തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ അട്ടിമറയിലൂടെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി രണ്ട് പേരെ ജയിപ്പിച്ചെടുക്കാൻ ഇടതു മുന്നണിയിൽ നീക്കം സജീവം. മുൻ ചീഫ് വിപ്പ് പിസി ജോർജിനെ ഒപ്പം കൂട്ടിയാണ് സിപിഐയുടെ രാജനെ കൂടി രാജ്യസഭയിലെത്തിക്കാനുള്ള നീക്കങ്ങൾ നടത്തുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിപ്പ് ബാധകമല്ലെന്ന പഴുത് ഉപയോഗിച്ചാണ് നീക്കം. ജനതാദൾ യുണൈറ്റഡിന്റെ അതായത് വീരേന്ദ്രകുമാറിന്റെ പിന്തുണയോടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് നീക്കം.

രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയോ ഗവ. ചീഫ് വിപ്പോ നൽകുന്ന വിപ് ലംഘിച്ചാലും അയോഗ്യനാക്കാനാവില്ല. ഇതു സംബന്ധിച്ച സുപ്രീം കോടതി വിധികളും തെരഞ്ഞെടുപ്പു കമ്മിഷൻ ഇറക്കിയ വിശദീകരണവും ഇക്കാര്യം വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ ഇടതു പക്ഷത്തിന് ജോർജ് വോട്ട് ചെയ്താലും എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യത വരില്ല. വീരേന്ദ്രകുമാറിന്റെ ജനതാദള്ളും ഇടതു പക്ഷത്തുള്ള മാത്യു ടി തോമസിന്റെ ജനതയും ദേശീയ തലത്തിൽ ലയിച്ച് ഒറ്റ പാർട്ടിയായി കഴിഞ്ഞു. പാലക്കാട് ലോക്‌സഭാ സീറ്റിൽ തോറ്റാൽ വീരന് രാജ്യസഭാ സീറ്റ് നൽകാമെന്ന് യുഡിഎഫ് പറഞ്ഞിരുന്നു. അതും നടന്നില്ല. ഈ സാഹചര്യത്തിലാണ് വീരേന്ദ്രകുമാറിനെ അടർത്തിയെടുത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിൽ അട്ടിമറിക്ക് നീക്കം. ജോർജ്ജിന്റെ നീക്കങ്ങൾ ഫലം കണ്ടാൽ സർക്കാരിന് രാജിവയ്‌ക്കേണ്ടി വരും.

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഏതെങ്കിലും പാർട്ടിയിലെ വിപ് ലംഘിച്ചാൽ അത് അയോഗ്യതയ്ക്കു കാരണമാകുമോ എന്നു 2012ൽ രാഷ്ട്രപതി തെരഞ്ഞെടുപ്പുവേളയിൽ സംശയം ഉയർന്നപ്പോഴാണു 2012 ജൂലൈ 10നു തിരഞ്ഞെടുപ്പു കമ്മിഷൻ വിശദീകരണക്കുറിപ്പ് ഇറക്കിയത്. ഈ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനോ ചെയ്യാതിരിക്കാനോ വോട്ടർമാർക്കു സ്വാതന്ത്ര്യമുണ്ടെന്നു കമ്മിഷൻ വിശദീകരിക്കുന്നു. രാഷ്ട്രീയപ്പാർട്ടികൾക്ക് ഏതെങ്കിലും സ്ഥാനാർത്ഥികൾക്കു വേണ്ടി വോട്ട്പിടിക്കാം. എന്നാൽ രാഷ്ട്രീയകക്ഷികൾ അവരുടെ അംഗങ്ങൾക്ക് എന്തെങ്കിലും നിർദ്ദേശം നൽകുന്നത് ഇന്ത്യൻ ശിക്ഷാനിയമം 171 -സി വകുപ്പ് പ്രകാരം തെരഞ്ഞെടുപ്പിനെ അനാവശ്യമായി സ്വാധീനിക്കുന്നതിനു തുല്യമാകുമെന്നും കമ്മിഷൻ വ്യക്തമാക്കി.

