ഷിംല: സിപിഎമ്മിലെ തൊഴിലാളി മുഖമാണ് രാകേഷ് സിംഘ. ഹിമാചലിലെ സിഐടിയു നേതാവ്. സിപിഎം കേന്ദ്ര കമ്മറ്റി അംഗം. മുതലാളിത്ത രാഷ്ട്രീയത്തെ മടയിൽ പോയി എതിർക്കുന്ന നേതാവ്. ജെയ്പീയെന്ന വമ്പൻ കമ്പനിയോട് ജനപക്ഷത്ത് നിന്ന് യുദ്ധം പ്രഖ്യാപിച്ച സഖാവ്. അധോലോക ഗുണ്ടകലുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട സമൂഹ സേവകൻ വീണ്ടും നിയമസഭയിലേക്ക് ജയിച്ച് കയറുകയാണ്. അങ്ങനെ 2017ലെ അവസാന നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയികളുടെ പട്ടികയിൽ സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനവും എത്തുന്നു.

കിനൗറിലാണ് ജെയ്പീയുടെ ജല വൈദ്യുത പദ്ധതി. ഇതിനായുള്ള സ്ഥലം ഏറ്റെടുപ്പ് കർഷക പ്രതിഷേധങ്ങളെ വകവയ്ക്കാതെ മുന്നോട്ട് പോയി. ബിജെപിയും കോൺഗ്രസുമെല്ലാം കമ്പനിക്കൊപ്പമായിരുന്നു. വികസനത്തിനും വൈദ്യുതിക്ക് വേണ്ടി അവർ ശബ്ദമുയർത്തിയപ്പോൾ തളരാത്ത പോരാളിയായി രാകേഷ് സിഘ നിറഞ്ഞു. ഗ്രാമവാസികളെ കൂട്ടിയിണക്കി സമര കാഹളം മുഴക്കി. ഒടുവിൽ കൊലപാതക ശ്രമം. അതിന് ശേഷവും ഈ തൊഴിലാലി നേതാവിന്റെ പ്രതിഷേധം ഒടുങ്ങിയില്ല. ഒടുവിൽ ജനപക്ഷ തീരുമാനം എടുക്കാൻ സർക്കാർ നിർബന്ധിതരായി. പരിസ്ഥിതി പ്രശ്‌നങ്ങളും ചർച്ചയാക്കി. ജെയ്പീയ്‌ക്കെതിരായ സമരത്തിനിടെ നേതാവിനെ വണ്ടി ഇടിച്ചു കൊല്ലനായിരുന്നു ശ്രമം. ഇതിനെ അതിസാഹസികമായാണ് സിംഘ മറികടന്നത്.

അപകടത്തിൽ നേതാവിന് പരിക്കേറ്റിരുന്നു. സിപിഎം ഈ വിഷയം ദേശീയ തലത്തിൽ തന്നെ ചർച്ചയാക്കുകയും ചെയ്തിരുന്നു. കോൺഗ്രസുമായുള്ള ബന്ധവത്തോട് താൽപ്പര്യമില്ലാത്ത സിപിഎം നേതാവാണ് ഇദ്ദേഹം. കോൺഗ്രസുമായി നിരന്തര രാഷ്ട്രീയ പോരാട്ടം നടത്തിയാണ് ഷിംലയിൽ സിപിഎമ്മിന് സ്വന്തമായി അടിത്തറ അദ്ദേഹം സൃഷ്ടിച്ചെടുത്തത്. മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ സിപിഎം വിജയത്തിന് കാരണമായതും ഈ നേതാവിന്റെ സംഘടനാ മികവ് തന്നെ. ജനങ്ങൾക്കിടയിൽ ഇദ്ദേഹത്തിനുള്ള സ്വാധീനത്തിന് തെളിവാണ് വീണ്ടും നിയമസഭയിലേക്കുള്ള വിജയം.

