ന്യൂഡൽഹി: ബിനീഷ് കോടിയേരിയുടെ മൊഴിയെടുക്കാൻ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കേരളത്തിലേക്ക് എത്തുമ്പോൾ സിപിഎമ്മിനെ ഭയപ്പെടുത്തുന്നത് രാകേഷ് അസ്താന എന്ന ഐപിഎസ് ഓഫീസർ. ഗുജറാത്ത് കേഡറിലുള്ള അസ്താന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതിവിശ്വസ്തനാണ്. ഇതിന്റെ പേരിൽ പലപ്പോഴും സിപിഎം വിമർശന മുനയിൽ നിർത്തിയ ഓഫീസറാണ് അസ്താന. രാകേഷ് അസ്താനയാണ് നിവലിൽ നർക്കോട്ടിക്‌സ് കൺ്‌ട്രോൾ ബ്യൂറോയുടെ തലവൻ.

സ്വർണ്ണകടത്ത് കേസിലെ അന്വേഷണം നിർണ്ണായക ഘട്ടത്തിലാണ്. പല വിധ വിവാദങ്ങൾ സർക്കാർ ഈ വിഷയത്തിൽ നേരിടുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ഈ കേസുകളുടെ അന്വേഷണം വിലയിരുത്തുന്നത്. രാകേഷ് അസ്താനയ്ക്കും ഡോവലുമായി അടുത്ത ബന്ധമുണ്ട്. അതുകൊണ്ട് തന്നെ ലഹരി കടത്തിന്റെ അന്വേഷണത്തെ സ്വർണ്ണ കടത്തുമായി ബന്ധിപ്പിക്കുമോ എന്ന ആശങ്ക കേരളത്തിലെ സിപിഎം നേതൃത്വത്തിനുണ്ട്. കേസിൽ പാർട്ടിയേയും സർക്കാരിനേയും പ്രതിക്കൂട്ടിലാക്കാണാണ് ഇതെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ അന്വേഷണത്തെ കരുതലോടെയാണ് ബിനീഷ് കോടിയേരിയും സമീപിക്കുന്നത്.

സിബിഐ മുൻ സ്പെഷ്യൽ ഡയറക്ടറായിരുന്നു രാകേഷ് അസ്താനയ ഇപ്പോൾ ബിഎസ്എഫ് ഡയറക്ടർ ജനറലാണ്. ഗുജറാത്ത് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ അസ്താന 2002-ലെ ഗോധ്ര സബർമതി എക്സ്പ്രസ് തീവെപ്പ് കേസ് അടക്കം നിരവധി കേസുകൾ അന്വേഷിച്ചിട്ടുണ്ട്. കാലിത്തീറ്റ കുംഭകോണ കേസിൽ 1997-ൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ അറസ്റ്റു ചെയ്തതും അദ്ദേഹമാണ്. സിവിൽ വ്യോമയാന സുരക്ഷാ ബ്യൂറോ (ബിസിഎഎസ്) ഡയറക്ടർ ജനറലായി പ്രവർത്തിച്ചുവരുന്നതിനിടെയാണ് ബിഎസ്എഫ് ഡയറക്ടർ ജനറലായി നിയമനം കിട്ടിയത്. ഇതിനൊപ്പമാണ് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഡയറക്ടർ ജനറലിന്റെ അധിക ചുമതലയും നൽകിയിട്ടുള്ളത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണിലുണ്ണിയായാണ് സിബിഐ ഉപഡയറക്ടറായ രകേഷ് അസ്താന അറിയപ്പെടുന്നത്. ഇതുതന്നെയാണ് അസ്താന ഗുജറാത്തിൽനിന്നു ഡൽഹിയിലേക്ക് എത്താനുള്ള പ്രധാന കാരണവും. 1984 ബാച്ച് ഗുജറാത്ത് കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥാനാണ് അസ്താന. 2016ൽ അനിൽ സിൻഹ വിരമിച്ച ഒഴിവിൽ സിബിഐയുടെ ഇടക്കാല ഡയറക്ടറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. 1994ൽ ആണ് അസ്താന സിബിഐയിൽ എത്തുന്നത്. ഗോദ്ര കലാപ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു അസ്താന. ഗുജറാത്ത് പൊലീസിൽ നീണ്ട കാലത്തെ സേവനവും ഇദ്ദേഹം അനുഷ്ഠിച്ചിട്ടുണ്ട്.

