ഐസ്വാൾ: കശാപ്പിനായി കന്നുകാലികളെ കാലിചന്തകളിൽ വിൽക്കുന്നതു നിരോധിച്ചുകൊണ്ടുള്ള കേന്ദ്രവിജ്ഞാപനം പരോക്ഷ ബീഫ് നിരോധനം തന്നെയാണെന്ന വിമർശനങ്ങൾ ശക്തമായി ഉയരുന്നു. ഭക്ഷണ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് കേന്ദ്രത്തിന്റെ നടപടിയെന്നും ആരോപണം ശക്തമാണ്്. എന്നാൽ നിയമപ്രകാരം ബീഫ് നിരോധനോ കശാപ്പ് നിരോധനമോ ഇല്ലെന്നു പറഞ്ഞാണ് ബിജെപി ഈ ആരോപണങ്ങളെ പ്രതിരോധിക്കുന്നത്.

ബീഫ് നിരോധനം നടപ്പാക്കാനായി സംഘപരിവാർ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. ഇതിനിടെ മിസോറാം സന്ദർശിക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ലഭിച്ചത് സ്വപ്‌നത്തിൽപോലും പ്രതീക്ഷിക്കാത്ത പണിയാണ്. ബീഫ് ഫെസ്റ്റിവൽ നടത്തിയാണ് മുൻ ബിജെപി അധ്യക്ഷനെ സംസ്ഥാനത്തെ ജനങ്ങൾ സ്വീകരിച്ചത്.

കശാപ്പിനായുള്ള കന്നുകാലി വില്പന നിരോധിച്ച കേന്ദ്ര നടപടിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് രാജ്നാഥ് സിങ്ങിന്റെ സന്ദർശന വേളയിൽ മിസോറാമിലെ ഒരുകൂട്ടമാളുകൾ ബീഫ് പാർട്ടി നടത്തിയത്. 'ഇതാണ് ഞങ്ങളുടെ രുചികരമായ ബീഫ്. നിങ്ങളുടെ വിശ്വാസം ഞങ്ങളിൽ അടിച്ചേൽപ്പിക്കേണ്ട' എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പാർട്ടി സംഘടിപ്പിച്ചത്.

നഗരകേന്ദ്രത്തിലുള്ള വനാപ ഹാളിൽ നടന്ന ബീഫ് പാർട്ടിയിൽ രണ്ടായിരത്തിലേറെ ആളുകളാണ് പങ്കെടുത്തത്. കനത്ത മഴയെയും അവഗണിച്ചാണ് ഇത്രയും ജനങ്ങൾ തടിച്ചുകൂടിയത്. രാജ്നാഥ് സിങ് അധ്യക്ഷനായ മുഖ്യമന്ത്രിമാരുടെ യോഗം നടക്കുന്ന രാജ്ഭവന് 200മീറ്റർ അകലെയായിരുന്നു ബീഫ് പാർട്ടി നടന്നത്. ഇതിനിടെ, ജനങ്ങൾക്ക് ഇഷ്ടമുള്ളതു കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് രാജ്‌നാഥ് സിങ് ഐസ്വാളിൽ പറഞ്ഞതായും റിപ്പോർട്ടുണ്ട്.

'സൊലൈഫ്' എന്ന സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. 'തങ്ങൾ എന്തു കഴിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം ആർക്കുമുമ്പിലും തീറെഴുതി നൽകില്ലെന്ന് മിസോറാം ജനത ലോകത്തിനു കാണിച്ചു കൊടുത്തിരിക്കുകയാണ്.' സോലൈഫിന്റെ പ്രവർത്തകനായ റെംറുത വാർടെ പറഞ്ഞു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ഭക്ഷണത്തിലെ മുഖ്യ ഇനമാണ് ബീഫ്. മിസോറാമിനെ സംബന്ധിച്ച് സാംസ്‌കാരിക പ്രാധാന്യംവരെ ബീഫിനുണ്ട്. ബീഫില്ലാതെ ഇവിടുത്തുകാരുടെ ആഹാരക്രമം പൂർത്തിയാകില്ല.

മറ്റു സംസ്ഥാനങ്ങളിലു കേന്ദ്ര വിജ്ഞാപനത്തിനെതിരേ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. കശാപ്പ് നിരോധനത്തിൽ പ്രതിഷേധിച്ച് മേഘാലയയിൽ രണ്ടു പ്രമുഖ ബിജെപി നേതാക്കളും 5,000 അനുയായികളും ബിജെപിയിൽനിന്നു രാജിവയ്ക്കുകയുണ്ടായി. കേന്ദ്ര വിജ്ഞാപനത്തിനെതിരേ മേഘാലയ സംസ്ഥാനം പ്രമേയവും പാസാക്കുകയുണ്ടായി.