രാജ്യസഭാ തിരഞ്ഞെടുപ്പിലും ഇതേ വ്യവസ്ഥകളാണു ബാധകം. ഭരണഘടനയുടെ പത്താം പട്ടികയിലാണു കൂറുമാറ്റക്കാർക്ക് അയോഗ്യത കൽപ്പിക്കുന്ന വ്യവസ്ഥകൾ. കുൽദീപ് നയ്യാർ വേഴ്‌സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിൽ, രാജ്യസഭാ തിരഞ്ഞെടുപ്പിൽ വിപ് ലംഘിക്കുന്നവർക്കു പത്താം പട്ടിക ബാധകമാവില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. എംഎൽഎമാർ വോട്ടർമാരായ രാജ്യസഭാ തെരഞ്ഞെടുപ്പു നിയമസഭയുമായി ബന്ധപ്പെട്ട പ്രവർത്തനമല്ലെന്നും അതു നിയമസഭയിലല്ല നടക്കുന്നതെന്നുമാണ് സുപ്രീം കോടതി നിരീക്ഷിണം. രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ഇലക്ടറൽ കോളജിൽ പാർലമെന്റിന്റെ രണ്ടു സഭകളിലെയും സംസ്ഥാന നിയമസഭയിലെ തെരഞ്ഞെടുക്കപ്പെട്ടവരുമാണ് അംഗങ്ങളെന്നും സഭയ്ക്കു പുറത്തു നടക്കുന്ന വോട്ടെടുപ്പ് സഭാനടപടികളുടെ ഭാഗമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അതുകൊണ്ട് ജോർജ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ചാലും അദ്ദേഹത്തിന് എംഎൽഎ സ്ഥാനം നഷ്ടപ്പെടില്ല. ജോർജ് വിപ് ലംഘിച്ചു വോട്ട് ചെയ്താൽ നടപടിയെടുക്കേണ്ടത് അദ്ദേഹത്തിന്റെ പാർട്ടിയാണ്. പാർട്ടിയിൽ നിന്നു പുറത്താക്കുകയെന്ന കടുത്ത നടപടി സ്വീകരിച്ചാൽ ജോർജിന് അത് ഗുണകരമാകും. എന്നാൽ നിയമസഭയ്ക്കകത്തു നടക്കുന്ന വോട്ടെടുപ്പിൽ വിപ് ലംഘിച്ചാൽ ജോർജിനെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത കൽപ്പിക്കാം. ഈ സാഹചര്യത്തിൽ ജോർജ് ഇടത് സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്നാണ് സൂചന. ഇതിനൊപ്പം ജനതാദൾ വീരേന്ദ്രകുമാർ പക്ഷം കൂടി മറുകണ്ടം ചാടിയാൽ യുഡിഎഫിന് കാര്യങ്ങൾ അനുകൂലമാകും. മൂന്ന് സ്ഥാനങ്ങളിലേക്കാണ് ഇ്തവണ തെരഞ്ഞെടുപ്പ്. യുഡിഎഫിൽ നിന്ന് വയലാർ രവിയും മുസ്ലിം ലീഗിൽ നിന്ന് അബ്ദുൾ വഹാബും മത്സരിക്കുന്നു. ഇടതു പക്ഷത്ത് നിന്ന് കെ കെ രാഗേഷും അഡ്വക്കേറ്റ് കെ രാജനും മത്സരിക്കുന്നു. ഏപ്രിൽ 20ന് ഒമ്പതു മുതൽ നാലുവരെയാണ് വോട്ടെടുപ്പ്. അഞ്ചുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും.

