ന്യൂഡൽഹി: ഏകീകൃത സിവിൽ നിയമത്തിനായുള്ള സ്വകാര്യ ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാതെ വീണ്ടും മാറ്റി. സിപിഎം എംപിമാർ എതിർത്ത് കത്ത് നല്കിയതോടെ രാജസ്ഥാനിൽ നിന്നുള്ള സ്വതന്ത്ര അംഗം കിരോഡിലാൽ മീണ ബിൽ അവതരിപ്പിക്കുന്നത് വീണ്ടും മാറ്റുകയായിരുന്നു. അതേ സമയം ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കാനുള്ള നിർദ്ദേശം ഇരുപത്തിരണ്ടാമത് നിയമ കമ്മീഷൻ പരിഗണിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു വ്യക്തമാക്കി. വെള്ളിയാഴ്ച ബിജെപി എംപി നിഷികാന്ത് ദുബെയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

ഏകീകൃത സിവിൽ നിയമത്തിനായുള്ള സ്വകാര്യ ബിൽ ഇതു മൂന്നാം തവണയാണ് അവതരിപ്പിക്കാതെ മാറ്റുന്നത്. രാജസ്ഥാനിൽ നിന്നുള്ള സ്വതന്ത്ര അംഗം കിരോഡിലാൽ മീണയുടെ സ്വകാര്യ ബില്ലിനെതിരെ എളമരം കരീം പരാതി നല്കുകയായിരുന്നു. രാജ്യത്തെ മതസൗഹാർദ്ദം തകർക്കുന്നതാവും ബില്ലെന്ന് എളമരം കരീം കത്തിൽ ചൂണ്ടിക്കാട്ടി. കോടതി വിധികളെക്കുറിച്ച് തെറ്റായ വ്യഖ്യാനമാണ് ബില്ലിലുള്ളതെന്നും എളമരം ആരോപിച്ചു. ബില്ലവതരിക്കാതെ കിരോഡിലാൽ മീണ ഇന്നും പിന്മാറി.

ഏകീകൃത സിവിൽ നിയമത്തെക്കുറിച്ച് പഠിക്കാൻ ഇരുപത്തിയൊന്നാം നിയമകമ്മീഷനെ കേന്ദ്രം ചുമതലപ്പെടുത്തിയിരുന്നു. ഇപ്പോൾ നിയമം കൊണ്ടു വരാനുള്ള സാഹചര്യം ഇല്ലെന്നായിരുന്നു വിശദമായ ചർച്ചയ്ക്കു ശേഷം കമ്മീഷന്റെ നിലപാട്. സമവായം ഇല്ലാതെ നിയമം കൊണ്ടു വരേണ്ടതില്ലെന്ന് കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞു. ഇതിനു ശേഷം 75000 പ്രതികരണങ്ങൾ സർക്കാരിനു കിട്ടി.

ഏകീകൃത സിവിൽ നിയമം വേണമെന്ന ഹർജികളിൽ ചില കോടതികൾ കേന്ദ്രത്തിന് നോട്ടീസ് അയയ്ക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഇതു വീണ്ടും നിയമകമ്മീഷന് വിടാനാണ് ആലോചന. 22ാം നിയമകമ്മീഷൻ ഇതുവര രൂപീകരിച്ചിട്ടില്ല. രൂപീകരണത്തിനു ശേഷം വിഷയം കമ്മീഷനു വിടുമെന്ന സൂചനയാണ് മന്ത്രി കിരൺ റിജിജു നല്കുന്നത്.

വിഷയത്തിന്റെ പ്രാധാന്യവും ഉൾപ്പെട്ടിരിക്കുന്ന സംവേദനക്ഷമതയും വിവിധ സമുദായങ്ങളെ നിയന്ത്രിക്കുന്ന വിവിധ വ്യക്തിനിയമങ്ങളിലെ വ്യവസ്ഥകളെക്കുറിച്ച് ആഴത്തിലുള്ള പഠനം ആവശ്യമാണെന്ന വസ്തുതയും കണക്കിലെടുത്താണ് നിയമ കമ്മീഷനെ സമീപിച്ചതെന്ന് റിജിജു പറഞ്ഞു. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിച്ച് ശുപാർശകൾ നൽകാനുള്ള നിർദ്ദേശം 21ാമത് ലോ കമ്മീഷനിലേക്ക് അയച്ചിരുന്നു. എന്നാൽ 21ാം നിയമ കമ്മീഷന്റെ കാലാവധി 2018 ഓഗസ്റ്റ് 31ന് അവസാനിച്ചു. വിഷയം 22ാം നിയമ കമ്മീഷൻ ഏറ്റെടുത്തേക്കാം. റിജിജു ദുബെയ്ക്ക് രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു.

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള നിയമം കൊണ്ടുവരുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് നിഷികാന്ത് ദുബെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ പ്രദേശത്തുടനീളം പൗരന്മാർക്ക് ഏകീകൃത സിവിൽ നിയമം ഉറപ്പാക്കാൻ ഭരണകൂടം ശ്രമിക്കണമെന്ന് ഭരണഘടനയുടെ 44ാം അനുച്ഛേദം വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഏകീകൃത സിവിൽ നിയമം
രാജ്യം മുഴുവൻ ഒരു പൊതു നിയമം പ്രദാനം ചെയ്യുന്നതാണ് ഏകീകൃത സിവിൽ കോഡ്. എല്ലാ മതവിഭാഗങ്ങൾക്കും അവരുടെ വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങളിൽ നിയമം ബാധകമായിരിക്കും. നിലവിൽ, വ്യത്യസ്ത മതങ്ങൾക്ക് വിവാഹം, വിവാഹമോചനം മുതലായവ നിയന്ത്രിക്കുന്നതിന് അവരുടേതായ വ്യത്യസ്ത നിയമങ്ങളുണ്ട്, ഉദാഹരണത്തിന്, ഹിന്ദു വിവാഹ നിയമം, ഹിന്ദു പിന്തുടർച്ചാവകാശ നിയമം, പാഴ്സി വിവാഹ, വിവാഹമോചന നിയമം, ഇന്ത്യൻ ക്രിസ്ത്യൻ വിവാഹ നിയമം.

ഏകീകൃത സിവിൽ കോഡിന്റെ ആവശ്യകത പരിശോധിക്കുമെന്നും വിഷയത്തിൽ ലോ കമ്മീഷനിൽ നിന്ന് റിപ്പോർട്ട് ലഭിച്ച ശേഷം വിവിധ കക്ഷികളുമായി കൂടിയാലോചന നടത്തുമെന്നും കേന്ദ്രം അടുത്തിടെ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

21ാം നിയമ കമ്മീഷൻ ഇക്കാര്യത്തിൽ വിശദമായ ഗവേഷണം നടത്തുകയും കുടുംബ നിയമത്തെക്കുറിച്ചുള്ള നിർദ്ദേശം സമർപ്പിച്ചതായും സത്യവാങ്മൂലത്തിൽ പറയുന്നു. അഭിഭാഷകനും ബിജെപി നേതാവുമായ അശ്വിനി കുമാർ ഉപാധ്യായ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജിയിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്. ബിജെപിയുടെ അടിസ്ഥാന വിഷയങ്ങളിൽ രാമക്ഷേത്രം, ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എന്നിവയ്ക്കു ശേഷം ഏകീകൃത സിവിൽ നിയമം കൂടി അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുമ്പ് പ്രാബല്യത്തിൽ എത്തുമോ എന്നതാണ് രാജ്യം അടക്കം ഉറ്റുനോക്കുന്നത്.