ചെന്നൈ: അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ കൈകോർക്കുമെന്നും തമിഴകത്ത് ബിജെപിയുടെ തിരഞ്ഞെടുപ്പ് പങ്കാളിയെന്നും കരുതപ്പെട്ട സാക്ഷാൽ രജനീകാന്തും കർണാടകയിലെ സംഭവ വികാസങ്ങളിൽ ബിജെപിയെ തള്ളിപ്പറഞ്ഞ് രംഗത്ത്. ദേശീയ രാഷ്ട്രീയത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെട്ടതായിരുന്നു കർണാടക തിരഞ്ഞെടുപ്പ് ഫലവും അതിനെ അനുകൂലമാക്കാൻ ബിജെപിയും കോൺഗ്രസും നടത്തിയ നീക്കങ്ങളും.

മോദി അധികാരത്തിലേറിയ കഴിഞ്ഞ ദേശീയ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏറ്റവും കൂടുതൽ സീറ്റുകൾ ലഭിച്ച സംസ്ഥാനങ്ങളിൽ വരുന്ന തിരഞ്ഞെടുപ്പിൽ പാർട്ടി തിരിച്ചടി ഭയക്കുന്നുണ്ട്. നേരത്തേ കിട്ടിയ സീറ്റുകൾ ഇനി സ്വപ്‌നം മാത്രം. യുപിയുൾപ്പെടെ സ്ഥിതി മാറി. ഈ സാഹചര്യത്തിൽ പാർട്ടി സ്വാധീനമുള്ളിടങ്ങളിൽ ഉണ്ടാകുന്ന നഷ്ടം നികത്താൻ ദക്ഷിണേന്ത്യയിൽ കൂടുതൽ സീറ്റുകൾ എന്ന സ്വപ്‌നത്തിലൂന്നിയാണ് ബിജെപി മുന്നോട്ടു കരുക്കൾ നീക്കിയത്. പക്ഷേ, കർണാടകത്തിൽ അതു പാളി.

മാത്രമല്ല, കർണാടകത്തിലെ രാഷ്ട്രീയക്കളി ഇഷ്ടക്കാരെന്ന് കരുതിയവരെപ്പോലും മറുകണ്ടം ചാടിച്ചുവെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചിരിക്കുന്നു. തമിഴകത്ത് ഡിഎംകെ കോൺഗ്രസിന് ഒപ്പമാണ്. കർണാടകത്തിൽ ബുധനാഴ്ച കോൺഗ്രസ്-സെക്യുലർ ദൾ സഖ്യം അധികാരമേൽക്കുമ്പോൾ അതിൽ പങ്കെടുക്കാൻ ഡിഎംകെ നേതാവ് സ്റ്റാലിനെ ഉൾപ്പെടെ ക്ഷണിച്ചിട്ടുണ്ട്. ഇതോടെ കോൺഗ്രസ് ലക്ഷ്യമിടുന്നത് ബിജെപിക്ക് എതിരായ വിശാല ദേശീയ സഖ്യത്തിനാണ്.

ദളിനെ കൂടെ നിർത്താൻ വിട്ടുവീഴ്ച ചെയ്ത് വല്യേട്ടൻ ഭാവം കോൺഗ്രസ് കളഞ്ഞു എന്നതാണ് കർണാടകയിലെ ഹൈലൈറ്റ്. ഇതോടെ കുമാരസ്വാമി മുഖ്യമന്ത്രിയാകാൻ സാധ്യതതെളിയുകയും ബിജെപിക്ക് അത് വലിയ നാണക്കേടാവുകയും ചെയ്തു. കർണാടക തിരഞ്ഞെടുപ്പുകാലത്ത് ദൾ ശത്രുവായിരുന്നുവെങ്കിൽ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ദളും മിത്രങ്ങളായി മാറി. ഈ സ്ഥിതി അട്ടിമറിക്കാൻ സർവ തന്ത്രവും പയറ്റിയ ബിജെപി നാണംകെടുകയും ചെയ്തു.

പക്ഷേ, ഈ പുതിയ നീക്കം ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടിയാവുന്നു എന്ന് തെളിയിക്കുന്ന പ്രസ്താവനയാണ് തമിഴ്‌നാട്ടിൽ നിന്ന് വരുന്നത്. രജനീകാന്ത് എന്ന പുതിയ രാഷ്്ട്രീയ താരോദയം അവരുടെ ഇഷ്ടക്കാരനായി നിൽക്കുമെന്നും അണ്ണാഡിഎംകെയിലെ വലിയൊരു പക്ഷത്തെ പിളർത്തി തന്റെ പാർട്ടിക്കൊപ്പം ചേർക്കുമെന്നും അത് ബിജെപിക്ക് തമിഴകത്ത് താമര വിരിയിക്കാൻ ഇടമൊരുക്കുമെന്നും കരുതപ്പെട്ട സ്ഥിതി മാറുകയാണ്. കർണാടകത്തിലെ പുതിയ രാഷ്ട്രീയ നീക്കങ്ങൾ ബിജെപിക്ക് തിരിച്ചടിയാണെന്ന് വ്യക്തമാക്കുന്ന പ്രസ്താവനയാണ് രജനീകാന്തിന്റെ പക്കൽ നിന്ന് ഉണ്ടായിട്ടുള്ളത്.