സിപിഐ എം നേതൃത്വത്തിൽ നിരവധി കർഷക തൊഴിലാളി സമരങ്ങളാണ് ഹിമാചലിൽ നടന്നത്. തൊഴിലാളികളെ കൂടാതെ യുവാക്കൾക്കിടയിലും സ്വാധിനം വർധിപ്പിക്കാൻ പാർട്ടിക്ക് സാധിച്ചിട്ടുണ്ട്. പത്രിക സമർപ്പിക്കുന്നതിനോട് അനുബന്ധിച്ചു നടന്ന പ്രകടനത്തിൽ കർഷകരുടെയും സ്ത്രീകളുടെയും യുവാക്കളുടെയും വലിയ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. ഇതെല്ലാം വിജയമായത് രാകേഷ് സിംഘയുടെ നേതൃ മികവായിരുന്നു. ഇത് തന്നെയാണ് ഹിമാചൽ അസംബ്ലിയിൽ വീണ്ടും സിപിഎം പ്രാതിനിധ്യം ഉറപ്പാക്കുന്നത്. ജെയ്പിയുടെ

സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു സിംഘ. നിലവിൽ കേന്ദ്ര കമ്മറ്റി അംഗമായ അദ്ദേഹം വി എസ് അച്യുതാനന്ദൻ ശൈലിയിൽ പ്രവർത്തകരിലേക്ക് കത്തികയറുന്ന നേതാവ്. പോതുപ്രവർത്തനത്തിനിടെയിലും കൃഷിയാണ് വരുമാനമാർഗം. രാഷ്ട്രീയത്തെ വരുമാനമുണ്ടാക്കൻ ഉപയോഗിക്കാത്ത നേതാവും. കഴിഞ്ഞ തവണ തിയോഗിൽ ഈ നേതാവ് മികച്ച മത്സരം കാഴ്ച വച്ചിരുന്നു. എന്നാൽ കോൺഗ്രസ് തരംഗത്തിൽ അടിതെറ്റി. അതിന് ശേഷവും മണ്ഡലത്തിൽ സജീവമായി. പ്രശ്‌നങ്ങളെറ്റെടുത്ത് സാധാരണക്കാർക്കൊപ്പം നിന്നു. ഇത് തന്നെയാണ് ഇത്തവണ വിജയമൊരുക്കുന്നത്. ആപ്പിൾ കർഷകരുടെ സംഘടനാ നേതാവാണ് സിംഘ. ഹിമാചലിലെ അഴിമതികൾ പൊതു സമൂഹത്തിൽ ചർച്ചയാക്കുകയും ചെയ്തു.

രാകേഷ് സിംഗ കാൽ നൂറ്റാണ്ടിനു ശേഷമാണ് വീണ്ടും നിയമസഭയിലേക്ക് എത്തുന്നത്. 1993ൽ ഷിംലയിൽനിന്ന് നിയമസഭാംഗമായ രാകേഷ് സിംഗ ഇക്കുറി ജന്മനാട് ഉൾക്കൊള്ളുന്ന മണ്ഡലമായ തിയോഗിൽ നിന്നാണ് വിജയിച്ചത്. 2131 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാകേഷ് സിംഗയുടെ വിജയം. വോട്ട് എണ്ണിത്തുടങ്ങിയപ്പോൾ മുതൽ വ്യക്തമായ ലീഡ് സിപിഐ എം തിയോഗിൽ നേടിയിരുന്നു.കോൺഗ്രസിന്റെ മുതിർന്ന നേതാവ് വിദ്യ സ്റ്റോക്ക്‌സ് (90) നിലവിൽ പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണിത്. അഞ്ച് തവണ എംഎൽഎയായ താൻ ഇനി മത്സരിക്കുന്നില്ലെന്നും മുഖ്യമന്ത്രി വീരഭദ്രസിങ്ങിനുവേണ്ടി തിയോഗ് ഒഴിഞ്ഞുകൊടുക്കുകയാണെന്നും വിദ്യ പ്രഖ്യാപിച്ചിരുന്നു. തിയോഗിലെ ജനവികാരം മനസ്സിലാക്കിയ വീരഭദ്രസിങ് ഈ കെണിയിൽനിന്ന് ഒഴിഞ്ഞുമാറി. ഇതിനിടെ കോൺഗ്രസ് ഹൈക്കമാൻഡ് ദീപക് കുമാർ എന്ന സ്ഥാനാർത്ഥിയെ കെട്ടിയിറക്കി. അവസാനനിമിഷം, വിദ്യ സീറ്റിനുവേണ്ടി കിണഞ്ഞുശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഇതേതുടർന്ന്, വിദ്യയുടെ അനുയായികൾ കോൺഗ്രസ് പ്രചാരണത്തിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. ചില പ്രാദേശിക നേതാക്കൾ രാകേഷ് സിംഗയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു രണ്ടുതവണ സ്വതന്ത്രനായും ഒരിക്കൽ ബിജെപി ടിക്കറ്റിലും നിയമസഭാംഗമായ രാകേഷ് വർമയായിരുന്നു ബിജെപി സ്ഥാനാർത്ഥി. ഹിമാചൽപ്രദേശ് സർവകലാശാലയിൽ പഠിക്കവേ വിദ്യാർത്ഥിപ്രസ്ഥാനത്തിലൂടെ പൊതുരംഗത്തുവന്ന രാകേഷ് സിംഗയെ ഭരണവർഗ ശക്തികൾ നിരന്തരം വേട്ടയാടിയിട്ടുണ്ട്. ഒട്ടേറെ തവണ പൊലീസ് മർദനങ്ങൾക്ക് വിധേയനായി. കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചു. ഇത്രയും നാൾ അധ്വാനത്തിനു ന്യായമായ പ്രതിഫലം ലഭിക്കാത്തതിന്റെ ബുദ്ധിമുട്ടുകൾ മാത്രമായിരുന്നു ഇവിടത്തെ കർഷകർക്ക്. പെൺകുട്ടികളുടെ മാനത്തിനും ജീവനും വിലയില്ലാത്ത സ്ഥിതിയുമായി. ജൂലൈയിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയശേഷം മൃതദേഹം ഒളിപ്പിക്കാൻ ശ്രമിച്ച സംഭവം തിയോഗ് നിയമസഭാ മണ്ഡലത്തിൽ രോഷാഗ്‌നി പടർത്തി.

