- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റാന്നിയിൽ രാജു എബ്രഹാമിന് ഇനിയൊരു ടേം കിട്ടുമോ? സുരേഷ് കുറുപ്പും പ്രദീപ് കുമാറും മത്സരിക്കുമോ? ജി സുധാകരനേയും തോമസ് ഐസക്കിനേയും എങ്ങനെ മെരുക്കും? രണ്ടുതവണ മത്സരിച്ചവരോ വിജയിച്ചവരോ മാറിനിൽക്കണമെന്ന വ്യവസ്ഥ കർശനമെന്ന് സിപിഎം കേന്ദ്ര നേതൃത്വം; ഇളവുകളിൽ തീരുമാനം പിണറായിയുടേത്
തിരുവനന്തപുരം: ജി സുധാകരൻ, തോമസ് ഐസക്, എ പ്രദീപ് കുമാർ, രാജു എബ്രഹാം, സുരേഷ് കുറുപ്പ്, എസ് ശർമ്മ..... സിപിഎമ്മിലെ മത്സരിക്കാൻ പാർട്ടി നയം മൂലം കഴിയാത്ത നേതാക്കളുടെ നീണ്ട നിരയുണ്ട്. എന്നാൽ പല മണ്ഡലത്തിലും ഇവർ തന്നെ മത്സരിച്ചില്ലെങ്കിൽ തോൽവി ഉറപ്പ്. സുരേഷ് കുറുപ്പും എസ് ശർമ്മയും എ പ്രദീപ് കുമാറും വിജയ സാധ്യത ഏറെയുള്ളവർ.
ഈ സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ അസാധാരണ സാഹചര്യവും വിജയസാധ്യതയും കണക്കിലെടുത്തുമാത്രം നിലവിലെ മാനദണ്ഡങ്ങളിൽ ഇളവനുവദിക്കാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്. അതേസമയം, രണ്ടുതവണ മത്സരിച്ചവരോ വിജയിച്ചവരോ മാറിനിൽക്കണമെന്ന വ്യവസ്ഥയിൽ കാര്യമായ ഇളവുകളുണ്ടാവില്ല. റാന്നിയിൽ രാജു എബ്രഹാം മത്സരിക്കുമോ എന്നതാണ് ഉയരുന്ന നിർണ്ണായക ചോദ്യം. റാന്നിയിലെ സീറ്റ് കേരളാ കോൺഗ്രസിന് നൽകാനാണ് നീക്കം. ഈ ഫോർമുല വിജയം കണ്ടില്ലെങ്കിൽ രാജു എബ്രഹാം തന്നെ റാന്നിയിൽ മത്സരിക്കും. വിജയസാധ്യതയുള്ള മറ്റ് സ്ഥാനാർത്ഥികൾ സിപിഎമ്മിൽ ഇല്ലാത്ത സാഹചര്യത്തിലാണ്.
കോഴിക്കോട്ടെ പ്രദീപ് കുമാറിന്റെ കാര്യവും അതു തന്നെ. ഏറ്റുമാനൂരിൽ സുരേഷ് കുറുപ്പും വിജയ സാധ്യത മാത്രമുള്ള സ്ഥാനാർത്ഥിയാണ്. കേരളാ കോൺഗ്രസ് ഇടതുപക്ഷത്തുള്ള സാഹചര്യത്തിൽ ഈ മണ്ഡലത്തിലെ തീരുമാനവും അതിനിർണ്ണായകമാണ്. ആലപ്പുഴയിൽ തോമസ് ഐസക്കിന് വീണ്ടും സീറ്റ് കിട്ടാൻ സാധ്യത കുറവാണ്. ജി സുധാകരന്റെ കാര്യത്തിൽ തീരുമാനം പിണറായി വിജയൻ എടുക്കും. മന്ത്രി ഇപി ജയരാജന്റെ കാര്യത്തിലും പ്രത്യേക തീരുമാനം എടുക്കേണ്ടതുണ്ട്.
കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകൾക്കുള്ള ചർച്ചയാണ് ശനിയാഴ്ച കേന്ദ്രകമ്മിറ്റിയോഗത്തിൽ തുടങ്ങിയത്. സഖ്യങ്ങളെക്കുറിച്ച് നേരത്തേ ധാരണയായതിനാൽ ഒരുക്കങ്ങളും രാഷ്ട്രീയ സാഹചര്യവുമാണ് കേന്ദ്രകമ്മിറ്റി വിലയിരുത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കർഷകപ്രക്ഷോഭം മുഖ്യവിഷയമായി ഉയർത്തിക്കാട്ടാൻ ധാരണയായി. സ്ഥാനാർത്ഥിനിർണയത്തിൽ പുതുതായി എന്തെങ്കിലും മാനദണ്ഡം കൊണ്ടുവരുന്ന കാര്യം പരിഗണനയിലില്ല. എന്നാൽ, അപൂർവസാഹചര്യം വിലയിരുത്തി സംസ്ഥാന ഘടകങ്ങൾ തീരുമാനമെടുത്താൽ കേന്ദ്രനേതൃത്വത്തിന്റെ അംഗീകാരമുണ്ടാവും. അതായത് കേരളത്തിലാകും തീരുമാനം.
ഗുരുതരമായ ക്രിമിനൽ കേസു നേരിടുന്നവർ, ക്രിമിനൽ പശ്ചാത്തലമുള്ളവർ, അഴിമതിക്കേസുകളിൽ പ്രതി ചേർക്കപ്പെട്ടവർ, ലൈംഗികപീഡനം പോലുള്ള ഗുരുതരമായ ആരോപണങ്ങളോ കേസുകളോ നേരിട്ടവർ എന്നിവരെ പൊതുവേ സ്ഥാനാർത്ഥികളായി പരിഗണിക്കേണ്ടതില്ലെന്നാണ് പാർട്ടിയുടെ മാർഗരേഖ. ഇക്കാര്യത്തിൽ ജാഗ്രത പുലർത്താൻ സംസ്ഥാന ഘടകങ്ങളോട് ആവശ്യപ്പെടും. വിജയ സാധ്യത മാത്രമാകും സ്ഥാനാർത്ഥി നിർണ്ണയത്തിലെ മാനദണ്ഡം. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാകും ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കുക.
തുടർഭരണമാണ് പിണറായിയുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ ഉറച്ച മണ്ഡലങ്ങളിൽ ഒഴികെ വിജയസാധ്യത നോക്കിയാകും തീരുമാനം എടുക്കുക. റാന്നിയിൽ എന്തു സംഭവിക്കുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. ഈ മണ്ഡലത്തിൽ രാജു എബ്രഹാം അഞ്ചു തവണ ജയിച്ചു കഴിഞ്ഞു. ആറാമത്തെ മത്സരത്തിന് രാജുവിന് അവസരമുണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. സംസ്ഥാന നേതൃത്വത്തിന് അത്ര താൽപ്പര്യമില്ലാത്ത നേതാവാണ് രാജു എബ്രഹാം. കോവിഡിൽ ഉൾപ്പെടെ സമർത്ഥമായി രാജു ഇടപെട്ടിരുന്നു. ഏറ്റുമാനൂരിൽ 2011ലും 2016ലും സുരേഷ് കുറുപ്പ് ജയിച്ചതാണ്. ഇവിടേയും ജനകീയനാണ് സുരേഷ് കുറുപ്പ്.
2006 മുതൽ കോഴിക്കോട് നോർത്തിലെ എംഎൽഎയാണ് പ്രദീപ് കുമാർ. പ്രദീപിന്റെ മത്സരത്തിലും പ്രത്യേക തീരുമാനം സംസ്ഥാന ഘടകം എടുത്തേക്കും. ഇത്തരത്തിൽ രണ്ടു തവണ എംഎൽഎമാരായ പലരും ഉണ്ട്. കണ്ണൂരിൽ മാനദണ്ഡം പാലിച്ച് സീറ്റ് നിർണ്ണയം നടത്തിയാൽ മന്ത്രി ഇ പി ജയരാജന് പോലും മാറി നിൽക്കേണ്ടി വരും. ജെയിംസ് മാത്യു അടക്കമുള്ളവർക്ക് അങ്ങനെ എങ്കിൽ സീറ്റ് നഷ്ടമാകും.
മറുനാടന് മലയാളി ബ്യൂറോ