ന്യൂഡൽഹി: മുത്തലാഖ് ബില്ല് പരിഗണിക്കുന്നതിനിടെ രാജ്യസഭയിൽ പ്രതിപക്ഷ ബഹളം. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഭരണപക്ഷം ഇത് ശക്തിയായി എതിർത്തു. തുടർന്ന് ഇരുവിഭാഗവും തമ്മിൽ വാഗ്വാദവുമുണ്ടായി. ഒടുവിൽ സഭ നിയന്ത്രിച്ചിരുന്ന പി.ജെ കുര്യൻ ഇന്നത്തേക്ക് സഭ പിരിയുകയാണെന്ന് അറിയിക്കുകയായിരുന്നു.

ലോക്‌സഭ പാസാക്കിയ ബിൽ സെലക്ട് കമ്മിറ്റിക്ക് വിടുന്നത് ചട്ടലംഘനമാണെന്ന് മന്ത്രി അരുണ് ജെയ്റ്റിലി സഭയെ അറിയിച്ചു. ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്കാണ് ബിൽ; രാജ്യസഭ ചർച്ചയ്‌ക്കെടുത്തത് കോൺഗ്രസാണ് ബിൽ സെലക്ട് കമ്മറ്റിക്കു വിടണമെന്ന് ആവശ്യപ്പെട്ടത്. ബിൽ വീണ്ടും നാളെ പരിഗണിക്കും.

ഒറ്റയടിക്ക് മൂന്നുതവണ തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തുന്നത് ക്രിമിനൽ കുറ്റമാക്കുന്നതും മൂന്നുവർഷം തടവ് വ്യവസ്ഥ ചെയ്യുന്നതുമായ ബിൽ ലോക്‌സഭ പാസാക്കിയിരുന്നു. പ്രതിപക്ഷത്തിന്റെ ഭേദഗതികൾ വോട്ടിനിട്ട് തള്ളിയ ശേഷമാണ് ലോക്‌സഭയിൽ പാസാക്കിയത്.

തുടർന്നാണ് ബിൽ രാജ്യസഭയിലെത്തിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചത്. വിഷയത്തിൽ ആറുമാസത്തിനുള്ളിൽ നിയമനിർമ്മാണം നടത്തണമെന്ന് സർക്കാരിന് കോടതി നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.