ഒന്നിലേറെ സ്ഥാനാർത്ഥികൾക്ക് മുൻഗണനാക്രമത്തിൽ ഒരേസമയം വോട്ട്‌ചെയ്യാൻ അവസരം നൽകുന്ന തെരഞ്ഞെടുപ്പുരീതിയാണ് രാജ്യസഭാ തെരഞ്ഞെടുപ്പിലുള്ളത്. ഒരാൾക്ക് 1, 2, 3 തുടങ്ങിയ മുൻഗണനാക്രമം നൽകി ആകെയുള്ള സ്ഥാനാർത്ഥികൾക്കെല്ലാം വോട്ട്‌ചെയ്യാം. ഇങ്ങനെ കിട്ടുന്ന വോട്ടിനെ ഒന്നാം വോട്ട്, രണ്ടാം വോട്ട്, മൂന്നാം വോട്ട് എന്നീ പേരിൽ വിളിക്കുന്നു. ഒരു നിശ്ചിത ഒന്നാം വോട്ട് കിട്ടുന്നവർ ആദ്യറൗണ്ടിൽത്തന്നെ വിജയിക്കും. പിന്നീട് രണ്ടാംവോട്ടും മൂന്നാം വോട്ടും മറ്റും പരിഗണിച്ച് വിജയിയെ നിർണയിക്കും. ജയിക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ ഒന്നാം വേട്ടിന്റെ എണ്ണം നിശ്ചയിക്കാൻ പ്രത്യേക സൂത്രവാക്യമുണ്ട്്. ആകെ വോട്ട് + 1 (സീറ്റിന്റെ എണ്ണം + 1) എന്നതാണ് ഈ കണക്ക്. ഇതിന് ഡ്രൂപ് ക്വോട്ട (Droop quota) എന്നുപറയും. കേരളത്തിൽനിന്ന് മൂന്ന് രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കേണ്ടിവന്നാൽ ഈ കണക്ക് ഉപയോഗിച്ചാണ് ഒന്നാംവോട്ട് നിശ്ചയിക്കുക. 139 എംഎൽഎമാരാണ് വോട്ടർമാർ. ജി കാർത്തികേയന്റെ മരണംമൂലം ഒരു ഒഴിവുണ്ട്.

അപ്പോൾ (139/3+1)+1 ആകും ജയിക്കാൻ ആവശ്യമായ കുറഞ്ഞ വോട്ട്. അതായത് കേരള നിയമസഭയിലെ 35 എംഎൽഎമാരുടെ വോട്ട് ആദ്യറൗണ്ടിൽത്തന്നെ ലഭിക്കുന്ന സ്ഥാനാർത്ഥികൾക്ക് രാജ്യസഭയിലെത്താം. (വോട്ട് രേഖപ്പെടുത്തുന്ന എംഎൽഎമാർ മാത്രമേ മൊത്തം വോട്ടിന്റെ കണക്കിൽ വരികയുള്ളു. ആരെങ്കിലും എത്താതിരുന്നാൽ ജയിക്കാൻ വേണ്ട ഒന്നാം വോട്ടിന്റെ എണ്ണത്തിൽ അതിനുസൃതമായ മാറ്റം വരും). വോട്ടെണ്ണുമ്പോൾ 35 വോട്ട് കിട്ടുന്നവരെ ആദ്യം വിജയിയായി പ്രഖ്യാപിക്കും. ഒഴിവ് പിന്നെയും ബാക്കിയാണെങ്കിൽ വോട്ടെണ്ണൽ തുടരും. വിജയിച്ചയാൾക്ക് 35 വോട്ടിൽ കൂടുതൽ കിട്ടിയിട്ടുണ്ടെങ്കിൽ ആ അധികവോട്ട് അയാൾക്ക് വോട്ട്‌ചെയ്തവർ രണ്ടാംവോട്ട് ആർക്കാണോ രേഖപ്പെടുത്തിയിരിക്കുന്നത് അവരുടെ വോട്ടായി മാറും. (ഇതേ രീതിയിൽ അവരുടെ മൂന്നാം വോട്ട് രണ്ടാംവോട്ടുമാകും). ഈ വോട്ടുകൾ ലഭിക്കുമ്പോൾ 35 വോട്ട് തികയുന്ന സ്ഥാനാർത്ഥിയെയും വിജയിയായി പ്രഖ്യാപിക്കും. പിന്നെയും ഒഴിവ് ബാക്കിയുണ്ടെങ്കിൽ വോട്ടെണ്ണൽ തുടരും. ആരും 35 വോട്ട് നേടാത്ത സ്ഥിതിവന്നാൽ ഏറ്റവും കുറഞ്ഞ വോട്ട് കിട്ടിയ ആളെ ഒഴിവാക്കും. ഇയാളുടെ രണ്ടാം വോട്ടും അവശേഷിക്കുന്ന സ്ഥാനാർത്ഥികൾക്കു മാറ്റും.

