കണ്ണുർ: കോതമംഗലത്ത് വെടിയേറ്റു കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി മാനസയ്ക്ക് പിറന്ന നാടിന്റെ യാത്രാമൊഴി. ഞായറാഴ്‌ച്ച രാവിലെ ഏഴരയോടെ കണ്ണൂർ എ.കെ.ജി ആശുപത്രി മോർച്ചറിയിൽ നിന്നും വീട്ടിലെത്തിച്ച മൃതദേഹത്തിൽ ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും അന്തിമോപാചാരമർപ്പിച്ചു.

ദുരന്തത്തിന്റെ ആഘാതം താങ്ങാനാവാതെ നിലവിളികളോടെയാണ് മാതാപിതാക്കളും ബന്ധുക്കളും മാനസയുടെ ചേതനയറ്റ ശരീരം ഒരു നോക്കു കണ്ടത്. പിതാവ് മാധവൻ, അമ്മ സബീന സഹോദരൻ അശ്വന്ത് എന്നിവരുടെ ദുഃഖം കൂടി നിൽക്കുന്നവരുടെയും കണ്ണുകളെ ഈറനണിയിച്ചു.

അഴിക്കോട് എംഎ‍ൽഎ കെ.വി സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി തുടങ്ങിയവർ അന്തിമോപചരമർപ്പിച്ചു.തുടർന്ന് ഒൻപതരയോടെ മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിച്ചു. ഇന്നലെ രാത്രിയാണ് കളമശേരി മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കണ്ണുരിലെത്തിച്ചത്.

തുടർന്ന് എ.കെ.ജി സഹകരണാശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു. മാനസയെ വെടിവെച്ചുകൊന്ന രാഖിലിന്റെ മൃതദേഹം ഞായറാഴ്‌ച്ച രാവിലെ പാലയാട് മേലുർ കടവിലെ രാഹുൽ നിവാസിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് പിണറായി പഞ്ചായത്തിലെ പന്തക്കപ്പാറ പൊതുശ്മശനത്തിൽ സംസ്‌കരിച്ചു

സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് അന്വേഷണത്തിന് റൂറൽ എസ്‌പി. കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. കോതമംഗലം എസ്‌ഐ. മാർട്ടിന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച പുലർച്ചയോടെ കണ്ണൂരിലെത്തി. മേലൂരിലെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. സംഭവത്തിനു ദൃക്‌സാക്ഷികളായ സഹപാഠികളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. മാനസയുടെ മൊബൈൽ ഫോൺ പരിശോധിച്ചുവരുകയാണ്.

കണ്ണൂരിലെത്തിയ സംഘം കളക്ടറേറ്റിൽനിന്ന് തോക്കിന്റെ ലൈസൻസ് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കും. മാനസയുമായുള്ള പ്രണയബന്ധം തകർന്നതിലുള്ള മനോവിഷമമാണ് രാഖിലിനെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന ആദ്യ മൊഴികൾ. കൊലപാതകത്തിനുമുന്പ് രാഖിൽ എട്ടുദിവസത്തോളം കേരളത്തിനുപുറത്ത് തങ്ങിയതായി വിവരമുണ്ട്.

ഇതിനാൽ തോക്ക് തേടിയുള്ള അന്വേഷണം സംസ്ഥാനത്തിനുപുറത്തേക്കും വ്യാപിപ്പിക്കും. രാഖിലിന്റെ സമീപകാല യാത്രകളും ഫോൺരേഖകളും സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചുവരുന്നു. ഒരുമാസത്തോളമായി രാഖിൽ നെല്ലിക്കുഴിയിലാണ് തങ്ങിയിരുന്നത്.