സിബിഐ മുൻ മേധാവി അലോക് വർമ്മയുമായുണ്ടായ ഏറ്റുമുട്ടലിന്റെ പേരിൽ അന്ന് സ്പെഷ്യൽ ഡയറക്ടറായിരുന്ന അസ്താനയുടെ പേര് വാർത്തകളിൽ ഇടംനേടിയിരുന്നു. പോര് രൂക്ഷമായതോടെ അലോക് വർമ്മയെ സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് പുറത്താക്കി. പിന്നാലെ അദ്ദേഹം സർവീസിൽനിന്ന് രാജിവെക്കുകയും ചെയ്തു. അസ്താനയേയും അന്ന് സിബിഐയിൽനിന്ന് മാറ്റിയിരുന്നു. ഈ വിവാദത്തിൽ അസ്താനയ്‌ക്കെതിരായ നിലപാടാണ് സിപിഎം സ്വീകരിച്ചിരുന്നത്. അതിശക്തമായ ഇടപെടലും സമരങ്ങളും അസ്താനയ്‌ക്കെതിരെ നടത്തുകയും ചെയ്തു. ഈ സാഹചര്യത്തിൽ അസ്താനയുടെ നേതൃത്വത്തിലെ അന്വേഷണ ഏജൻസി കേസ് അന്വേഷിക്കുന്നതിനെ ഗൗരവത്തോടെയാണ് സിപിഎം കാണുന്നത്.

സിബിഐ സ്പെഷ്യൽ ഡയറക്ടറായിരുന്ന അസ്താന അന്നത്തെ സിബിഐ മേധാവി അലോക് വർമയുമായുള്ള പരസ്യമായ ഏറ്റുമുട്ടലിന്റെ പേരിൽ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കൈക്കൂലി കേസിൽ ദീർഘകാലം അന്വേഷണം നേരിട്ട അസ്താനക്ക് ഫെബ്രുവരിയിൽ ഏജൻസിയിൽ നിന്ന് ക്ലീൻ ചിറ്റ് ലഭിച്ചു. ഹൈദരാബാദ് വ്യവസായി സതീഷ് സന സമർപ്പിച്ച കേസിന്റെ അടിസ്ഥാനത്തിൽ 2018 ൽ അലോക് വർമയുടെ നേതൃത്വത്തിൽ സിബിഐ രാകേഷ് അസ്താനക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

അസ്താനയുമായുള്ള പോര് മുറുകിയതിനെ തുടർന്ന് അലോക് വർമ്മയെ സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് പുറത്താക്കുകയും പിന്നാലെ അദ്ദേഹം സർവീസിൽനിന്ന് രാജിവെക്കുകയും ചെയ്തിരുന്നു. അസ്താനയെ അന്ന് സിബിഐയിൽ നിന്ന് മാറ്റുകയും പിന്നീട് ബി.സി.എ.എസ് ഡയറക്ടർ ജനറലായി നിയമിക്കുകയുമായിരുന്നു. കോഴക്കേസിൽ രാകേഷ് അസ്താനയ്‌ക്കെതിരെ തെളിവില്ലെന്ന് സിബിഐ കോടതി വിധിച്ചിരുന്നു.

അസ്താനയ്ക്കും ഡി.എസ്‌പി ദേവേന്ദ്ര കുമാറിനും ക്ലീൻ ചിറ്റ് നൽകിയ സിബിഐ തീരുമാനം റോസ് അവന്യൂ കോംപ്ലക്സ് സ്പെഷ്യൽ സിബിഐ കോടതി അംഗീകരിച്ചു. മനോജ് പ്രസാദ് എന്നയാൾക്കെതിരായ കുറ്റപത്രം അംഗീകരിക്കുന്നതിനിടെയാണ് കോടതിയുടെ തീരുമാനം എടുത്തത്. രാകേഷ് അസ്താന, ദേവേന്ദ്ര കുമാർ എന്നിവർക്കെതിരായ ആരോപണം തെളിയിക്കുന്നതിൽ മതിയായ രേഖകളില്ലെന്ന് സ്പെഷ്യൽ ജഡ്ജി സഞ്ജീവ് അഗർവാൾ പറഞ്ഞു. അലോക് വർമ്മയ്ക്കു വേണ്ടി തനിക്കെതിരെ വ്യാജമായി കേസെടുത്തതാണെന്ന് രാകേഷ് അസ്താന തുടക്കം മുതൽ പറഞ്ഞിരുന്നു.

2018 ഒക്ടോബറിൽ ദുബായിലെ മനോജ് പ്രസാദിനെ സിബിഐ അറസ്റ്റ് ചെയ്തതോടെയാണ് കേസിന്റെ തുടക്കം. ഒരാഴ്ച കഴിഞ്ഞ് ദേവേന്ദ്ര കുമാറിനെയും കസ്റ്റഡിയിലെടുത്തു. ക്രിമിനൽ ഗൂഢാലോചന, അഴിമതി, പെരുമാറ്റദൂഷ്യം, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് അസ്താനയ്ക്കെതിരെ കേസെടുത്തത്.