കർണാടകത്തിൽ ഉണ്ടായ സംഭവങ്ങൾ മോശമായെന്ന് പ്രതികരിച്ചാണ് രജനീകാന്ത് രംഗത്തെത്തിയിട്ടുള്ളത്. കർണാടകയിൽ കഴിഞ്ഞ ദിവസം സംഭവിച്ചതു ജനാധിപത്യത്തിന്റെ വിജയമാണെന്ന് രജനികാന്ത് പറഞ്ഞു. ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണറുടെ നടപടി ജനാധിപത്യത്തെ പരിഹസിക്കലാണെന്നും ജനാധിപത്യത്തിന്റെ മൂല്യം ഉയർത്തിയ സുപ്രീംകോടതിയോട് നന്ദിയുണ്ടെന്നും രജനികാന്ത് പറഞ്ഞു. കർണാടകത്തിൽ സർക്കാർ രൂപീകരിക്കാൻ സാഹചര്യമുണ്ടെന്നും പിന്തുണയുണ്ടെന്നും ഭൂരിപക്ഷമുണ്ടെന്നും ജനതാദളും കോൺഗ്രസും ചേർന്ന് വ്യക്തമാക്കിയി്ട്ടും അതിനെ തള്ളി ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച നടപടിയെ വിമർശിക്കുന്ന പരാമർശമാണ് രജനി നടത്തിയത്.

സർക്കാർ രൂപവത്കരിക്കാൻ ബിജെപി കൂടുതൽ സമയം ആവശ്യപ്പെട്ടതും ഗവർണർ 15 ദിവസം നൽകിയതും ജനാധിപത്യത്തെ കളിയാക്കുന്നതിനു തുല്യമായിരുന്നു. വിഷയത്തിൽ ജനാധിപത്യത്തെ സംരക്ഷിക്കുന്ന വിധി പുറപ്പെടുവിച്ചതിന് സുപ്രീം കോടതിയോട് നന്ദി പറയുന്നു- രജനീകാന്ത്് ഇങ്ങനെ പ്രതികരിച്ചതോടെ താൻ ബിജെപിക്ക് ഒപ്പമല്ലെന്ന പ്രഖ്യാപനം കൂടിയായി അത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമോയെന്നതിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് ഇതുവരെ രൂപം നൽകിയിട്ടില്ല. പക്ഷേ എന്തും നേരിടാൻ സജ്ജമാണെന്നും ഏതെങ്കിലും മുന്നണിയുമായി സഖ്യം രൂപീകരിക്കണോ എന്ന കാര്യത്തിൽ അഭിപ്രായം പറയാറായിട്ടില്ലെന്നും രജനി വ്യക്തമാക്കി.

കർണാടകയിലെ ബിജെപിയുടെ കാട്ടികൂട്ടലുകളെ പരിഹസിച്ച് നേരത്തെ പ്രകാശ് രാജും രംഗത്തെത്തിയിരുന്നു. രജനി, കമൽഹാസൻ, പ്രകാശ് രാജ് എന്നിവർ തമിഴകത്ത് ജയലളിതയുടെ മരണത്തിന് പിന്നാലെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കി രംഗത്തെത്തിയവരാണ്. ഇതിൽ കമൽഹാസൻ താൻ സോഷ്യലിസ്റ്റ് - ഇടത് പാതയിലാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

പ്രകാശ് രാജും ബിജെപി വിരുദ്ധ സമീപനമാണ് സ്വീകരിച്ചിരുന്നത്. രജനിയാകട്ടെ ബിജെപിക്കൊപ്പം നിന്നേക്കുമെന്ന സൂചനകളാണ് നൽകിയത്. എന്നാൽ ഇപ്പോൾ കർണാടകയോടെ സ്ഥിതി മാറി. രജനിയും ബിജെപി നിലപാടിനെ അപലപിച്ച് രംഗത്തെത്തുന്നു. ഇതോടെ തമിഴകത്ത് ബിജെപിക്ക് വലിയ പ്രതീക്ഷ വേണ്ടെന്ന സൂചനകളാണ് ലഭിക്കുന്നത്.