അഹമ്മദാബാദ്: ബംഗലൂരിൽ നിന്ന് അഹമ്മദാബാദിലെ ആനന്ദിലേയ്ക്ക്. റിസോർട്ടിൽ നിന്ന് റിസോർട്ടിലേയ്ക്ക്. രാജ്യസഭാ തെരഞ്ഞെടുപ്പു നാളെ നടക്കാനിരിക്കെ കോൺഗ്രസ് എം എൽ എമാരുടെ സുഖവാസം തുടരുകയാണ്. ഗുജറാത്തിൽ നിന്ന് കേൾക്കുന്നതൊന്നും കോൺഗ്രസിന് ശുഭകരമല്ല. പത്തു ദിവസത്തെ പത്തു ദിവസത്തെ ബംഗളൂരു ജീവിതത്തിനുശേഷം ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎമാർ നാട്ടിലെത്തിയെങ്കിലും അഹമ്മദ് പട്ടേലിന്റെ വിജയം ഉറപ്പിക്കാൻ കഴിയാത്ത അവസ്ഥയിലാണ് പാർട്ടി. ബംഗളൂരുവിൽനിന്നും 43 എം എൽ എ മാരെ അഹമ്മദാബാദിൽ എത്തിച്ച് കനത്ത സുരക്ഷയിൽ ഇവിടെത്തന്നെയുള്ള സ്വകാര്യ റിസോർട്ടിലേക്കു മാറ്റിയിരിക്കുകയാണ്. നാളത്തെ തെരഞ്ഞടുപ്പിൽ റിസോർട്ടിൽ ഇവരെ നേരിട്ട് നിയമസഭയിൽ എത്തിക്കാനാണ് പരിപാടി. കടുത്ത നിയന്ത്രണമാണ് റിസോർട്ടിൽ എംഎൽഎമാർക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. പുറത്തുനിന്ന് ആരെയും കാണാൻ അനുവദിക്കുന്നില്ല. കനത്ത സുരക്ഷാവലയത്തിലാണ് ഇവിടം.

ഇതേസമയം രാജ്യസഭാ തെരഞ്ഞെടുപ്പിൽ ആരെ പിന്തുണയ്ക്കണമെന്ന് എൻ സി പി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന പ്രഫുൽ പട്ടേലിന്റെ പ്രസ്താവന കോൺഗ്രസിനെ കൂടുതൽ കുഴക്കുന്നു. എൻ സി പി പഴയ യു.പി.എയുടെ ഭാഗമായിരുന്നെങ്കിലും ഇപ്പോൾ അത്തരം സഖ്യം നിലവിലില്ലെന്നും പ്രഫുൽ പട്ടേൽ പറഞ്ഞു. ശരത്പവാർ നേതൃത്വം നല്കുന്ന എൻ സി പി 2012 ലാണ് ഗുജറാത്തിൽ കോൺഗ്രസുമായി തെരഞ്ഞെടുപ്പു ധാരണയിൽ എത്തിയത്. നിലവിൽ രണ്ടു എം എൽ എ മാരാണ് ഗുജറാത്തിൽ പാർട്ടിക്കുള്ളത്.നിലവിലെ സാഹചര്യത്തിൽ എൻ സി പി നിലപാട് കോൺഗ്രസിന് വളരെ നിർണ്ണായകമാണ് . രാജ്യസഭ തെരഞ്ഞെടുപ്പിൽ ആരെ പിന്തുണയ്ക്കണമെന്നത് ശരത് പവാറുമായി ചർച്ച ചെയ്തേ തീരുമാനിക്കൂവെന്നും പ്രഫുൽ പട്ടേൽ പറയുന്നു.

വോട്ട് സംരക്ഷിക്കാൻ കോൺഗ്രസ് എംഎ‍ൽഎമാരെ ഒളിവിൽ പാർപ്പിച്ച കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ഇപ്പോഴത്തെ സാഹചര്യത്തിന്റെ പ്രധാന ഉത്തരവാദി ആ പാർട്ടി തന്നെയാണെന്നും പട്ടേൽ പ്രതികരിച്ചു.

നാലാം വട്ടവും രാജ്യസഭയിലേയ്ക്ക് എത്താൻ ശ്രമിക്കുന്ന അഹമ്മദ് പട്ടേലിന് 44 എംഎ‍ൽഎമാരുടെ പിന്തുണയാണ് വേണ്ടത്. കോൺഗ്രസിന്റെ പക്കൽ നിലവിൽ കൃത്യം 44 പേർ മാത്രമാണുള്ളത്. ഘടകകക്ഷിയിൽ നിന്നുള്ള ഓരോ വോട്ടും കോൺഗ്രസിന് വിലപ്പെട്ടതാണ്. ഈ സാഹചര്യത്തിലാണ് കോൺഗ്രസിനെ ഞെട്ടിച്ച് എൻ.സി.പി നിലപാട് വ്യക്തമാക്കിയത്.

നാളെയാണ് രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തവണ മൂന്നു പേർക്കാണ് ഗുജറാത്തിൽ നിന്നും രാജ്യസഭയിലേക്ക് എത്താൻ കഴിയുക. ഇതിൽ രണ്ടെണ്ണത്തിൽ ബിജെപി നേതാവ് അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും വിജയം ഉറപ്പിച്ചുകഴിഞ്ഞു. കോൺഗ്രസിന് അവകാശപ്പെട്ട സീറ്റിൽ അഹമ്മദ് പട്ടേലിനെ വീണ്ടും മത്സരിപ്പിക്കാൻ തീരുമാനിച്ച് വൈകാതെ ശങ്കർ സിങ് വഗേലയുടെ നേതൃത്വത്തിൽ 14 എംഎ‍ൽഎമാർ കോൺഗ്രസ് വിട്ടിരുന്നു.