ലഹരിക്കടത്തു കേസിൽ പിടിയിലായ അനൂപ് മുഹമ്മദിനെ കാണാൻ ബിനീഷ് കോടിയേരി വന്നിട്ടുണ്ടെന്ന് പിതാവ് മുഹമ്മദ് ബഷീർ പറഞ്ഞു. അനൂപിന്റെ വെണ്ണലയിലെ വീട്ടിലാണ് ബിനീഷ് വന്നതെന്നും അനൂപ് മുഹമ്മദിന്റെ പിതാവ് പറഞ്ഞു. മകന് ബംഗളൂരുവിൽ ബിസിനസ് ആണെന്നാണ് പറഞ്ഞിരുന്നത്. ബിസിനസിൽ മകനെ സുഹൃത്തുക്കൾ സഹായിച്ചിരുന്നുവെന്നും മുഹമ്മദ് ബഷീർ പറഞ്ഞു. അതേസമയം മയക്കുമരുന്നു ഇടപാടിനെ കുറിച്ച് ഒന്നും അറിയില്ല. ബി എ പഠനത്തിന് ശേഷമാണ് അനൂപ് മുഹമ്മദ് ബംഗളൂരുവിലേക്ക് പോകുന്നത്. സുഹൃത്തുക്കളുടെ സഹായത്തോടെ അവിടെ ഹോട്ടൽ ആരംഭിച്ചു. വീട്ടിൽ നിന്നു ഒരു സാമ്പത്തിക സഹായവും നൽകിയിട്ടില്ലെന്നും പിതാവ് മുഹമ്മദ് ബഷീർ പറയുന്നു.

ജനുവരിയിലാണ് മകൻ അവസാനമായി വീട്ടിൽ വന്നിട്ട് പോകുന്നത്. മാധ്യമങ്ങളിലൂടെയാണ് മകനെ പറ്റിയുള്ള വാർത്തകൾ അറിഞ്ഞത്. തനിക്കും കുടുംബത്തിനും മകന്റെ ഇത്തരം പ്രവൃർത്തികളെ കുറിച്ചു ഒന്നും അറിയില്ലെന്നും മുഹമ്മദ് ബഷീർ പറഞ്ഞു. ലഹരിക്കടത്ത് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ഫോൺ രേഖ പുറത്ത്. ബിനീഷ് കോടിയേരിയുമായി അനൂപ് നിരവധി തവണ വിളിച്ചത് ഫോൺ രേഖയിലുണ്ട്. കഴിഞ്ഞ മാസം ഒന്നാം തീയതിക്കും പത്തൊൻപതാം തീയതിക്കുമിടയിൽ എട്ട് തവണയാണ് ബിനീഷ് കോടിയേരിയെ വിളിച്ചത്. കഴിഞ്ഞ മാസം 1,13,19 തീയതികളിൽ സംസാരിച്ചതിന്റെ ഫോൺ രേഖയാണ് പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ മാസം 21 നാണ് അനൂപ് അറസ്റ്റിലാകുന്നത്. പൊലീസ് പിടിയിലാകുന്നതിന് രണ്ട് ദിവസം മുൻപും അനൂപ്, ബിനീഷ് കോടിയേരിയുമായി സംസാരിച്ചു. ഓഗസ്റ്റ് 19 ന് മാത്രം അഞ്ച് തവണയാണ് വിളിച്ചത്. ഓഗസ്റ്റ് പതിമൂന്നിന് എട്ട് മിനിട്ടിലേറെ ഇരുവരും സംസാരിച്ചു. ഇത് വ്യക്തമാക്കുന്നതാണ് ഫോൺ രേഖ. ബാംഗളൂരവിൽ അറസ്റ്റിലായ മയക്കുമരുന്ന് മാഫിയയുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസാണ് രംഗത്തെത്തിയത്. മയക്കുമരുന്ന് മാഫിയക്ക് വേണ്ടി പണം മുടക്കിയത് ബിനീഷ് കോടിയേരിയാണെന്നും കച്ചവട കേന്ദ്രമായി പ്രവർത്തിച്ച ഹോട്ടലിൽ ബിനീഷ് കോടിയേരി നിത്യ സന്ദർശകനായിരുന്നുവെന്നും ഫിറോസ് ആരോപിച്ചിരുന്നു.

ആരോപണങ്ങൾക്ക് മറുപടിയുമായി ബിനീഷ് കോടിയേരിയും രംഗത്തെത്തിയിരുന്നു. അനൂപ് മുഹമ്മദിനെ വർഷങ്ങളായി അറിയാമെന്നും എന്നാൽ ഇത്തരത്തിലൊരു വ്യക്തിയാണ് അനൂപ് എന്ന് അറിയില്ലായിരുന്നുവെന്നുമായിരുന്നു ബിനീഷിന്റെ പ്രതികരണം.