കേസിലെ പ്രതികളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചത്. ഇതിനെതിരെ രാകേഷ് സിംഗയുടെ നേതൃത്വത്തിൽ അതിശക്തമായ ജനകീയപ്രക്ഷോഭം അലയടിച്ചു. ഇതേതുടർന്ന് സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാന പൊലീസ് ഐജിയും എസ്‌പിയും അടക്കമുള്ള ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റുചെയ്തിട്ടുണ്ട്. ഇവർ ഇപ്പോൾ ജയിലിലാണ്. പെൺകുട്ടിയുടെ കുടുംബത്തിനു നീതി ലഭിക്കാനുള്ള പോരാട്ടം സമരസമിതി തുടരുകയാണ്. ഈ പോരാട്ടത്തിനുള്ള കരുത്ത് പകരാൻ കൂടിയുള്ളതാകണം തെരഞ്ഞെടുപ്പ് ഫലമെന്ന് രാകേഷ് സിംഗ പറഞ്ഞിരുന്നു. ഹിമാലയൻ മലനിരകളിൽ വ്യാപിച്ചുകിടക്കുന്ന വിശാലമായ ഈ മണ്ഡലത്തിലെ മുക്കിലും മൂലയിലും തെരഞ്ഞെടുപ്പ് വേളയിൽ ഉയർന്നത് ഒരേ മുദ്രാവാക്യമായിരുന്നു 'ഹമാരാ വിധായക് കൈസാ ഹോ? രാകേഷ് സിംഗ ജൈസാ ഹോ' (നമ്മുടെ എംഎൽഎ എങ്ങനെയാകണം? രാകേഷ് സിംഗയെപ്പോലെയാകണം).

13 സീറ്റുകളിലാണ് സിപിഐ എം ഇത്തവണ മത്സരിച്ചത്. അഴിമതിക്കുരുക്കിൽ നിൽക്കുന്ന കോൺഗ്രസിനും വർഗീയ കുപ്രചരണങ്ങൾ നടത്തുന്ന ബിജെപിക്കും എതിരെ മൂന്നാം ബദലായാണ് സിപിഐ എം സ്ഥാനാർത്ഥികൾ നിന്നത്. ഷിംലയിൽ നാല് സീറ്റിലും മണ്ഡിയിൽ മൂന്ന് സീറ്റിലും ഹമീർപൂരിൽ രണ്ട് സീറ്റിലൂം മത്സരിച്ചു. കുല്ലു, സോളൻ, സിർമോർ, ലാഹുൽ സ്പിറ്റി ജില്ലകളിൽ ഓരോ സീറ്റിലും മത്സരിക്കുന്നു. മണ്ഡിയിലും ഷിംലയിലും സിപിഐ എം മുൻപ് വിജയിച്ചിട്ടുണ്ട്.

ഇത്തവണ കുറഞ്ഞത് ഏഴ് മണ്ഡലങ്ങളിൽ ത്രികോണ മത്സരത്തിലേക്ക് എത്തിക്കാൻ സിപിഐ എമ്മിന് സാധിച്ചു. മറ്റ് മണ്ഡലങ്ങളിലും പാർട്ടിക്ക് വൻനേട്ടമുണ്ടാക്കിയെന്നാണ് വിലയിരുത്തൽ.