മൂന്നു സ്ഥാനാർത്ഥികൾ വിജയിക്കുംവരെ എണ്ണൽ തുടരും. ഡ്രൂപ് ക്വോട്ട (ജയിക്കാൻവേണ്ട കുറഞ്ഞ വോട്ട്) എന്നത് ഒഴിവുള്ള അത്രയും സ്ഥാനങ്ങൾ നികത്താൻ ആവശ്യമായ ഏറ്റവും കുറഞ്ഞ വോട്ടാണ്. അതായത് 139 അംഗങ്ങൾ വോട്ട്‌ചെയ്യുമ്പോൾ കുറഞ്ഞ ഒന്നാം വോട്ട് 34 എന്നു നിശ്ചയിച്ചാൽ നാലുപേർക്കുവരെ ആ വോട്ട് നേടാനാകും. (34x4 = 136). ഒരു സ്ഥാനാർത്ഥി കൂടുതലായി ജയിക്കാൻ അർഹത നേടും. എന്നാൽ, ഡ്രൂപ് ക്വോട്ടയുടെ സൂത്രവാക്യത്തിലൂടെയാകുമ്പോൾ മൂന്നുപേരെ മാത്രം ജയിപ്പിക്കാൻകഴിയുന്ന മിനിമം വോട്ട് കണ്ടെത്താനാകും (ശിഷ്ടം അവഗണിക്കും). മൂന്നുപേരെ തെരഞ്ഞെടുക്കാൻ 139 പേർ വോട്ട് ചെയ്യുമ്പോൾ 35 വോട്ട് വീതം നാലുപേർക്ക് കിട്ടില്ലല്ലോ. (35x4 = 140). ഈ സാഹചര്യത്തിൽ ജോർജ് പിണങ്ങിയാലും യുഡിഎഫിന് രണ്ട് പേരെ ജയിപ്പിച്ചെടുക്കാം. പിസി ജോർജ് ഉൾപ്പെടെ 73 പേരുടെ പിന്തുണയാണ് യുഡിഎഫിനുള്ളത്. ഇടതു പക്ഷത്ത് ഗണേശ് കുമാർ ഉൾപ്പെടെ 66ഉം. എന്നാൽ വീരേന്ദ്ര കുമാറും പിസി ജോർജും മാറി വോട്ട് ചെയ്താൽ യുഡിഎഫ് പിന്തുണ 70 ആകും. മറുപക്ഷത്ത് 69 ഉം. ഈ സാഹചര്യത്തിൽ ഒരു എംഎൽഎയെ കൂടി അടർത്തിയെടുക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. ഇതിലൂടെ രണ്ട് പേരെ ജയിപ്പിച്ചെടുക്കാൻ ഇടതു മുന്നണിക്കാകും. അതോടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് രാജിവയ്‌ക്കേണ്ട സാഹചര്യവും ഉണ്ടാകും.

സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യമായതിനാൽ അതീവരഹസ്യമായാണ് ഇടത് ചരട് വലികൾ നടക്കുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പിന് വിപ്പ് ബാധകമല്ലെന്ന ബോധ്യം എംഎൽഎമാരിൽ ഉണ്ടാക്കാനാണ് പ്രാഥമിക നീക്കം. ഇത് ഫലിച്ചാൽ അട്ടിമറി യാഥാർത്ഥ്യമാകുമെന്നാണ് പിസി ജോർജിന്റെ പക്ഷം. നിയമസഭയിൽ കോൺഗ്രസിന് 39 പേരുടെ അംഗബലം ഉണ്ട്. ഇതിൽ 35 ഒന്നാം വോട്ടുകൾ വയലാർ രവിക്ക് തന്നെ ലഭിക്കും. മുന്നണിയിലെ ബാക്കിയുള്ള കക്ഷികളും കോൺഗ്രസിന്റെ 4 പേരും മുസ്ലിം ലീഗിന്റെ അബ്ദുൾ വഹാബിന് ഒന്നാം വോട്ട് ചെയ്യും. ഈ സാഹചര്യത്തിൽ അട്ടിമറി നടന്നാൽ അത് ബാധിക്കുക അബ്ദുൾ വഹാബിന്റെ സാധ്യതകളെയാകും.