- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നൈ കാശി വിശ്വനാഥ ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥനയും 108 പശുക്കൾക്ക് ഗോപൂജയും; മൃത്യുഞ്ജയ ഹോമത്തിനുശേഷം സഹോദരൻ പ്രഖ്യാപിച്ചത് രജനി തിരുവണ്ണാമലയിൽ മൽസരിക്കുമെന്ന്; സ്റ്റൈൽ മന്നന്റെ 70ാം പിറന്നാൾ ആരാധകർ ആഘോഷിച്ചത് തനി ഹിന്ദുത്വ ശൈലിയിൽ; രജനീകാന്തിന്റെ ആത്മീയ രാഷ്ട്രീയം തനി സംഘപരിവാർ രാഷ്ട്രീയമോ?
ചെന്നൈ: സ്റ്റെൽ മന്നൻ രജീനീകാന്തിന്റെ 70 ജന്മദിനം കടന്നുപോയത് ദ്രാവിഡ രാഷ്ട്രീയ മണ്ണിൽ കേട്ടുകേൾവിയില്ലാത്ത ഗോ പൂജയും മൃത്യുഞ്ജയ ഹോമവുമായി തനി ഹിന്ദുത്വ ശൈലിയിൽ. ഇതോടെ രജനി മുന്നോട്ടുവെക്കുന്ന ആത്മീയ രാഷ്ട്രീയവും സംഘപരിവാർ രാഷ്ട്രീയവും തമ്മിൽ എന്താണ് വ്യത്യാസം എന്നാണ് ചോദ്യം ഉയരുന്നത്. രജനിയുടെ പാർട്ടിയുടെ തലപ്പത്തുള്ളവർ പലരും ഇപ്പോഴും ആർഎസ്എസുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്. അതുകൊണ്ടുതന്നെ ഏത് നിമിഷവും രജനി ബിജെപിയിൽ ചേരുമെന്ന അഭ്യൂഹവും കാലങ്ങളായി ശക്തമാണ്. ബിജെപി കീ കൊടുക്കുന്ന പാവയാണ് രജീകാന്ത് എന്ന് നെടുമാരനെപ്പോലുള്ള ദ്രാവിഡ നേതാക്കൾ നേരത്തെ ആരോപിച്ചിരുന്നു. മുമ്പൊക്കെ കേക്ക് മുറിച്ചും, അഗതികളെ സഹായിച്ചും, സമൂഹ വിവാഹം നടത്തിയുമൊക്കെയായിരുന്നു ആരാധകർ രജനിയുടെ ജന്മദിനം ആഘോഷിച്ചിരുന്നത്. ഇപ്പോൾ അത് തനി മതാചാര പ്രകാരം ആയി.
70ാമത്തെ പിറന്നാൾ എന്നതിനൊപ്പം രജനീകാന്ത് സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന ഉറപ്പ് ലഭിച്ചതിനു ശേഷമെത്തുന്ന ആദ്യത്തെ ജന്മദിനം എന്നതും ആരാധകരെ ആഹ്ളാദത്തിലാക്കുന്ന കാര്യമാണ്. ചെന്നൈ വെസ്റ്റ് മാമ്പലത്തെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളോടെയാണ് പ്രിയതാരത്തിന്റെ 70ാം പിറന്നാൾ ആഘോഷത്തിന് ആരാധകർ ഇന്ന് തുടക്കം കുറിച്ചത്.
ആരാധക സംഘടനയായ രജനി മക്കൾ മൺറത്തിന്റെ ഭാരവാഹികളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ 108 പശുക്കൾക്ക് ഗോപൂജയും മൃത്യുഞ്ജയ ഹോമവും ഉൾപ്പെടെയുള്ളവ നടന്നു. രജനീകാന്തിന്റെ ചിത്രങ്ങൾ ആലേഖനം ചെയ്ത ടി ഷർട്ടുകൾ ധരിച്ചാണ് ആരാധകരിൽ പലരും ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയത്. രാഷ്ട്രീയത്തിലേക്ക് കടക്കാനിരിക്കുന്ന പ്രിയതാരത്തിന്റെ ആയുരാരോഗ്യത്തിനായാണ് ചടങ്ങുകൾ എന്നാണ് ആരാധകരുടെ പക്ഷം.
