ന്യൂഡൽഹി: വിജയം ഉറപ്പുള്ള മൂന്നു രാജ്യസഭാ സീറ്റുകളെച്ചൊല്ലി ആംആദ്മി പാർട്ടിയിൽ തർക്കം. ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് അടുത്ത മാസം 16ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആരു മൽസരിക്കണമെന്നതുമായി ബന്ധപ്പെട്ട് എഎപിയിൽ തർക്കം രൂപപ്പെട്ടിരിക്കുന്നത്. എഴുപതംഗ ഡൽഹി നിയമസഭയിൽ മൃഗീയ ഭൂരിപക്ഷമുള്ള എഎപിക്ക് മൂന്നു സീറ്റിലേക്കും സ്വന്തം സ്ഥാനാർത്ഥികളെ വിജയിപ്പിച്ചെടുക്കാനുള്ള ശേഷിയുണ്ടെന്നിരിക്കെയാണ് അഭിപ്രായ ഭിന്നത കലശലായത്. ജനുവരി അഞ്ചിനാണ് രാജ്യസഭാ തിരഞ്ഞെടുപ്പിന് നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി.

അഭിപ്രായ ഭിന്നത രൂക്ഷമായതോടെ പൊതുസമ്മതരെന്ന നിലയിൽ രാജ്യസഭയിലേക്ക് മൽസരിക്കാൻ റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ, സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂർ എന്നിവരെ എഎപി ദേശീയ നേതൃത്വം ക്ഷണിച്ചതായാണ് റിപ്പോർട്ട്. അതേസമയം, ഇരുവരും താൽപര്യക്കുറവ് അറിയിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ കെജ്രിവാൾ തന്നെ മത്സരിക്കണമെന്നും അഭിപ്രായം ഉയരുന്നുണ്ട്.

രാജ്യസഭാ സീറ്റിനായി ശക്തമായി രംഗത്തുള്ള വിമത നേതാവ് കുമാർ വിശ്വാസിനെ മറ്റു നേതാക്കൾ എതിർക്കുന്നതാണ് എഎപിയിലെ തർക്കത്തിനു കാരണം. പാർട്ടിയിലെ ഒരു വിഭാഗം എംഎൽഎമാരുടെയും നേതാക്കളുടെയും പിന്തുണയുള്ള കുമാർ വിശ്വാസിന് സീറ്റു നിഷേധിച്ചാൽ അത് എഎപിയിൽ നിലവിലുള്ള തർക്കം കൂടുതൽ രൂക്ഷമാക്കുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ ഭയം.

ഈ സാഹചര്യത്തിലാണ് രാജ്യസഭാ സ്ഥാനാർത്ഥികൾക്കായുള്ള അന്വേഷണം രഘുറാം രാജനേപ്പോലുള്ള പൊതുസമ്മതരിലേക്ക് എത്തിയിരിക്കുന്നത്. അതേസമയം, എഎപിക്കായി അധ്വാനിക്കുന്ന മുതിർന്ന നേതാക്കളെത്തന്നെ പാർട്ടി നോമിനികളായി രാജ്യസഭയിലേക്ക് അയയ്ക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. മുതിർന്ന േനതാവ് സഞ്ജയ് സിങ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന അശുതോഷ് എന്നിവരുെട പേരുകളും പരിഗണനയിലുണ്ട്.