സമുദ്ര നിയമങ്ങൾ ചൈന പ്രഖ്യാപിച്ചതിലാണ് രാജ്‌നാഥ് സിങ് വിമർശിച്ചത്.

ഈ വർഷം സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമപ്രകാരം, സൈനികവും വാണിജ്യപരവുമായ വിദേശ കപ്പലുകൾ, പുതിയ നിയമം അനുസരിച്ച് ''ചൈനീസ് ടെറിട്ടോറിയൽ സമുദ്രമേഖലയിൽ'' ചൈനീസ് മേൽനോട്ടത്തിന് കീഴടങ്ങേണ്ടതുണ്ട്.

''ചൈനയുടെ സമുദ്ര ഗതാഗത സുരക്ഷയെ അപകടപ്പെടുത്തുന്ന'' കപ്പലുകൾ അവരുടെ പേര്, കോൾ ചിഹ്നം, നിലവിലെ സ്ഥാനം, അടുത്ത കോൾ പോർട്ട്, എത്തിച്ചേരുമെന്ന് കണക്കാക്കിയ സമയം എന്നിവ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. അപകടകരമായ ചരക്കുകളും ചരക്ക് ഭാരവും കൊണ്ടുപോകുന്ന കപ്പലുകളുടെ പേരും ആവശ്യപ്പെടുമെന്ന് ചൈനീസ് സർക്കാരിന്റെ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

തർക്കമുള്ള ദക്ഷിണ ചൈനാ കടൽ, കിഴക്കൻ ചൈനാ കടൽ, തായ്വാൻ കടലിടുക്ക് എന്നിവിടങ്ങളിൽ വാണിജ്യപരവും സൈനികവുമായ കപ്പലുകൾ കടന്നുപോകുന്നതുമായി ബന്ധപ്പെട്ട് ഈ നിയമം വളരെ പ്രധാനമാണ്. ഇത് യുഎസുമായും മേഖലയിലെ അവരുടെ പങ്കാളികളുമായും വർദ്ധിച്ച സംഘർഷത്തിന് കാരണമായി.

ഒരു രാജ്യത്തിന്റെ സുരക്ഷയെ ഭീഷണിപ്പെടുത്തുന്നില്ലെങ്കിൽ, ഒരു തീരദേശ രാജ്യത്തെ സമുദ്ര മേഖല വഴി വിദേശ കപ്പലുകളുടെ കടന്നുപോകാനുള്ള അവകാശത്തെ തടസ്സപ്പെടുത്തരുതെന്നാൻ് ഐക്യരാഷ്ട്രസഭയുടെ കടൽ നിയമം സംബന്ധിച്ച കൺവെൻഷൻ ഉറപ്പുനൽകുന്നത്.

ഇന്ത്യ യുദ്ധക്കപ്പൽ നിർമ്മിക്കുന്നത് രാജ്യത്തിന്റെ ഉപയോഗത്തിന് മാത്രമല്ല, ലോകത്തിന്റെ മൊത്തം ആവശ്യത്തിന് വേണ്ടിയാണെന്നതിൽ സംശയമില്ല. ഐഎൻഎസ് വിശാഖപട്ടണത്തിലെ സൗകര്യങ്ങൾ ഇന്നത്തെ ആവശ്യങ്ങൾ നിറവേറ്റാനുള്ളതല്ലെന്നും ഭാവിയിലെ ആവശ്യങ്ങൾകൂടി ലക്ഷ്യമിട്ടുള്ളതാണെന്നും മുംബൈയിലെ നാവിക സേനാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ രാജ്നാഥ് സിങ് പറഞ്ഞു.

ഇന്തോ-പസഫിക് മേഖലയിലെ സമാധാനം ഇന്ത്യൻ നാവികസേനയുടെ കൂടി ഉത്തരവാദിത്വമാണ്. സമാധാനം ഇല്ലാതാക്കാൻ ചില രാജ്യങ്ങൾ ശ്രമിക്കുന്നുണ്ടെന്നും രാജ്നാഥ് സിങ് പറഞ്ഞു. ചില ഉത്തരവാദിത്വമില്ലാത്ത രാഷ്ട്രങ്ങൾ അവരുടെ ഇടുങ്ങിയതും നിക്ഷിപ്തവുമായ താൽപ്പര്യങ്ങളും ആധിപത്യ പ്രവണതകളും കൊണ്ട് സമുദ്ര നിയമം സംബന്ധിച്ച യുഎൻ കൺവെൻഷന് തെറ്റായ വ്യാഖാനങ്ങൾ നൽകുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

മിസൈൽ വേധ സ്റ്റെൽത്ത് ഗൈഡഡ് കപ്പലാണ് ഐഎൻഎസ് വിശാഖപട്ടണം. 2015-ൽ തുടങ്ങിയ പ്രൊജക്ട് 15ബി ശ്രേണിയിലെ നാല് കപ്പലുകളിൽ ആദ്യത്തേതാണ് ഐഎൻഎസ് വിശാഖപട്ടണം. 35,800 കോടി രൂപയുടേതാണ് പ്രോജക്ട് 15ബി എന്ന പേരിലുള്ള കപ്പൽ നിർമ്മാണ കരാർ.