- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലവിലുള്ള സഭയ്ക്ക് ജനാഭിലാഷം പ്രകടിപ്പിക്കാനാകില്ലെന്ന വാദം പ്രസക്തമല്ല; രാജ്യസഭാ തിരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി; ഇലക്ഷൻ കമ്മീഷൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ സാധ്യത; ഉടൻ തെരഞ്ഞെടുപ്പ് നടത്തിയാൽ നേട്ടം സിപിഎമ്മിന്; ഏപ്രിൽ 21ന് മുമ്പ് തെരഞ്ഞെടുപ്പിന് സാധ്യത വീണ്ടും തെളിയുമ്പോൾ
കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി. ഇപ്പോഴത്തെ നിയമസഭാംഗങ്ങൾക്കാണ് വോട്ടവകാശമെന്നും ഹൈക്കോടതി വ്യക്തമാക്കി. സിപിഎമ്മും നിയമസഭാ സെക്രട്ടറിയും നൽകിയ ഹർജികൾ ഹൈക്കോടതി അംഗീകരിച്ചു. സർക്കാരിനും സിപിഎമ്മിനും അനുകൂലമാണ് തീരുമാനം. ഇതിനെതിരെ കമ്മീഷൻ സുപ്രീംകോടതിയെ സമീപിക്കാൻ സാധ്യത ഏറെയാണ്.
കേരളത്തിലെ തിരഞ്ഞെടുപ്പ് നീട്ടിവക്കാൻ കേന്ദ്ര നിയമ മന്ത്രാലയം ശുപാർശ ചെയ്‌തെന്നും പുതിയ നിയമസഭ രൂപീകരിച്ചശേഷം തിരഞ്ഞെടുപ്പ് മതിയെന്ന് നിയമോപദേശം ലഭിച്ചെന്നും കമ്മിഷൻ കോടതിയിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഏപ്രിൽ 21നാണ് നിലവിലെ മൂന്ന് അംഗങ്ങളുടെ കാലാവധി തീരുന്നത്. ഈ സാഹചര്യത്തിലാണ് ഉടൻ തെരഞ്ഞെടുപ്പ് നടത്തണമെന്ന ഉത്തരവ്.
നിലവിൽ ഒഴിവു വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് മെയ് രണ്ടിനകം തിരഞ്ഞെടുപ്പ് നടത്താനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. നിലവിലുള്ള നിയമസഭാംഗങ്ങൾക്കാണ് വോട്ടവകാശമെന്നും അവരാണ് മൂന്ന് രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കേണ്ടതെന്നുമാണ് ഹൈക്കോടതി ഉത്തരിട്ടിരിക്കുന്നത്. നേരത്തെ ഏപ്രിൽ 12നാണ് ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാൽ വിജ്ഞാപനം പുറപ്പെടുവിക്കുന്ന ദിവസം തിരഞ്ഞെടുപ്പ് നീട്ടി വെക്കാനുള്ള തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷൻ എടുക്കുകയായിരുന്നു. ഇതിനെതിരെയാണ് സിപിഎമ്മും നിയമസഭ സെക്രട്ടറിയും ഹൈക്കോടതിയെ സമീപിച്ചതും അനുകൂല ഉത്തരവ് നേടിയതും.
നിലവിലെ നിയമസഭയുടെ കാലത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ കേന്ദ്രവും തെരഞ്ഞെടുപ്പ് കമീഷനും നിരത്തുന്ന കാരണങ്ങൾ ജനപ്രാതിനിധ്യനിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാണെന്ന വാദം ഉയർന്നിരുന്നു. രാജ്യസഭാ അംഗങ്ങൾ വിരമിക്കുമ്പോൾ നിലവിലുള്ള നിയമസഭയാണ് പുതിയഅംഗങ്ങളെ തെരഞ്ഞെടുക്കേണ്ടതെന്ന് നിയമത്തിൽ സംശയാതീതമായി വിശദീകരിക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ഒരിടത്തും പറയുന്നില്ല. ഇതാണ് ഹൈക്കോടതി മുഖവിലയ്ക്ക് എടുക്കുന്നത്.
രാജിയോ മരണമോമൂലം ഒഴിവുവന്നാൽ ആറുമാസത്തിനകം തെരഞ്ഞെടുപ്പ് നടത്തിയാൽ മതി. ശേഷിക്കുന്നത് ഒരു വർഷത്തിൽ താഴെയാണെങ്കിലും തെരഞ്ഞെടുപ്പ് ഒഴിവാക്കാം. ആറു വർഷം പൂർത്തിയാക്കി അംഗങ്ങൾ വിരമിക്കുമ്പോൾ, കാലാവധി തീരുന്നതിന് മൂന്നു മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തണം. വിരമിക്കുന്ന വേളയിൽ നിലവിലുള്ള നിയമസഭയാണ് പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടത്. 1951 മുതൽ നിലനിൽക്കുന്ന വ്യവസ്ഥ ഇതാണ്. ഇതാണ് കോടതിയും അംഗീകരിക്കുന്നത്.
നിലവിലുള്ള സഭയ്ക്ക് ജനാഭിലാഷം പ്രകടിപ്പിക്കാനാകില്ലെന്ന വാദം പ്രസക്തമല്ല. നിയമമന്ത്രാലയത്തിന്റെ അഭിപ്രായം നിർബന്ധമായും നടപ്പാക്കാൻ തെരഞ്ഞെടുപ്പ് കമീഷന് ബാധ്യതയില്ല. ഭരണഘടനാവ്യവസ്ഥകൾ പ്രകാരം പ്രവർത്തിക്കേണ്ട ഏജൻസിയാണ് തെരഞ്ഞെടുപ്പ് കമീഷൻ എന്നും ഹർജിക്കാർ വാദം ഉന്നയിച്ചു. ഇതെല്ലാം അംഗീകരിക്കപ്പെട്ടു. മൂന്ന് അംഗങ്ങളിലെ ഒഴിവാണ് ഉള്ളത്. ഇപ്പോഴത്തെ നിയമസഭയിലെ അംഗ ബലം അനുസരിച്ച് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന് രണ്ട് പേരെ ജയിപ്പിക്കാം. പ്രതിപക്ഷത്തിന് ഒന്നും.
തെരഞ്ഞെടുപ്പിന് ശേഷം സഭ നിലവിൽ വരുമ്പോൾ അംഗ സംഖ്യ മാറും. അപ്പോൾ ഭരണതുടർച്ചയുണ്ടായില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ മുൻതൂക്കം അന്ന് ഭരണം നേടുന്നവർക്ക് ലഭിക്കും.
മറുനാടന് മലയാളി ബ്യൂറോ