- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷ പ്രതിഷേധം: രാജ്യസഭയ്ക്ക് ഇതുവരെ 60 മണിക്കൂർ 28 മിനിറ്റ് നഷ്ടമായി; ഈ ആഴ്ച എട്ട് ബില്ലുകൾ പാസാക്കി; കാര്യനിർവഹണ ശേഷി 24.2 ശതമാനമായി ഉയർന്നെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ഇതുവരെ രാജ്യസഭയുടെ മൊത്തം സമയമായ 78 മണിക്കൂർ 30 മിനിറ്റിൽ 60 മണിക്കൂറും 28 മിനിറ്റും നഷ്ടമായതായി റിപ്പോർട്ട്. അതേ സമയം മൂന്നാമത്തെ ആഴ്ച 8 ബിൽ കൂടി പാസാക്കിയതോടെ രാജ്യസഭയുടെ കാര്യനിർവഹണ ശേഷി 24.2 ശതമാനമായി ഉയർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
പെഗസസ് വിവാദം, കൃഷി നിയമങ്ങൾ തുടങ്ങിയവ ഉന്നയിച്ച് പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളിൽ സഭയുടെ പ്രവർത്തന സമയവും അതിലൂടെ 133 കോടിയിലധികം രൂപയും നഷ്ടമായെന്നു കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു.
രാജ്യസഭാ ഗവേഷണ വകുപ്പിന്റെ വിശകലനം അനുസരിച്ച്, ആദ്യ ആഴ്ച മികച്ച കാര്യനിർവഹണ ശേഷിയാണു സഭ രേഖപ്പെടുത്തിയത് 32.20 %. കഴിഞ്ഞ ആഴ്ച ഇത് 13.70 ശതമാനമായി കുറഞ്ഞു. ആദ്യ മൂന്ന് ആഴ്ചകളിൽ സഭയുടെ മൊത്തം കാര്യനിർവഹണ ശേഷി 22.60 ശതമാനമാണെന്നു രാജ്യസഭാ ഉദ്യോഗസ്ഥൻ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ജൂലൈ 19ന് സമ്മേളനം ആരംഭിച്ചതു മുതൽ പ്രതിപക്ഷ പ്രതിഷേധത്തിനു നടുവിലായിരുന്നു നടപടികൾ.
ഇടയ്ക്കിടെ സഭ തടസ്സപ്പെട്ടു, നിർത്തിവയ്ക്കേണ്ടതായും വന്നു. കഴിഞ്ഞ ആഴ്ച, 17 കക്ഷികളിൽ നിന്നുള്ള 68 അംഗങ്ങൾ ബിൽ പാസാക്കുന്നതിനു മുന്നോടിയായുള്ള ചർച്ചകളിൽ ഭാഗമായി. ബില്ലുകൾ പാസാക്കാൻ സഭ 3 മണിക്കൂർ 25 മിനിറ്റ് ചെലവഴിച്ചു. ഈ ആഴ്ചയിലെ മൊത്തം 28 മണിക്കൂർ 30 മിനിറ്റിൽ, ഒരു മണിക്കൂറും 41 മിനിറ്റും ചോദ്യോത്തരത്തിനായിരുന്നു. തടസ്സങ്ങൾ കാരണം മൊത്തം 21 മണിക്കൂർ 36 മിനിറ്റാണ് ഈ ആഴ്ച നഷ്ടപ്പെട്ടത്.
സമ്മേളനം ആരംഭിച്ചതുമുതൽ തുടർച്ചയായി ഉണ്ടായ തടസ്സങ്ങൾ കാരണം രാജ്യസഭയുടെ മൊത്തം സമയമായ 78 മണിക്കൂർ 30 മിനിറ്റിൽ 60 മണിക്കൂറും 28 മിനിറ്റും നഷ്ടമായി. ബാക്കിയുള്ള 17 മണിക്കൂർ 44 മിനിറ്റിന്റെ പ്രവർത്തന സമയത്തിൽ, സർക്കാർ ബില്ലുകൾക്കായി 4 മണിക്കൂർ 49 മിനിറ്റ്, ചോദ്യോത്തര വേളയ്ക്ക് 3 മണിക്കൂർ 19 മിനിറ്റ്, കോവിഡ് ചർച്ചയ്ക്ക് 4 മണിക്കൂർ 37 മിനിറ്റ് എന്നിങ്ങനെയാണു ചെലവഴിച്ചത്. 197 ശൂന്യവേളകളുടെയും 153 പ്രത്യേക പരാമർശങ്ങളുടെയും അവസരങ്ങൾ നഷ്ടപ്പെട്ടു.
ന്യൂസ് ഡെസ്ക്