അതേസമയം ഡിസംബർ 31ന് തന്നെ പാർട്ടി പ്രഖ്യാപനത്തിന്റെ തീയ്യതി അറിയിക്കുമെന്ന് രജനീകാന്ത് വ്യക്തമാക്കിയിരുന്നു. ജനുവരിയോടെ സജീവമായി രാഷ്ട്രീയ രംഗത്തിറങ്ങാനാണ് താരത്തിന്റെ തീരുമാനം. അതേസമയം മുൻ ആർഎസ്എസ് നേതാക്കളെ നേതൃസ്ഥാനത്തുകൊണ്ടുവന്നതിൽ രജനി മക്കൾ മൺറത്തിനുള്ളിൽ എതിർപ്പ് ശക്തമായിരിക്കുകയാണ്. ഭാരവാഹികൾ തന്നെ അതൃപ്തി അറിയിച്ച് രംഗത്തെത്തി. തർക്കം പരിഹരിക്കാൻ രജനീകാന്ത് ആരാധക കൂട്ടായ്മയുടെ യോഗം ചേർന്നിട്ടുണ്ട്. തുടർന്ന് പ്രചാരണത്തിന് തന്റെ ചിത്രം മാത്രം പോസ്റ്ററുകളിൽ ഉൾപ്പെടുത്തിയാൽ മതിയെന്ന് രജനീകാന്ത് നിർദ്ദേശിച്ചു. രാഷ്ട്രീയ പ്രവേശനം കാതോർത്ത് വർഷങ്ങളായി ആരാധക സംഘടനയിൽ പ്രവർത്തിക്കുന്നവരെ ഒഴിവാക്കിയെന്നാണ് പരാതി. ആർഎസ്എസ് സൈദ്ധാന്തികൻ അർജുന മൂർത്തി, ഗുരുമൂർത്തി സോഷ്യലിസ്റ്റ് പശ്ചാത്തലമുള്ള തമിഴരുവി മണിയൻ എന്നിവരെ ഉൾപ്പടെയാണ് നേതൃസ്ഥാനത്ത് നിയമിച്ചിരിക്കുന്നത്.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ രജനീകാന്ത് തിരുവണ്ണാമലയിൽ നിന്നു മത്സരിക്കുമെന്നു സഹോദരൻ സത്യനാരാണയ റാവു. ദൈവ നിശ്ചയമുണ്ടെങ്കിൽ, രജനീകാന്തിന്റെ കന്നി തിരഞ്ഞെടുപ്പു മത്സരം തിരുവണ്ണാമലയിൽ നിന്നാകും- തിരുവണ്ണാമല അരുണഗിരി നാഥർ ക്ഷേത്രത്തിൽ രജനിക്കായി മൃത്യജ്ഞയ ഹോമം നടത്തിയ ശേഷം സത്യനാരായണ റാവു പറഞ്ഞു. രജനി മക്കൾ മൻട്രം ഭാരവാഹികളുമായി താരവും പാർട്ടി ഓവർസിയർ തമിഴരുവി മണിയൻ, ചീഫ് കോ-ഓർഡിനേറ്റർ അർജുന മൂർത്തി എന്നിവരും നടത്തിയ ചർച്ചയിൽ രജനീകാന്ത് രൂപീകരിക്കുന്ന പാർട്ടിയുടെ എല്ലാ സമിതികളിലും ചുരുങ്ങിയതു 5% വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്താൻ തീരുമാനിച്ചിരുന്നു. രജനി മക്കൾ മൻട്രം കൺവീനർ വി എം.സുധാകറും യോഗത്തിൽ പങ്കെടുത്തു. ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരുടെ പ്രാതിനിധ്യവും കമ്മിറ്റികളിൽ ഉറപ്പാക്കണമെന്നു നേതൃത്വം നിർദ്ദേശിച്ചു. ബൂത്ത് തല കമ്മിറ്റികളുടെ രൂപീകരണം പൂർത്തിയാക്കാൻ താരം നിർദ്ദേശം നൽകി. ബൂത്ത് തലം മുതൽ വനിതാ പ്രാതിനിധ്യമുറപ്പാക്കണം. ഇന്ന് 70-ാം ജന്മദിനാഘോഷത്തിനു ശേഷം രജനീകാന്ത് 14നു ഷൂട്ടിങ്ങിനായി ഹൈദരാബാദിലേക്കു തിരിക്കും. പിന്നീട് പാർട്ടി പ്രഖ്യാപിക്കുന്ന തീയതി അറിയിക്കുന്നതിനായിരിക്കും താരം തിരിച്ചെത്തുക. 31-നാണു തീയതി പ്രഖ്യാപനം.
മറുനാടന് മലയാളി ബ്യൂറോ